മെഡിക്കൽ കോളജ്; വികസന സമിതി തീരുമാനം അട്ടിമറിച്ചതായി പരാതി
text_fieldsമുളങ്കുന്നത്തുകാവ്: ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗ തീരുമാനങ്ങൾ അട്ടിമറിച്ചതായി പരാതി. തൃശൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതി യോഗത്തിൽ എടുത്ത തീരുമാനങ്ങൾ അട്ടിമറിച്ച് വ്യാജ മിനിറ്റ്‌സ് അധികൃതർ തയാറാക്കിയതായി ആശുപത്രി വികസന സമിതി അംഗങ്ങൾ ഒപ്പിട്ട് കലക്ടർക്ക് പരാതി നൽകി. മെഡിക്കൽ കോളജിൽ വർഷങ്ങളായി നിലനിന്ന പത്രവിതരണം തടസ്സപ്പെടുത്തിയ ഉത്തരവിനെതിരെയും പത്രം വിതരണം ചെയ്യാനുള്ള സ്റ്റാൾ ടെൻഡർ ചെയ്യാനുള്ള അജണ്ടയ്ക്കെതിരെയും ആണ് യോഗത്തിൽ തീരുമാനമെടുത്തത്. നിലവിൽ നടക്കുന്നതുപോലെ സൗജന്യമായി പത്രവിതരണം നടത്തുന്നതിന് ആവശ്യമായ സാഹചര്യമുണ്ടാക്കണമെന്നാണ് ആശുപത്രി വികസന സമിതി യോഗം തീരുമാനിച്ചത്. മിനിറ്റ്സിൽ രേഖപ്പെടുത്തിയിട്ടുള്ളത് പത്ര വിതരണത്തിന് സ്റ്റാൾ ടെൻഡർ ചെയ്യണമെന്ന തീരുമാനമാണ്. ആ തീരുമാനം വ്യാജമാണ്. മെഡിക്കൽ കോളജ് ആശുപത്രിയിൽ നിലവിലിരുന്ന സബ് കമ്മിറ്റികൾ പുനഃസ്ഥാപിക്കണമെന്ന് തീരുമാനിച്ചിരുന്നെങ്കിലും മിനിട്സ് രേഖപ്പെടുത്തിയിട്ടില്ല.
വിവിധ വിഷയങ്ങളിൽ പുതിയ ജീവനക്കാരെ നിയമിക്കുമ്പോൾ ആശുപത്രി വികസന സമിതി അംഗങ്ങളെ ഉൾപ്പെടുത്തിയ ഇന്റർവ്യൂ കമ്മിറ്റി വഴി മാത്രമേ ജീവനക്കാരെ നിയമിക്കാൻ പാടുള്ളൂ എന്ന് യോഗം തീരുമാനിച്ചിരുന്നുവെന്നത് മിനിറ്റ്സ് രേഖപ്പെടുത്തിയിട്ടില്ല.
മെഡിക്കൽ ഗ്യാസ് പ്ലാന്റിലേക്ക് രണ്ട് ജീവനക്കാരെ നിയമിക്കാൻ തീരുമാനിച്ചെങ്കിലും ദിവസവേതനം തീരുമാനിച്ചിരുന്നില്ല. മിനിറ്റ്സിൽ ദിവസവേതനം രേഖപ്പെടുത്തിയത് നിയമവിരുദ്ധമാണ്. വ്യാജ തീരുമാനങ്ങൾ റദ്ദ് ചെയ്യണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ആശുപത്രി വികസന സമിതി അംഗങ്ങളായ, കെ.പി.സി.സി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്, ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി കെ. അജിത് കുമാർ, കേരള കോൺഗ്രസ് ജില്ല പ്രസിഡന്‍റ് സി.വി. കുര്യാക്കോസ്, ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഷാഹുൽ ഹമീദ്, ഭാരതീയ ജനത പാർട്ടി ജില്ല വൈസ് പ്രസിഡന്റ് ഐ.എൻ. രാജേഷ്, ജില്ല പഞ്ചായത്ത് അംഗം ജിമ്മി ചൂണ്ടൽ, പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് ആനി ജോസ്, വൈസ് പ്രസിഡന്‍റ് പി.വി. ബിജു, ഗ്രാമപഞ്ചായത്ത് അംഗം തോമസ് പുത്തിരി, സി.സി. ബാബുരാജ്, വി.ജെ. ജോയ്, ശശി പുളിക്കൻ തുടങ്ങിയവർ ഒപ്പിട്ട പരാതിയാണ് ജില്ല കലക്ടർക്ക് നൽകിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.