പാപ്പിനിവട്ടം സഹകരണ ബാങ്കിന്റെ ഔഷധ സസ്യ കൃഷി വ്യാപന പദ്ധതിക്ക് തുടക്കം
text_fieldsമതിലകം: കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹകരണത്തോടെ മതിലകം ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളുടെ ആഭിമുഖ്യത്തിൽ പാപ്പിനിവട്ടം സഹകരണ ബാങ്ക് നടപ്പാക്കുന്ന സുസ്ഥിര കാർഷിക വികസന പദ്ധതിക്ക് തുടക്കമായി. ഔഷധ സസ്യ കൃഷിയുടെ വിത്തിടൽ ഉദ്ഘാടനം ഇ.ടി. ടൈസൺ എം.എൽ.എ. നിർവഹിച്ചു.
മൂന്ന് ലക്ഷം കുറുന്തോട്ടി തൈകൾ ഉൽപാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതോടൊപ്പം മഞ്ഞൾ, കച്ചോലം, കൃഷ്ണ തുളസി, തിപ്പലി, ചെത്തി, കൊടുവേലി തുടങ്ങിയ ഔഷധ സസ്യങ്ങൾ കൃഷിചെയ്ത് കെ.എഫ്.ആർ.ഐ യുടെ സഹകരണത്തോടെ പ്രമുഖ ആയൂർവേദ മരുന്ന് കമ്പനികൾക്ക് വിൽപ്പന നടത്താനും ഉദ്ദേശിക്കുന്നു.
മതിലകം ഗ്രാമപഞ്ചായത്തിൽ 16 ാം വാർഡ് അംഗം ഇ.കെ. ബിജുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ രണ്ടു വർഷങ്ങളിലായി 100 ൽ പരം തൊഴിലുറപ്പു തൊഴിലാളികൾക്ക് വർഷംതോറും അയ്യായിരത്തിലധികം തൊഴിൽ ദിനങ്ങൾ നൽകി അഖിലേന്ത്യാതലത്തിൽ തന്നെ ശ്രദ്ധ നേടിയ പദ്ധതി ഗ്രാമപഞ്ചായത്തിലെ 17 വാർഡുകളിലേക്കും വ്യാപിപ്പിക്കും.
വീട്ടമ്മമാരായ വനിതകൾക്കു കൂടി സാമ്പത്തികനേട്ടം ഉണ്ടാക്കുകയും 2024-25 വർഷത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്ക് മുപ്പതിനായിരത്തിലധികം തൊഴിൽ ദിനങ്ങൾ ഉറപ്പു വരുത്തുകയും ലക്ഷ്യമാണ്.
കെ.എഫ്.ആർ.ഐ സീനിയർ സയന്റിസ്റ്റ് ഡോ. സുജനപാൽ, കൃഷി അസി.ഡയറക്ടർ അനില, ജില്ല പഞ്ചായത്തംഗം കെ.എസ്. ജയ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. രാജു, അംഗങ്ങളായ ഒ.എ. ജെൻട്രിൻ, കെ.കെ. സഗീർ, പ്രിയ ഹരിലാൽ, എന്നിവർ സംസാരിച്ചു. പാപ്പിനിവട്ടം ബാങ്ക് പ്രസിഡന്റ് സി.കെ ഗോപിനാഥൻ സ്വാഗതവും ഹേമലത ഗോപാലൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.