ഇനിയും നടപ്പാവാതെ എം.ജി റോഡ് വികസനം
text_fieldsതൃശൂര്‍: എം.ജി റോഡിന്റെ രണ്ടാംഘട്ട വികസനം ഇനിയും നടപ്പിലായില്ല. ഉടൻ പ്രവൃത്തികളാരംഭിക്കുമെന്ന് 2021ൽ മേയർ വ്യാപാരികൾക്കൊപ്പം മാധ്യമങ്ങളെ അറിയിച്ച് മൂന്ന് വർഷം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ല. പദ്ധതി നടപ്പാക്കാത്തതിനാൽ അനുവദിച്ച ഏഴ് കോടി കടുത്ത സാമ്പത്തിക പ്രതിസന്ധി സാഹചര്യത്തിൽ സർക്കാർ തിരിച്ചെടുത്തേക്കുമെന്നാണ് ആശങ്ക. എതിർപ്പും, നിയമനടപടികളുമായി ആദ്യം രംഗത്ത് വ്യാപാരികൾ തന്നെ രംഗത്ത് വന്നുവെങ്കിലും പിന്നീട് ഇവരുമായി ചർച്ച നടത്തി ധാരണയിലായിരുന്നു.
വ്യാപാരികളുടെ സഹകരണത്തോടെ ഉടന്‍ വികസനം യാഥാര്‍ഥ്യമാക്കുമെന്ന് 2021ൽ കോര്പറേഷന് മേയര്‍ എം.കെ. വര്‍ഗീസും വ്യാപാരി പ്രതിനിധികളും അറിയിച്ചുവെങ്കിലും മൂന്ന് വർഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചില്ല.
നഗര വികസനത്തിന് വ്യാപാരികള്‍ കൂടെയുണ്ടാവുമെന്ന് വ്യാപാരി പ്രതിനിധികള്‍ ഉറപ്പ് നല്‍കിയെങ്കിലും കോർപറേഷന്റെ കെടുകാര്യസ്ഥതയാണ് പദ്ധതി ഇഴയുന്നതെന്നാണ് ആക്ഷേപം.
വികസനം പഠിക്കാനും, വ്യാപാരികളുടെ നഷ്ടപരിഹാരമടക്കമുള്ളവയിൽ ചർച്ച നടത്താനുമായി കൗൺസിലർമാരുടെ നേതൃത്വത്തിൽ സമിതിയെ രൂപീകരിച്ചുവെങ്കിലും പിന്നീട് എന്ത് സംഭവിച്ചുവെന്ന് വ്യാപാരികൾക്കും കോർപറേഷനും വ്യക്തതയില്ല.
പടിഞ്ഞാറെകോട്ട മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള ഏകദേശം ഒരു കിലോമീറ്റര്‍ ദുരം റോഡിന്റെ ഇരുവശവും വീതി വര്‍ധിപ്പിക്കും. പടിഞ്ഞാറെകോട്ട മുതല്‍ പാറയില്‍ ഏജന്‍സി വരെയുള്ള റോഡ് 25 മീറ്ററായും പാറയില്‍ ഏജന്‍സി മുതല്‍ സ്വരാജ് റൗണ്ട് വരെയുള്ള റോഡ് 23 മീറ്ററായും വീതി വര്‍ധിപ്പിക്കും. റോഡ് വികസനത്തിനായി വ്യാപാര സ്ഥാപനങ്ങള്‍ പൂര്‍ണമായും പൊളിച്ചു മാറ്റുന്നവര്‍ക്ക് കോര്പറേഷന് പുനരധിവാസം ഒരുക്കും.
ഇത്തരത്തില്‍ കടകള്‍ പൂര്‍ണമായും പൊളിച്ചു നീക്കുന്ന പത്ത് വ്യാപാരികളെ ശക്തന് നഗറില്‍ അശോക ഇന്നിന് എതിവശത്ത് കോര്പറേഷന് കടമുറികള്‍ നിര്‍മിച്ച് നല്കി താല്‍ക്കാലികമായി പുനരധിവസിപ്പിക്കും എന്നിങ്ങനെയായിരുന്നു വികസനത്തെ കുറിച്ച് 2021ൽ മേയറുടെ പ്രഖ്യാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.