ജ്വല്ലറികളെ കബളിപ്പിച്ച് സ്വർണനാണയങ്ങൾ തട്ടിയ വിരുതൻ പിടിയിൽ
text_fieldsതൃശൂർ: തൃശൂരിലെ പ്രമുഖ ജ്വല്ലറികളിലേതടക്കം ജീവനക്കാരെ കബളിപ്പിച്ച് സ്വർണ നാണയങ്ങൾ തട്ടിയ വിരുതൻ പിടിയിൽ. കോഴിക്കോട് തിക്കോടി സ്വദേശി വടക്കെപുരയിൽ വീട്ടിൽ റാഹിൽ (28) ആണ് സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. നിരവധി കേസുകളിൽ പ്രതിയായ ഇയാൾ ജ്വല്ലറികളിലേക്ക് ഫോണിൽ വിളിച്ച് വലിയ കമ്പനിയുടെ എം.ഡിയാണെന്ന് സ്വയം പരിചയപ്പെടുത്തുകയാണ് ആദ്യം ചെയ്യുക.
കമ്പനി ജീവനക്കാർക്ക് സമ്മാനമായി നൽകാനാണെന്ന് പറഞ്ഞ് ഒരു പവൻ വീതമുള്ള സ്വർണ നാണയങ്ങൾ ഓർഡർ ചെയ്ത് അവിടത്തെ ഫൈവ് സ്റ്റാർ ഹോട്ടലിലേക്ക് എത്തിക്കാൻ പറയും. നാണയങ്ങളുമായി ഹോട്ടലിൽ എത്തുന്ന ജ്വല്ലറി ജീവനക്കാരെ കബളിപ്പിച്ച് മുങ്ങുകയാണ് ഇയാളുടെ രീതി.
ഇക്കഴിഞ്ഞ നവംബർ ഏഴിന് നഗരത്തിലെ ഒരു ജ്വല്ലറിയിലേക്ക് സമാന രീതിയിൽ വിളിച്ച് ഒരു പവന്റെ ഏഴ് സ്വർണനാണയങ്ങൾ ഹോട്ടലിൽ എത്തിക്കാൻ പറഞ്ഞു. ജീവനക്കാരെ എം.ഡിയുടെ പി.എ ആണെന്ന് പറഞ്ഞ് പരിചയപ്പെടുകയും ഹോട്ടൽ ലോബിയിലിരുത്തി റൂമിലുള്ള എം.ഡിയുടെ കൈയിൽനിന്ന് പണം വാങ്ങി വരാമെന്നും പറഞ്ഞ് ലിഫ്റ്റിൽ കയറി പോയ ഇയാൾ മുങ്ങുകയായിരുന്നു. തട്ടിപ്പിനിരയായ ജ്വല്ലറി ജീവനക്കാർ തൃശൂർ ഈസ്റ്റ് പൊലീസിൽ നൽകിയ പരാതിയിൽ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.
ജയിലിൽനിന്ന് ഇറങ്ങിയിട്ട് അഞ്ചുമാസം, തട്ടിയത് ലക്ഷങ്ങൾ
തൃശൂർ: 2019ൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി തട്ടിപ്പുകേസുകളിൽ ജയിൽശിക്ഷ അനുഭവിച്ച റാഹിൽ ഈ വർഷം ആഗസ്റ്റിലാണ് ജയിൽമോചിതനായത്. ജയിലിൽനിന്ന് ഇറങ്ങിയ ശേഷം സ്വർണനാണയങ്ങൾക്ക് പുറമെ മൊബൈൽ ഷോപ്പുകളിൽനിന്നും ലക്ഷങ്ങളുടെ മൊബൈൽ ഫോണുകളും തട്ടിയെടുത്തതായി കണ്ടെത്തി.
ഇക്കഴിഞ്ഞ നവംബർ രണ്ടിന് എറണാകുളം വൈറ്റിലയിലെ പ്രശസ്ത മൊബൈൽ ഷോപ്പിലേക്ക് ഫോണിൽ വിളിച്ച് കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പിന്റെ എം.ഡിയാണെന്ന് പരിചയപ്പെടുത്തി 10 ലക്ഷം രൂപയുടെ ഐഫോണുകളും വാച്ചുകളും തട്ടിയെടുത്തു.
ഒക്ടോബർ 10ന് കോഴിക്കോട് ഹോട്ടലിൽ ജോലിക്കാരനായി താമസിച്ച് അവിടെനിന്ന് അരലക്ഷത്തോളം രൂപയും, പതിനായിരങ്ങൾ വിലവരുന്ന മൊബൈൽ ഫോണും തട്ടിയെടുത്ത കേസും നിലവിലുണ്ട്. കൂടാതെ ഗൾഫിൽ ജോലി ശരിയാക്കിത്തരാമെന്ന് പറഞ്ഞ് ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് 85,000 രൂപ കവർന്നതായും കണ്ടെത്തിയിട്ടുണ്ട്.
ജയിലിൽനിന്ന് ഇറങ്ങിയ ശേഷം ഏഴ് പവൻ സ്വർണനാണയങ്ങളാണ് തട്ടിയെടുത്തത്. സ്വർണം വിറ്റുള്ള പണം ഉപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. ഒരു ദിവസത്തെ താമസത്തിനും ഭക്ഷണത്തിനും മാത്രം 30,000 രൂപയാണ് ചെലവഴിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.
അടുത്ത തട്ടിപ്പിന് പദ്ധതി തയാറാക്കുന്നതിനിടെ കോഴിക്കോട് ആഡംബര ഹോട്ടലിൽനിന്നാണ് തൃശൂർ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലാകുന്നത്. മലപ്പുറം വാഴക്കാട്, എറണാകുളം ജില്ലയിലെ മരട്, അങ്കമാലി, മുളവുകാട്, തിരുവനന്തപുരം ജില്ലയിലെ മ്യൂസിയം പൊലീസ് സ്റ്റേഷൻ, കോഴിക്കോട് ജില്ലയിലെ ചെലവൂർ എന്നിവിടങ്ങളിൽ തട്ടിപ്പുകേസുകൾ നിലവിലുണ്ട്.
കമീഷണർ അങ്കിത് അശോകന്റെ നിർദേശാനുസരണം തൃശൂർ ഈസ്റ്റ് ഇൻസ്പെക്ടർ പി. ലാൽകുമാർ, സബ് ഇൻസ്പെക്ടർമാരായ എ.ആർ. നിഖിൽ, കെ. ഉണ്ണികൃഷ്ണൻ, ഷാഡോ പൊലീസ് എസ്.ഐമാരായ എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, കെ. ഗോപാലകൃഷ്ണൻ, പി. രാഗേഷ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവരുൾപ്പെടുന്ന അന്വേഷണസംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.