പാരിസിലെ മെസ്സിയുടെ 'അയൽക്കാരൻ' ഒരു മലയാളി
text_fieldsദോഹ: 'ആ നിമിഷങ്ങൾ ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ...' സ്വപ്നംപോലെ മിന്നിമാഞ്ഞ ഏതാനും നിമിഷങ്ങളുടെ മനോഹാരിതയിൽനിന്ന് അനസിന് ഉണരാൻ ഇഷ്ടമില്ല. ഇനിയും ആ അത്ഭുതക്കാഴ്ച തെൻറ മുന്നിൽ ആവർത്തിക്കുമെന്ന് വീണ്ടും വീണ്ടും പ്രതീക്ഷിക്കുകയാണ് തൃശൂർ തളിക്കുളം സ്വദേശിയായ ഖത്തർ പ്രവാസി പി.എ. അനസ്. ലയണൽ മെസ്സിയെന്ന അർജൻറീന സൂപ്പർ താരം സ്പാനിഷ് ക്ലബ് ബാഴ്സലോണ വിട്ടതും ചൊവ്വാഴ്ച ഫ്രഞ്ച് ക്ലബ് പി.എസ്.ജിയിലെത്തിയതുമെല്ലാമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ വിശേഷപ്പെട്ട വാർത്തകൾ. കാത്തിരുന്ന കൂടുമാറ്റം പൂർത്തിയായി, പാരിസിലെ ഹോട്ടൽ ബാൽക്കണിയിൽ കുടുംബത്തിനൊപ്പം പ്രത്യക്ഷപ്പെട്ടത് കായികലോകത്തെ ട്രെൻഡിങ്ങായി. ഇതിനിടെയാണ്, ആരാധകരെ അഭിവാദ്യം ചെയ്ത മെസ്സിയെ ആവേശത്തോടെ നീട്ടിവിളിച്ച ഒരു മലയാളിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായത്. ചൊവ്വാഴ്ച രാത്രിയിൽ ചിത്രീകരിച്ച വിഡിയോ മലയാളികളുടെ ഫാൻ പേജുകളിൽ നിറഞ്ഞോടി.
ഖത്തറിൽനിന്ന് ജോലി ആവശ്യാർഥം പാരിസിലെത്തിയതായിരുന്നു അനസ്. ഭാഗ്യമെന്നു പറയട്ടെ, മെസ്സിയും അനസും ഒരേ ഹോട്ടലിെൻറ ഒരേ നിലയിലെ അടുത്തടുത്ത സ്യൂട്ടുകളിലായിരുന്നു. ഫുട്ബാൾ ആരാധകരെല്ലാം ഏറെ മോഹിച്ച കാഴ്ചകൾക്ക് അരികിൽനിന്ന് ദൃക്സാക്ഷിയായ അനസ് തന്നെ ഇക്കാര്യങ്ങൾ 'ഗൾഫ് മാധ്യമ'വുമായി പങ്കുവെക്കുന്നു.
'ഖത്തറിൽനിന്ന് രണ്ടാഴ്ചക്കാലത്തെ യൂറോപ്യൻ യാത്രക്കു വേണ്ടിയാണ് ഞങ്ങൾ പുറപ്പെട്ടത്. ഇറ്റലിയും ജർമനിയും സന്ദർശിച്ചശേഷമായിരുന്നു പാരിസിലെത്തിയത്. ലേ റോയൽ മോൺക്യു ഹോട്ടലിെൻറ അഞ്ചാം നിലയിലായിരുന്നു ഞാനും താനൂർ സ്വദേശിയായ സമീറും താമസിച്ചത്. ലയണൽ മെസ്സി വരുന്ന വിവരം രാവിലെതന്നെ ഹോട്ടൽ ജീവനക്കാർ വഴി അറിഞ്ഞു. കാണാനുള്ള അവസരമുണ്ടാവുമോ എന്നെല്ലാം അവരോട് അന്വേഷിച്ചെങ്കിലും ഒന്നും മിണ്ടിയില്ല. രാത്രി എേട്ടാടെ സൂപ്പർതാരം ഹോട്ടലിലെത്തുമെന്നായിരുന്നു അറിയിപ്പ്. പക്ഷേ, വൈകീട്ട് നാലു മുതൽ ഹോട്ടലിന് മുന്നിലെ തെരുവുകൾ ആരാധകരെക്കൊണ്ടു നിറഞ്ഞു. മെസ്സി... മെസ്സി വിളികൾ നിറഞ്ഞതായിരുന്നു അന്തരീക്ഷം.
ഒരു ഘട്ടത്തിൽ ആരാധക ആരവം ഏറെ ഉയർന്നപ്പോൾ ഞങ്ങൾ ബാൽക്കണിയിലിറങ്ങി പുറത്തേക്ക് നോക്കി. ആൾക്കൂട്ടമെല്ലാം മുകളിലേക്കു നോക്കി ആരവം മുഴക്കുന്നതായിരുന്നു കാഴ്ച. ഉടൻ വലതുവശത്തേക്ക് തിരിഞ്ഞുനോക്കിയപ്പോൾ, ഇതാ സൂപ്പർ താരം തൊട്ടടുത്ത ബാൽക്കണിയിൽ. സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ പ്രയാസപ്പെട്ട നിമിഷങ്ങൾ. മുന്നിലെ കാഴ്ച സ്വപ്നമോ യാഥാർഥ്യമോ എന്നു പോലും സംശയിച്ചുപോയി. ഉടൻ മൊബൈൽ വിഡിയോ ഓൺ ചെയ്ത് മെസ്സിയെ നീട്ടിവിളിക്കാൻ തുടങ്ങി. അലറിവിളിച്ചെങ്കിലും സൂപ്പർ താരം കേട്ടില്ല. അപ്പോഴാണ് മകൻ തിയാഗോ ഞങ്ങളെ ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് ഞങ്ങളെ നോക്കി മെസ്സി അഭിവാദ്യം ചെയ്തു -അനസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.