കുരിയച്ചിറയിലെ മാലിന്യ പ്ലാന്റിലേക്ക് ഇന്ന് കോൺഗ്രസ് കൗൺസിലർമാരുടെ മാർച്ച്
text_fieldsതൃശൂർ: പ്രവർത്തനം സ്തംഭിച്ച തൃശൂർ കോർപറേഷന്റെ കുരിയച്ചിറയിലെ ജൈവ മാലിന്യ സംസ്കരണ പ്ലാന്റിലേക്ക് വെള്ളിയാഴ്ച കോൺഗ്രസ് കൗൺസിലർമാർ മാർച്ചും ധർണയും നടത്തും. രാവിലെ 11ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ ഉദ്ഘാടനം ചെയ്യുമെന്ന് കോർപറേഷൻ പ്രതിപക്ഷ കക്ഷി നേതാവ് രാജൻ ജെ. പല്ലൻ അറിയിച്ചു. ഈച്ച ശല്യം കൊണ്ട് പരിസരത്തെ വീട്ടുകാരും ബിസിനസ് സ്ഥാപനവും പൊറുതിമുട്ടുകയാണ്.
പ്ലാന്റിൽ ശുചീകരണ സംവിധാനം കാര്യക്ഷമമല്ലെന്ന് കൗൺസിലർ സുനിൽരാജ് ആരോപിക്കുന്നു. പൂരം കഴിഞ്ഞ ശേഷം നഗരത്തിൽനിന്ന് ശേഖരിച്ച ജൈവ മാലിന്യവും പൂരം പ്രദർശന നഗരിയിൽനിന്ന് ശേഖരിക്കുന്ന മാലിന്യവും എത്തിച്ചു. ഇതോടെ പ്ലാന്റിന്റെ പ്രവർത്തനം താറുമാറായി.
കുരിയച്ചിറ പ്ലാന്റിലേക്ക് മാലിന്യം കൊണ്ടുപോകുന്നത് താൽക്കാലികമായി തടസ്സപ്പെട്ടതോടെ നഗരത്തിൽ ഫ്ലാറ്റുകളിൽനിന്നും വീടുകളിൽനിന്നുമുള്ള കുടുംബശ്രീ ഹരിതകർമ സേനയുടെ ജൈവ മാലിന്യ ശേഖരണം അവതാളത്തിലായി.
ദിവസങ്ങളായി മാലിന്യം ശേഖരിക്കുന്നില്ല. ഈ നില തുടർന്നാൽ താമസക്കാർ റോഡരികിൽ മാലിന്യം നിക്ഷേപിക്കുന്ന പഴയ അവസ്ഥ തിരിച്ചെത്തും. വേനൽമഴ പെയ്താൽ ആ മാലിന്യം അഴുകി നഗരവും ദുരിതത്തിലാകും. കാര്യങ്ങൾ ഇങ്ങനെ പോകുമ്പോഴും കോർപറേഷന്റെ അനാസ്ഥക്ക് കുറവൊന്നുമില്ലെന്ന ആക്ഷേപം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.