മഠത്തുംപടിയിൽ വെറുതെ ഒരു വില്ലേജ് കാര്യാലയം...
text_fieldsമാള: പൊയ്യ പഞ്ചായത്ത് 10ാം വാർഡ് മഠത്തുംപടിയിൽ പേരിനുമാത്രം ഒരു വില്ലേജ് ഓഫിസ്. ആവശ്യങ്ങളുമായി എത്തുന്നവർക്ക് ഒരു കാര്യവും ഇവിടെ സ്മാർട്ടായി അനുഭവപ്പെടില്ല. സ്വീകരണ വരാന്ത, ഫ്രണ്ട് ഓഫിസ്, ശുചിമുറി, അംഗപരിമിതർക്ക് പ്രത്യേക പ്രവേശന കവാടം എന്നിവയെല്ലാമുണ്ട്. സേവനങ്ങൾ ഇനി ഡിജിറ്റലാകുമെന്നും വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർക്ക് കാലതാമസമില്ലാതെ കാര്യങ്ങൾ നടക്കുമെന്നുമായിരുന്നു വാഗ്ദാനമെങ്കിലും എല്ലാം വെറുതെയായി.
പൊയ്യ, മഠത്തുംപടി, പള്ളിപ്പുറം എന്നീ വില്ലേജുകൾ ചേർന്ന പൊയ്യ ഗ്രൂപ്പ് വില്ലേജിൽനിന്ന് അടർത്തി മാറ്റിയതാണ് മഠത്തുംപടി വില്ലേജ്. നാട്ടുകാരനായ പടിയിൽ ജോൺസൺ തോമസ് വിട്ടുനൽകിയ 10 സെന്റിലത്താണ് കെട്ടിടം നിർമിച്ചത്. ഇ. ചന്ദ്രശേഖരൻ റവന്യൂ മന്ത്രിയായിരുന്ന കാലത്താണ് വില്ലേജ് ഓഫിസ് ഉദ്ഘാടനം ചെയ്തത്. ഗ്രൂപ്പ് വില്ലേജുകൾ വിഭജിക്കുമ്പോൾ പുതിയ ഉദ്യോഗസ്ഥ തസ്തിക വേണ്ടിവരും. എന്നാൽ അതിന് ധനവകുപ്പ് അനുമതി നൽകാത്തതാണ് ഈ വില്ലേജിന്റെ ദുരവസ്ഥക്ക് കാരണം.
മഠത്തുംപടി വില്ലേജ് നിവാസികൾക്ക് പൊയ്യ ഗ്രൂപ്പ് വില്ലേജ് ഓഫിസിൽ ബസ് മാർഗം എത്താൻ 12 കിലോമീറ്റർ യാത്ര ചെയ്യണം. ഇതിന് പരിഹാരമായാണ് പുതിയ ഓഫിസ് അനുവദിച്ചത്. മൂന്ന് വര്ഷമായിട്ടും സ്മാർട്ട് വില്ലേജ് ഓഫിസാകാത്തതിനെതിരെ പ്രതിഷേധമുണ്ട്. പൊതുപ്രവർത്തകൻ ഷാന്റി ജോസഫ് തട്ടകത്ത് ഇത് സംബന്ധിച്ച് സർക്കാറിന് പരാതി നൽകിയിരുന്നു.
മാസങ്ങൾക്ക് മുമ്പ് പൊയ്യ ഗ്രൂപ്പ് വില്ലേജ് ഓഫിസിന്റെ സബ് സെന്ററായി മഠത്തുംപടി വില്ലേജ് മാറ്റി. പുതിയ ഓഫിസിൽ വില്ലേജ് അസിസ്റ്റന്റിനെ വെച്ച് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിക്കുകയും ചെയ്തു.
പൊയ്യ വില്ലേജിൽനിന്ന് ഒരു ഉദ്യോഗസ്ഥനെ ഇവിടേക്ക് അയച്ചു. ഉച്ച വരെയാണ് ഇദ്ദേഹത്തിന്റെ ജോലി. ഇവിടെ കിട്ടുന്ന അപേക്ഷകൾ വാങ്ങി പൊയ്യ വില്ലേജിൽ എത്തിക്കണം. ഇത് മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.