മറ്റത്തൂര്‍ കനാല്‍ കാടുമൂടുന്നു
text_fieldsകോടാലി: മറ്റത്തൂര്‍ ജലസേചന കനാലില്‍ പാഴ്ച്ചെടികളും മാലിന്യവും നിറയുന്നു. കനാലില്‍ വളര്ന്നുനില്ക്കുന്ന പാഴ്ച്ചെടികള് സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയാണ്. ചാലക്കുടി ജലസേചന പദ്ധതിയിലെ വലതുകര മെയിന്‍ കനാലിന്റെ ശാഖയായ മറ്റത്തൂര്‍ കനാലിന് 19 കിലോമീറ്റര്‍ നീളമാണുള്ളത്.
കോടശേരി പഞ്ചായത്തിലെ മാരാങ്കോടുനിന്ന് ആരംഭിച്ച് മറ്റത്തൂര്‍, പറപ്പൂക്കര പഞ്ചായത്തുകളുടെ അതിര്‍ത്തിയിലുള്ള മറ്റത്തൂര്‍ പടിഞ്ഞാറ്റുമുറി ചോങ്കുളത്തില് അവസാനിക്കുന്ന കനാലിന്റെ ഇരുവശങ്ങളിലും പാഴ്ച്ചെടികള് വളര്‍ന്നുനില്‍ക്കുകയാണ്. വിസ്തൃതമായ മറ്റത്തൂര്‍ പഞ്ചായത്തിന്റെ പകുതിയോളം പ്രദേശങ്ങളില്‍ വേനലിൽ ജലസേചനത്തിന് വെള്ളമെത്തുന്നത് മറ്റത്തൂര്‍ കനാലിലൂടെയാണ്. കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് നിലനിര്‍ത്തുന്നതും കനാല്‍വെള്ളമാണ്. ഇറിഗേഷന്‍ വകുപ്പ് നേരിട്ടാണ് നേരത്തേ വേനലിൽ കനാല്‍ വൃത്തിയാക്കിയിരുന്നത്. പിന്നീട് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിലവില്‍വന്നപ്പോള്‍ കനാല്‍ വൃത്തിയാക്കുന്ന ജോലി പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റെടുത്തു. വര്‍ഷത്തില്‍ രണ്ടുതവണ തൊഴിലുറപ്പ് തൊഴിലാളികള്‍ വൃത്തിയാക്കാനിറങ്ങിയതിന്റെ ഫലമായി കനാല്‍വെള്ളം സുഗമമായി ഒഴുകാന്‍ തുടങ്ങി. കനാലില്‍ വീണുകിടന്ന മാലിന്യവും മണ്ണും കോരിക്കളഞ്ഞ് വൃത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍ കനാല്‍ ബണ്ടുകളില്‍ വളര്‍ന്ന കുറ്റിച്ചെടികൾ വെട്ടിനീക്കിയിരുന്നു. എന്നാല്‍, കനാലുകളും തോടുകളും വൃത്തിയാക്കുന്ന പണികള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ചെയ്യുന്നത് വിലക്കിയതോടെ മറ്റത്തൂര്‍ കനാല്‍ മാലിന്യവും കാടും നിറഞ്ഞ് ശോച്യാവസ്ഥയിലായി.
കനാല്‍ വൃത്തിയാക്കുന്ന പണി വീണ്ടും ജലസേചന വകുപ്പ് അധികൃതര്‍ ഏറ്റെടുത്തു. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് വേനലിൽ കനാലിന്റെ അടിത്തട്ട് വൃത്തിയാക്കുന്നുണ്ടെങ്കിലും വശങ്ങളിലെ പാഴ്ച്ചെടികള് ശരിയായി നീക്കം ചെയ്യാത്തതിനാല്‍ മഴക്കാലമായാല്‍ കാടുമൂടുകയാണ്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് അടിത്തട്ടില്‍നിന്ന് കോരിയെടുക്കുന്ന ചളി ഇരുകരകളിലും കൂട്ടിയിടുന്നത് മഴയില്‍ തിരികെ കനാലിലേക്ക് വീഴുന്നു. മണ്കൂനകളില് കുറ്റിക്കാട് തഴച്ചുവളരുന്നത് കനാല്‍ ബണ്ടിലെ റോഡുകളിലൂടെ യാത്രചെയ്യുന്നവര്‍ക്കും ദുരിതമാകുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.