ബൈക്ക് തട്ടിയെടുത്ത് മാല പൊട്ടിക്കുന്നയാൾ അറസ്റ്റിൽ
text_fieldsചാലക്കുടി: ഓടിച്ചുനോക്കാനെന്ന വ്യാജേന ബൈക്ക് വാങ്ങി കടന്നുകളയുകയും മാല പൊട്ടിക്കുകയും ചെയ്ത ആളെ പൊലീസ് പിടികൂടി. തൃശൂർ തളിക്കുളം കച്ചേരിപ്പടി കാലാനി വീട്ടിൽ പ്രണവ്ദേവാണ് (27) അറസ്റ്റിലായത്.
കഴിഞ്ഞ 29ന് വൈകീട്ട് നാലിന് ആനമല ജങ്ഷനിൽ സാധനങ്ങൾ വാങ്ങാനെത്തിയ പരിയാരം സ്വദേശിയുടെ ആഡംബര ബൈക്ക് അപരിചിതനായ ഒരാൾ പരിചയം നടിച്ച് ഓടിച്ചുനോക്കാൻ വാങ്ങി അമിതവേഗത്തിൽ കടന്നുകളയുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, സമാന കുറ്റകൃത്യങ്ങൾ ചെയ്യുന്ന മുൻ ക്രിമിനലുകളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രണവിനെ പിടികൂടിയത്.പിടികൂടുന്നതിനിടെ രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ സാഹസിക നീക്കത്തിലൂടെയാണ് കസ്റ്റഡിയിലെടുത്തത്.
കുന്നംകുളത്ത് മറ്റൊരു യുവാവിനെ കബളിപ്പിച്ച് ബൈക്ക് തട്ടിയെടുത്തതായും ചോദ്യം ചെയ്യലിൽ തെളിഞ്ഞു. ആ ബൈക്കിെൻറ നമ്പർ പ്ലേറ്റിൽ വ്യത്യാസം വരുത്തി പുതുക്കാട് സ്റ്റേഷൻ പരിധിയിൽ നടന്നുപോവുകയായിരുന്ന യുവതിയുടെ മാല പൊട്ടിച്ചതായും കുറച്ച് നാളുകൾക്ക് മുമ്പ് എരുമപ്പെട്ടി ഭാഗത്തുനിന്നും ബുള്ളറ്റ് മോഷ്ടിച്ചതായും പ്രതി സമ്മതിച്ചു. വിവിധ ജില്ലകളിലായി 52 കേസുകളിൽ ഇയാൾ പ്രതിയാണ്.
ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നേതൃത്വത്തിൽ സർക്കിൾ ഇൻസ്പെക്ടർ കെ.എസ്. സന്ദീപ്, സബ് ഇൻസ്പെക്ടർ എം.എസ്. ഷാജൻ, ക്രൈം സ്ക്വാഡ് അംഗങ്ങളായ റോയ് പൗലോസ്, പി.എം. മൂസ, വി.യു. സിൽജോ, എ.യു. റെജി, ഷിജോ തോമസ്, ചാലക്കുടി സ്റ്റേഷനിലെ എ.എസ്.ഐ ജി.ടി. ജോഷി, സി.പി.ഒമാരായ ടി.സി. ജിബി, സി. വിജയകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മുക്കുപണ്ടം പണയം വെച്ച് 36 ലക്ഷം രൂപ തട്ടിയയാൾ അറസ്റ്റിൽ
അന്തിക്കാട്: കാരമുക്ക് സഹകരണ ബാങ്കിെൻറ പടിയം ശാഖയിൽ മുക്കുപണ്ടം പണയം വെച്ച് 36.57 ലക്ഷം രൂപ തട്ടിയ കേസിൽ പ്രതി പിടിയിൽ. കണ്ടശാംകടവ് സ്വദേശി തേക്കാനത്ത് വീട്ടിൽ ടി.ആർ. ആേൻറായെ (49) ആണ് അന്തിക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. 22 തവണയായാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
ബാങ്കിലെ പണയ ഉരുപ്പടികൾ അപ്രൈസർ പരിശോധിച്ചപ്പോഴാണ് മുക്കുപണ്ടമാണെന്ന് കണ്ടെത്തിയത്. ബാങ്കിെൻറ പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇയാൾ മൊബൈൽ ഫോൺ ഓഫാക്കി ഒളിവിൽ പോവുകയായിരുന്നു. ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജിൽനിന്ന് തിങ്കളാഴ്ച രാത്രിയാണ് പ്രതിയെ പിടികൂടിയത്. ഇയാൾക്ക് ഒളിത്താവളം ഒരുക്കിയ സുഹൃത്തിനെ കുടുക്കിയതോടെയാണ് അറസ്റ്റിന് വഴിതെളിഞ്ഞത്. ബാങ്കിന് നഷ്ടപ്പെട്ട തുക പിടിച്ചെടുക്കാൻ ആേൻറാ അടക്കമുള്ളവരുടെ വസ്തുവഹകൾ ഈടായി സ്വീകരിച്ച് മുതലും പലിശയും അടക്കം 37,34,633 രൂപ വസൂലാക്കിയിരുന്നു. ക്രമക്കേടിെൻറ പേരിൽ ബാങ്ക് മാനേജരെ സസ്പെൻറ് ചെയ്തിരുന്നു. അന്തിക്കാട് സി.ഐ പ്രശാന്ത് ക്ലിൻറ്, എസ്.ഐ എ.കെ. ശ്രീജിത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കെ.ബി. ഷറഫുദ്ദീൻ, സജയൻ, മാധവൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.