മെമു കൂകിപ്പായും; പുലരും മുേമ്പ...
text_fieldsതൃശൂർ: യാത്രക്കാരുടെ ആവശ്യത്തിന് പുല്ലുവില. ഒടുവിൽ മെമു സർവിസ് നടത്തുന്നത് ആർക്കും അനുയോജ്യമല്ലാത്ത സമയത്ത്. ജീവനക്കാർക്കോ ഉദ്യോഗസ്ഥർക്കോ സ്ഥിരം യാത്രക്കാർക്കോ അനുകൂലമല്ലാത്ത സമയത്താണ് ഒരുവർഷത്തെ കാത്തിരിപ്പിന് ശേഷം മെമു ഓടിത്തുടങ്ങുന്നത്. നേരേത്ത അറിയിച്ച സമയക്രമം അനുയോജ്യമല്ലെന്ന നിവേദനം യാത്രക്കാർ അധികൃതർക്ക് നൽകിയിരുന്നു. എന്നാലത് കണക്കിലെടുക്കാതെയാണ് മുൻകൂട്ടി നിശ്ചയിച്ച സമയക്രമത്തിൽ തന്നെ ട്രെയിൻ ഓടിക്കാനുള്ള ഉത്തരവ് റെയിൽവേ ഇറക്കിയത്.
തൃശൂർ വഴിയോടുന്ന 06017/06018 ഷൊർണൂർ-എറണാകുളം മെമു രാവിലെ 3.30നാണ് ഷൊർണൂരിൽനിന്ന് പുറപ്പെടുന്നത്. ഇത് 6.50ന് എറണാകുളത്തെത്തും. തിരിച്ച് വൈകീട്ട് 5.35ന് പുറപ്പെട്ട് രാത്രി 8.50ന് ഷൊർണൂരിൽ മടങ്ങിയെത്തുകയും ചെയ്യും. പുലർച്ച 3.30ന് ഷൊർണൂരിൽനിന്ന് പുറപ്പെടുന്ന മെമു വടക്കാഞ്ചേരിയിൽ 3.54ന് എത്തും. 4.13നാണ് തൃശൂരിൽ എത്തുന്നത്.
ചാലക്കുടയിൽ 5.02നും എത്തിച്ചേരും. കറുകുറ്റിയിൽ 5.16നും ആലുവയിൽ 5.39നും എത്തി 6.50ന് എറണാകുളം ജങ്ഷനിൽ സർവിസ് അവസാനിക്കും. വൈകീട്ട് 5.35ന് തിരിച്ച് ഷൊർണൂരിലേക്ക് പുറപ്പെടുന്നത് കുറച്ചുകൂടി മുന്നോട്ട് ക്രമീകരിക്കുന്നത് ജോലിക്കാർക്ക് അനുയോജ്യമാവും. ഇൗ സമയക്രമം അനുയോജ്യമല്ലെന്ന് യാത്രക്കാർ ബന്ധപ്പെട്ട എല്ലാവർക്കും നിവേദനം നൽകിയെങ്കിലും പ്രയോജനമുണ്ടായില്ല.
ആർക്കോ വേണ്ടി സർവിസ് നടത്തുന്ന രീതിയിലാവും മുൻകൂർ റിസർവേഷൻ ആവശ്യമില്ലാത്ത, എന്നാൽ മെയിൽ/എക്സ്പ്രസ് യാത്ര നിരക്കുകൾ നൽകേണ്ട, മെമു ട്രെയിനുകൾ ഈമാസം 15 മുതൽ ഓടിത്തുടങ്ങുക.
നേരേത്ത രാവിലെ 6.45ന് ഗുരുവായൂരിൽനിന്ന് പുറപ്പെട്ട് 9.25ന് എറണാകുളത്ത് എത്തിയിരുന്ന 56371 ഗുരുവായൂർ - എറണാകുളം പാസഞ്ചറിലാണ് ഏറ്റവും കൂടുതൽ സ്ഥിരം യാത്രികർ എറണാകുളം ഭാഗത്തേക്ക് പോയിരുന്നത്. കോവിഡ് മൂലം 2020 മാർച്ച് 22ന് എല്ലാ ട്രെയിനുകളും നിർത്തിവെച്ചത് മുതൽ പ്രസ്തുത വണ്ടി ഓടുന്നില്ല. നിലവിൽ രാവിലെ 6.55ന് തൃശൂർ വിടുന്ന 02639 ചെന്നൈ - ആലപ്പുഴ പ്രത്യേക സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിനുശേഷം 9.50ന് തൃശൂർ വിടുന്ന 06308 കണ്ണൂർ - ആലപ്പുഴ പ്രത്യേക എക്സ്പ്രസ് വരെ എറണാകുളം ഭാഗത്തേക്ക് മറ്റൊരു പ്രതിദിന ട്രെയിനും ഇല്ലാത്ത അവസ്ഥയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.