കോപ്ലിപ്പാടം തടയണ ഷട്ടറുകള്‍ ഉയര്‍ത്തി; മറ്റത്തൂരില്‍ കുടിവെള്ള വിതരണം അവതാളത്തിൽ
text_fieldsമറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പമ്പ് ഹൗസും സമീപത്തെ പാടശേഖരവും
കോടാലി: വെള്ളിക്കുളം വലിയ തോട്ടിലെ കോപ്ലിപ്പാടം തടയണയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയതോടെ മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജല പദ്ധതിയുടെ പമ്പിങ് അവതാളത്തിലായി. പമ്പ് ഹൗസിലെ കിണറ്റില്‍ ജലവിതാനം താഴ്ന്നതാണ് ജലവിതരണത്തില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നത്. മറ്റത്തൂര്‍ കൃഷിഭവനു കീഴിലെ കോപ്ലിപ്പാടം പാടശേഖരത്തില്‍ നെല്ല് വിളഞ്ഞതിനെ തുടര്‍ന്നാണ് തടയണയിലെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. തടയണയില്‍ വെള്ളം സംഭരിച്ചുനിര്ത്തിയാല് പാടശേഖരത്തില്‍ വെള്ളം നിറയാനും കൊയ്ത്തുയന്ത്രം ഇറക്കാനും കഴിയാതെ വരും.
കൊയ്ത്തിനു തടസ്സമുണ്ടാതാരിക്കാനാണ് ഷട്ടര്‍ താഴ്ത്തി തടയണയിലെ ജലനിരപ്പ് കുറച്ചത്. എന്നാല്‍ തടയണയില്‍ സംഭരിച്ചുനിര്‍ത്തുന്ന വെള്ളത്തെ ആശ്രയിച്ചാണ് പാടശേഖരത്തോടു ചേര്‍ന്ന പമ്പ്ഹൗസിലെ കിണറില്‍ ജലവിതാനം നിലനിൽക്കുന്നത്. ഷട്ടര്‍ താഴ്ത്തിയതോടെ പമ്പ് ഹൗസ് കിണറ്റിലെ ജലവിതാനവും താഴ്ന്നു. ഇതുമൂലം തുടര്‍ച്ചയായി രണ്ടുമണിക്കൂര്‍ പോലും പമ്പിങ് നടത്താനാവാത്ത അവസ്ഥയാണെന്ന് രൂക്ഷമായ ജലക്ഷാമം അനുഭവിക്കുന്ന മുരിക്കുങ്ങല്‍ വാര്‍ഡിലെ പഞ്ചായത്തംഗം ലിന്റോ പള്ളിപറമ്പന്‍ പറഞ്ഞു.
മറ്റത്തൂരിലെ വ്യാപാര കേന്ദ്രങ്ങളായ കോടാലി, വെള്ളിക്കുളങ്ങര എന്നിവിടങ്ങളിലുള്‍പ്പെടെ ജനങ്ങള്‍ ഉപയോഗിക്കുന്നത് കഴക്കേ കോടാലിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റത്തൂര്‍ ശുദ്ധജല പദ്ധതിയില്‍ നിന്നുള്ള വെള്ളമാണ്. പമ്പിങ് അവതാളത്തിലായതിനെ തുടര്‍ന്ന് പഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളായ മുരിക്കുങ്ങല്‍, താളൂപ്പാടം, കൊള്ളിക്കുന്ന്, അമ്പനോളി, മാങ്കുറ്റിപ്പാടം, ശാന്തിനഗര്‍ പ്രദേശങ്ങളിലേക്ക് ശരിയായ തോതില്‍ വെള്ളമെത്തുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെട്ടു. കൊയ്ത്ത് പൂര്‍ത്തിയാകാതെ തടയണയുടെ ഷട്ടര്‍ ഉയര്‍ത്തി ജലം സംഭരിച്ചുനിര്ത്താനാകില്ലെന്നിരിക്കെ ഉയര്‍ന്ന പ്രദേശങ്ങളിലെ ജനങ്ങളുടെ ദുരിതം തുടരാനാണ് സാധ്യത.
മുന്‍ വര്‍ഷങ്ങളില്‍ ടാങ്കര്‍ ലോറികളില്‍ കുടിവെള്ളമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. പമ്പ് ഹൗസിന് നൂറുമീറ്റര്‍ മാത്രം അകലെയുള്ള വെള്ളിക്കുളം വലിയ തോടിനോടു ചേര്‍ന്ന് പുതിയ കിണര്‍ നിർമിച്ച് ജലവിതരണത്തിന് സംവിധാനമൊരുക്കിയാല്‍ വര്‍ഷം തോറും വേനല്‍ക്കാലത്ത് അനുഭവപ്പെടുന്ന പമ്പിങ് പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണാനാകുമെന്ന് നിർദേശമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.