മൂകാഭിനയത്തില്‍ ഹാട്രിക് നേട്ടവുമായി മണ്ണുത്തി ഡോണ്‍ ബോസ്കോ
text_fieldsഏറെ അപകടസാധ്യതയുള്ള വേദിയിലായിരുന്നു ഹയര്‍ സെക്കന്‍ഡറി വിഭാഗം മൂകാഭിനയം അരങ്ങേറിയത്. ടൗണ്‍ ഹാളില്‍ മാറ്റു വിരിക്കാതെ തയാറാക്കിയ വേദിയില്‍ ടീം അംഗത്തിന് പരിക്കേല്‍ക്കുക വരെ ചെയ്ത മത്സരത്തില്‍ കണ്ടത് ആവേശ പോരാട്ടമായിരുന്നു.
മത്സരം പുരോഗമിക്കുന്നതിനിടെ വീണ് കാല്‍മുട്ടിനാണ് മത്സരാര്‍ഥിക്ക് പരിക്കേറ്റത്. 12 ടീമുകള്‍ മാറ്റുരച്ച മത്സരത്തിൽ മണ്ണുത്തി ഡോണ്‍ ബോസ്കോ സ്കൂള്‍ എ ഗ്രേഡോടെ സംസ്ഥാനതലത്തിലേക്ക് തുടര്‍ച്ചയായ മൂന്നാംതവണയും യോഗ്യത നേടി. ഒമ്പതാം തവണയാണ് ഡോണ്‍ ബോസ്കോ സ്കൂള്‍ മൂകാഭിനയത്തില്‍ സംസ്ഥാന തലത്തില്‍ മത്സരിക്കാന്‍ പോകുന്നത്.
കൊല്‍ക്കത്തയിലെ മെഡിക്കല്‍ കോളജില്‍ നടന്ന ബലാത്സംഗവും ചമ്പല്‍ക്കാടുകളിലെ കൊള്ളക്കാരിയും പിന്നീട് ഇന്ത്യന്‍ പാര്‍ലമെന്റ് അംഗവുമായി മാറിയ ഫൂലന്‍ദേവിയുടെ ജീവിതവും ആസ്പദമാക്കി സ്ത്രീ സുരക്ഷയായിരുന്നു ഡോണ്‍ ബോസ്കോ സ്കൂളിന്റെ മൂകാഭിനയ പ്രമേയം. അധ്യാപകൻ അനീഷാണ് പരിശീലകന്. പ്ലസ് വണ്‍, പ്ലസ് ടു വിദ്യാര്‍ഥികളായ ഏഴുപേരായിരുന്നു ടീം അംഗങ്ങള്‍.
കോവിഡിന് ശേഷം തുടര്‍ച്ചയായ മൂന്നാംവര്‍ഷം ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന തലത്തിലേക്ക് പോകാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് അധ്യാപിക സുമിനി പറഞ്ഞു.
മികച്ച പരിശ്രമമായിരുന്നു മത്സരാര്‍ഥികളുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് വിധികര്‍ത്താക്കൾ പറഞ്ഞു. ആകെ ആറു ടീമുകള്‍ എ ഗ്രേഡ് നേടി.
അപ്പീൽ വഴി അരങ്ങ് തകർത്ത് ഒന്നാമതായി അസിൻ
പരാജയത്തെ മറികടന്ന് അപ്പീൽ മുഖേന വേദിയിലെത്തി നൃത്തമാടി നേടിയ വിജയത്തിന് ഇരട്ടിമധുരം. ഹയർസെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ നാടോടി നൃത്തത്തിലാണ് വില്ലടം ജി.എച്ച്.എസ് സ്കൂൾ പ്ലസ്ടു വിദ്യാർഥിനി പി.എസ്. അസിൻ ഒന്നാമതായത്.
വടക്കൻപാട്ടിലെ വീരവനിതയായ പൂമാതൈ പൊന്നമ്മയുടെ കഥ അവതരിപ്പിച്ചായിരുന്നു ഒന്നാംസ്ഥാന നേട്ടം.
ഉപജില്ലയിൽ നൽകിയ അപ്പീലിലൂടെ ജില്ലതലത്തിൽ മത്സരിക്കാനെത്തിയാണ് മിന്നുംപ്രകടനം കാഴ്ചവച്ചത്. പൂമാതൈയുടെ കഥ റീ കംപോസ് ചെയ്താണ് വേദിയിലെത്തിച്ചത്.
ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിൽ നാലുവയസ്സു മുതൽ തന്നെ അസിൻ പരിശീലനം തുടങ്ങിയിട്ടുണ്ട്. പത്താംക്ലാസിൽ പഠിക്കുമ്പോൾ സംസ്ഥാനതലത്തിൽ കുച്ചുപ്പുടിയിൽ എ ഗ്രേഡ് നേടി.
നാടോടിനൃത്തത്തിന് പുറമേ ഇക്കുറി ഭരതനാട്യം, കുച്ചുപ്പുടി എന്നിവയിലും മാറ്റുരക്കുന്നുണ്ട്. ഡോ. സജേഷ് എസ്. നായർ, കലാക്ഷേത്ര അമൽനാഥ് എന്നിവരാണ് ഗുരുക്കൻമാർ.
തൃശൂർ ജൂബിലി മിഷൻ ആശുപത്രി നഴ്സ് മണലിത്തറ പൂവത്തിങ്കൽ ജസീതയാണ് മാതാവ്.
നാടോടി നൃത്തത്തിൽ അപ്പീലടക്കം 13 പേർ മത്സര രംഗത്തുണ്ടായിരുന്നു. വയനാട് ദുരന്തം, കുറത്തി, മയിലാട്ടം, മകരക്കൊയ്ത്ത്, കോഴിപ്പോര്, കല്ലുകൊത്ത് എന്നിവയെല്ലാം വിഷയങ്ങളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.