കിടപ്പുരോഗികൾക്ക് നൂതന സഹായ ഉപകരണവുമായി മലയാളി യുവ ഗവേഷകർ
text_fieldsതൃശൂർ: നട്ടെല്ല് തകർന്ന് കിടപ്പിലാകുന്നവരെ ശുശ്രൂഷിക്കാൻ നൂതന സഹായ ഉപകരണവുമായി മലയാളി യുവ ഗവേഷകർ. അയ്യന്തോൾ വെഡിങ് വില്ലേജിൽ നടക്കുന്ന റീഹാബ് ടെക് എക്സ്പോയിൽ യൂനിക് എക്സോ എന്ന രാജ്യത്തെ തന്നെ ആദ്യ എക്സോ സ്കെലിട്ടൻ ഉപകരണവുമായാണ് മലയാളി ഗവേഷകരെത്തിയത്.
കിടപ്പുരോഗികളെ എഴുന്നേറ്റിരിക്കാനും നിൽക്കാനും നടക്കാനും പരിശീലിപ്പിക്കുന്നതാണ് ഈ സഹായ ഉപകരണം. ആദ്യഘട്ടത്തിൽ ട്രെയിനിങ് റീഹാബിലിറ്റേഷൻ ഉപകരണമായാണ് അവതരിപ്പിക്കുന്നത്. ഭിന്നശേഷിക്കാർക്കായുള്ള ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും ഉപയോഗിക്കാം. തുടർന്ന് രോഗാവസ്ഥ ഭേദമാകാത്തവർക്ക് വീട്ടിൽ ഉപയോഗിക്കാവുന്ന വിധമുള്ള ഉപകരണമായി മാറ്റുകയാണ് ലക്ഷ്യമെന്ന് ഗവേഷകരിലൊരാളായ വിഷ്ണു ശങ്കർ പറഞ്ഞു.
നിലവിൽ വിദേശത്തുനിന്ന് പ്രസ്തുത ഉപകരണം ഇറക്കുമതി ചെയ്ത് ഉപയോഗിക്കാൻ ഒന്നര കോടിയോളം രൂപ ചെലവ് വരും. ഇത് 10 മുതൽ 25 ലക്ഷം രൂപക്ക് ഇന്ത്യയിൽ നിർമിക്കാൻ കഴിയുമെന്ന് ഇവർ അവകാശപ്പെടുന്നു. കണ്ണൂർ വിമൽ ജ്യോതി എൻജിനീയറിങ് കോളജിലെ വിദ്യാർഥികളായിരുന്ന അലക്സ് എം. സണ്ണി, സിദ്ധാർഥ് ശിവ, റോബിൻ തോമസ്, ജിതിൻ വി. അജിത് എന്നിവരാണ് മറ്റ് ഗവേഷകർ.
ഇവരിലെ റോബിന്‍റെ മുത്തച്ഛൻ പെട്ടെന്ന് കിടപ്പിലായപ്പോഴുണ്ടായ മനോവിഷമമാണ് ഈ സഹായ ഉപകരണം നിർമിക്കാൻ പ്രചോദനമായത്. ഗവേഷണം തുടങ്ങിയത് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിലായിരുന്നു. നിലവിൽ പ്രവർത്തനം കൊച്ചി മെയ്‌കേഴ്സ് വില്ലേജിലാണ്. കേന്ദ്ര സർക്കാറിന്‍റെ ആസാദി കാ അമൃത് മഹോത്സവ് പരിപാടിയോടനുബന്ധിച്ച് സ്വദേശി മൈക്ര പ്രൊസസർ ചാലഞ്ച് അവാർഡും ഈ മലയാളി യുവ സംരംഭകർ നേടിയിട്ടുണ്ട്.
റീഹാബ് ടെക് എക്സ്പോ ഉന്നത വിദ്യഭ്യാസ, സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. കോർപറേഷന്‍ ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. ഷാജന്‍ അധ്യക്ഷത വഹിച്ചു. സിനിമ താരം അജയ്കുമാർ (ഗിന്നസ് പക്രു) മുഖ്യാതിഥിയായി. ഫയർ ചെയർമാൻ നിർമൽകുമാർ സ്വാഗതവും അരുൺകുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.