എൻ.സി.പിയിൽ പൊട്ടിത്തെറി
text_fieldsതൃശൂർ: തൃശൂരിലെ നാഷനലിസ്റ്റ് കോൺഗ്രസ് പാർട്ടിയിൽ (എൻ.സി.പി) കൂട്ട രാജി. എൻ.സി.പി ഒല്ലൂർ ബ്ലോക്ക് പ്രസിഡന്റ് റോയ് പെരിഞ്ചേരി, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് ജില്ല പ്രസിഡന്റ് മാർട്ടിൻ വർഗീസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം അരുൺ കണിച്ചായി, മഹിള കോൺഗ്രസ് സംസ്ഥാന എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം മേരിപോൾ, നടത്തറ മണ്ഡലം പ്രസിഡന്റ് ചാക്കോ ജോർജ് എന്നിവരാണ് തൃശൂരിൽ വാർത്തസമ്മേളനത്തിൽ രാജി പ്രഖ്യാപിച്ചത്.
വിവിധ ബ്ലോക്ക് സെക്രട്ടറിമാരായ ജോബി ജോസ്, ലിജു ജോർജ്, സോണി, ബിജോയ്, ഡെഫിൻ റാഫി, സന്ധ്യ മാർട്ടിൻ, ധന്യ പയസ്, പി.ജെ. ബിജു, ജിന്റോ ജോസ്, ഗോഡ് വിൻ വിൽസൺ, കെ.ആർ. റാഫി, കെ.എ. വിൽസൺ എന്നിവരും പാണഞ്ചേരി മണ്ഡലം പ്രസിഡന്റ് സുരേന്ദ്രൻ, കൂർക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് അരുൺ ജോണി, ഒല്ലൂർ മണ്ഡലം പ്രസിഡന്റ് പയസ് അക്കര, നടത്തറ മണ്ഡലം പ്രസിഡന്റ് ചാക്കോ ജോർജ് എന്നിവരും രാജിവെച്ചതായി നേതാക്കൾ അറിയിച്ചു.
ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നിൽക്കാനാവാത്തതിനാലാണ് രാജിയെന്നും പാർട്ടി വിടുന്നവർ പറഞ്ഞു. അടുത്ത ദിവസങ്ങളിലായി ജില്ലയിലെ നാല് ബ്ലോക്ക് കമ്മിറ്റികളും പ്രവർത്തകരുമടക്കം നൂറോളം പേർ പാർട്ടിവിടുമെന്നും അറിയിച്ചു. കേരള ഡെമോക്രാറ്റിക് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുമെന്നുമാണ് രാജിവെച്ചവരുടെ പ്രഖ്യാപനം.
കോൺഗ്രസ് വിട്ട് പി.സി. ചാക്കോ എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയതോടെ കോൺഗ്രസിൽനിന്ന് വരുന്നവരെ കൂടെ കൂട്ടി പദവികൾ നൽകുകയും, പാർട്ടിയിൽതന്നെ കോക്കസുകളുണ്ടാക്കിയെന്നും ആക്ഷേപമുയർന്നിരുന്നു.
കോൺഗ്രസിൽ നിന്നെത്തിയ മോളി ഫ്രാൻസിസ് ആണ് നിലവിൽ എൻ.സി.പിയുടെ ജില്ല പ്രസിഡന്റ്. മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായിരുന്ന പി.ആർ. ഫ്രാൻസീസിന്റെ മകൾ എന്ന വിലാസത്തിനുമപ്പുറം രാഷ്ട്രീയ പ്രവർത്തന പാരമ്പര്യം പറയാനില്ലെന്നും വർഷങ്ങളായി പാർട്ടിക്കായി പണിയെടുത്തവരെ തഴഞ്ഞായിരുന്നു നിയമനമെന്നുമുള്ള ആക്ഷേപം സജീവമാണ്. ഒറ്റക്കും തെറ്റക്കും പ്രവർത്തകരും നേതാക്കളുമൊക്കെ വരുകയും പോവുകയും ചെയ്തിട്ടുണ്ടെങ്കിലും കൂട്ടരാജിയിൽ നേതൃത്വം അങ്കലാപ്പിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.