എടക്കഴിയൂരിൽ മിനി ഹാർബർ അനുവദിക്കണം -മഹല്ല് കമ്മിറ്റി
text_fieldsചാവക്കാട്: എടക്കഴിയൂരിൽ മിനി ഹാർബർ അനുവദിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിക്ക് നിവേദനം നൽകി. ആയിരക്കണക്കിന് മത്സ്യ തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും തൊഴിൽ സാധ്യതയുള്ള എടക്കഴിയൂർ ബീച്ചിൽ മിനി ഫിഷ് ലാൻഡിങ് സെന്റർ അനുവദിക്കണമെന്നാവശ്യപ്പെട്ട് എടക്കഴിയൂർ മഹല്ല് കമ്മിറ്റിയാണ് മന്ത്രി വി. അബ്ദുറഹ്മാന് നിവേദനം നൽകിയത്. നിലവിൽ എടക്കഴിയൂർ കടപ്പുറത്ത് നൂറിൽപരം ചെറുവള്ളങ്ങളാണ് മത്സ്യബന്ധനം നടത്തുന്നത്. മിനി ഹാർബർ ഇല്ലാത്തതിനാൽ എടക്കഴിയൂരിലെയും പരിസര പ്രദേശങ്ങളിലെയും വലിയ വള്ളങ്ങൾ ചേറ്റുവയിലാണ് കെട്ടിയിടുന്നത്.
മുവ്വായിരത്തോളം കുടുംബങ്ങളുള്ള എടക്കഴിയൂരിൽ ഭൂരിഭാഗവും മത്സ്യബന്ധനമായി ബന്ധപ്പെട്ടവരാണ്. ദിനംപ്രതി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിൽനിന്നുള്ള വള്ളക്കാരാണ് ഇവിടെ എത്തുന്നത്. കൂടാതെ ദിനംപ്രതി വിവിധ ഭാഗങ്ങളിലുള്ള കച്ചവടക്കാരുടെ എണ്ണവും കൂടികൊണ്ടിരിക്കുന്നു. ജില്ലയിലെ ഏക ഹാർബറുള്ളത് ചേറ്റുവയിലാണ്. ഭൂമിശാസ്ത്രപരമായി എല്ലാ അനുകൂല ഘടകങ്ങളും എടക്കഴിയൂരിനുണ്ട്. കരയോട് ഏറ്റവും അടുത്ത് വള്ളം അടുപ്പിച്ച് വിൽപന നടത്താൻ മഹല്ല് കമ്മിറ്റി റോഡ് നിർമിച്ചിട്ടുണ്ട്. മത്സ്യം വിൽപന നടത്തുന്നതിന് പ്ലാറ്റ് ഫോമും ടോയ്ലറ്റ് സംവിധാനവും നേരത്തെ ഫിഷറീസ് വകുപ്പ് സജ്ജീകരിച്ചിട്ടുണ്ട്. എം.പി ഫണ്ടിൽ നിന്നുള്ള ഹൈമാസ്സ് ലൈറ്റും കൂടാതെ കടപ്പുറത്ത് തന്നെ ഐസ് പ്ലാന്റും നിലവിലുണ്ടെന്നും നിവേദനത്തിൽ വ്യക്തമാക്കി. മഹല്ല് പ്രസിഡന്റ് ആർ.വി. മുഹമ്മദ് കുട്ടി, ജനറൽ സെക്രട്ടറി കെ.വി. മൊയ്തുട്ടി, അംഗങ്ങളായ മുജീബ് പുളിക്കുന്നത്ത്, നാസർ കല്ലിങ്ങൽ, എം. കുഞ്ഞിമുഹമ്മദ് എന്നിവരാണ് നിവേദന സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.