'സാന്ത്വനസ്പർശം': മന്ത്രിമാരുടെ അദാലത്തിന് തൃശൂരിൽ തുടക്കം
text_fieldsതൃശൂർ: സാന്ത്വനസ്പർശം താലൂക്ക്തല പരാതിപരിഹാര അദാലത്തിന് ജില്ലയിൽ തുടക്കമായി. യഥാസമയം നീതി ഉറപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ഉദ്ഘാടനം ചെയ്ത മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. സർക്കാർ ഓഫിസുകളിൽനിന്ന് ജനങ്ങൾക്ക് തടസ്സമുണ്ടാകുന്നതരത്തിലുള്ള ഘടകങ്ങൾ തീർപ്പാക്കുകയാണ് ലക്ഷ്യം. ലഭിച്ച മുഴുവൻ പരാതികളും തീർപ്പാക്കും. സംസ്ഥാനാടിസ്ഥാനത്തിൽ തീർപ്പാക്കേണ്ട പരാതികൾ നിയമത്തിനും ചട്ടത്തിനും വിധേയമാണ്. ഭേദഗതി വരുത്താവുന്ന പരാതികളിൽ ജനങ്ങൾക്ക് ഉപകാരപ്രദമാണെങ്കിൽ അങ്ങനെയും ചെയ്യും. കാലതാമസം ഒഴിവാക്കാനാണിതെന്നും മന്ത്രി വ്യക്തമാക്കി.
കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് മുഖ്യാതിഥിയായി. ഗവ. ചീഫ് വിപ്പ് കെ. രാജൻ, എം.എൽ.എമാരായ മുരളി പെരുനെല്ലി, ഗീതാഗോപി, മേയർ എം.കെ. വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് പി.കെ. ഡേവിസ്, അദാലത്തിെൻറ ജില്ലയിലെ ചുമതലയുള്ള അഡീഷനൽ ചീഫ് സെക്രട്ടറി മിനി ആൻറണി, ജില്ല കലക്ടർ എസ്. ഷാനവാസ്, എ.ഡി.എം റെജി പി. ജോസഫ് എന്നിവർ സംബന്ധിച്ചു.
സപ്ലൈകോ വിഭാഗത്തിലെ പരാതിയാണ് ആദ്യം പരിഹരിച്ചത്. 14 വർഷമായി റേഷൻ കാർഡ് ലഭിക്കാതിരുന്ന കണ്ടശ്ശാംകടവ് നെടിയമ്പത്ത് മാമ്പിള്ളി സിന്ധു ബാലന് മന്ത്രിമാർ ചേർന്ന് റേഷൻ കാർഡ് നൽകി. തുടർന്ന് പുതിയ റേഷൻ കാർഡിന് അർഹരായവർക്കും നൽകി. പരാതികള്‍ പരിശോധിക്കുന്നത് റവന്യൂ, സിവില്‍ സപ്ലൈസ്, തദ്ദേശസ്വയംഭരണ വകുപ്പ്, സാമൂഹികനീതി, കൃഷി എന്നീ വകുപ്പുകളിലെ പ്രധാന ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അഞ്ചംഗ സംഘമാണ്.
ജില്ല-സംസ്ഥാനതലത്തില്‍ പരിഹരിക്കാവുന്ന പരാതികൾ ഇവരാണ് തരംതിരിക്കുന്നത്. ചൊവ്വാഴ്ച സാന്ത്വനസ്പർശം താലൂക്ക്തല അദാലത്ത് കുന്നംകുളം നഗരസഭ ടൗൺഹാളിൽ നടത്തും. ചാവക്കാട്, തലപ്പിള്ളി താലൂക്കുകളിലെ പരാതികൾ ഇവിടെ തീർപ്പാക്കും. നാലിന് ഇരിങ്ങാലക്കുടയിൽ ചാലക്കുടി, മുകുന്ദപുരം, കൊടുങ്ങല്ലൂർ താലൂക്കുകളിലെ അദാലത്തും നടക്കും.
'സാന്ത്വനസ്പർശം' അദാലത്ത് ടൗൺ ഹാളിൽ മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തപ്പോൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.