എട്ടു വർഷം; മാള അരവിന്ദന് സ്മാരകമായില്ല
text_fieldsമാള: എട്ടാം ചരമ വാർഷികത്തിലും നടൻ മാള അരവിന്ദന് സ്മാരകമായില്ല. സ്മാരകം നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മാള അരവിന്ദൻ ഫൗണ്ടേഷൻ സെക്രട്ടറി ഷാന്റി ജോസഫ് തട്ടകത്ത് മുഖ്യമന്ത്രിക്ക് നിവേദനം നൽകി.
പഞ്ചായത്ത് ഭരണസമിതിക്ക് നടപ്പാക്കാവുന്ന, മാള പഞ്ചായത്ത് ബസ് സ്റ്റാൻഡിനോ അദ്ദേഹത്തിന്റെ വീട്ടിലേക്ക് പോകുന്ന വടമ കിണർ റോഡിനോ പേര് നൽകണമെന്ന ആവശ്യം പോലും പരിഗണിച്ചില്ലെന്ന് ഫൗണ്ടേഷൻ കുറ്റപ്പെടുത്തി. കഴിഞ്ഞ സർക്കാറിന്റെ കാലത്തും സാംസ്കാരിക മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ബജറ്റിൽ ടോക്കൺ വെച്ചതല്ലാതെ നടപടി ഉണ്ടായില്ല.
വലിയപറമ്പിൽ സ്മാരകം നിർമിക്കാനുള്ള നിർദേശത്തിന് തുടർ നടപടി ഉണ്ടാകുന്നില്ല. മുസിരിസ് പൈതൃക പദ്ധതിയിൽ ഉൾപ്പെടുത്തി മാളക്കടവിൽ ഉചിതമായ സ്മാരകം നിർമിക്കണമെന്ന നിർദേശവും ചെവിക്കൊണ്ടില്ല. 2018ൽ അദ്ദേഹത്തിന്റെ പേരിൽ നാടകോത്സവം സംഘടിപ്പിച്ചത് മാത്രമാണ് പഞ്ചായത്ത് ചെയ്തത്.
പിന്നീട് അത്തരം പരിപാടികൾക്ക് പണം വകയിരുത്തിയില്ല. സ്മാരകത്തിന് സ്ഥലം കണ്ടെത്താൻ കഴിയാത്തതാണ് തടസ്സമായി അധികൃതർ പറയുന്നത്. എന്നാൽ, താൽപര്യം കാണിക്കാത്തതാണ് പ്രശ്നമെന്ന് ഫൗണ്ടേഷൻ ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.