നമ്മുടെ കുഞ്ഞുങ്ങൾക്ക് നേരെ നീണ്ട കൈകൾ...
text_fieldsതൃശൂർ: 2006 ജൂലൈയിൽതന്നെയായിരുന്നു അതും; കൃത്യമായി പറഞ്ഞാൽ ജൂലൈ 27. തൃശൂർ എം.ടി.ഐയിലെ ഇലക്ട്രോണിക്സ് ഡിപ്ലോമ വിദ്യാർഥിയായിരുന്ന വൈക്കം ചെമ്പ് സ്വദേശി ജിന്റോ. തൃശൂരിൽ താമസിച്ച് പഠിച്ചിരുന്ന ജിന്റോ ആഴ്ചകളിൽ വീട്ടിൽ പോയിവരുകയായിരുന്നു. ഒരാഴ്ച വീട്ടിലേക്ക് പോയിരിക്കെ അത്യാവശ്യമെന്ന് സുഹൃത്ത് വിളിച്ചതനുസരിച്ച് തൃശൂരിലെത്തിയ ശേഷം മൂന്ന് നാളുകൾക്കു ശേഷം അറിയുന്നത് കൊന്ന് കുഴിച്ചുമൂടിയിട്ടതാണ്. പെരിങ്ങാവിൽ നിർമാണം നടക്കുകയായിരുന്ന കെട്ടിടത്തിലെ തറക്കുള്ളിൽനിന്നാണ് ജിന്റോയുടെ മൃതദേഹം കണ്ടെടുത്തത്. ‘ദൃശ്യം’സിനിമയെക്കുറിച്ച് ചിന്തിച്ചിട്ടില്ലാത്ത കാലത്തായിരുന്നു അത്. പണത്തിനു വേണ്ടിയായിരുന്നു ജിന്റോയെ സുഹൃത്തുക്കളുടെ സഹായത്തോടെ ഒരു സംഘം കൊലപ്പെടുത്തിയത്.
വൈകീട്ടുള്ള പതിവ് ഫോൺ വിളി അന്ന് ഇല്ലാതിരുന്നതിനാലുള്ള അമ്മയുടെ സംശയമാണ് നിർണായകമായത്. പൊലീസ് ചടുലമായ നീക്കത്തിൽ അടുത്ത ദിവസങ്ങളിൽതന്നെ മുഴുവൻ പ്രതികളെയും പിടികൂടുകയും തെളിവുകൾ ശേഖരിക്കുകയും ചെയ്തു. കേസിൽ ഒരു വർഷത്തിനുള്ളിൽതന്നെ വിചാരണ പൂർത്തിയാക്കി പ്രതികൾക്ക് ശിക്ഷ വിധിച്ചു.
കുഞ്ഞിനെ തട്ടിയെടുത്തു; തിരിച്ചുകിട്ടിയത് 10 മാസത്തിനു ശേഷം
ഗുരുവായൂർ സ്വദേശിനി സുജക്ക് ഓർക്കുമ്പോൾ ഇന്നും വിറയലാണ്. സഹായിക്കാനായി ഒപ്പം കൂടിയ സ്ത്രീ ആശുപത്രിയിൽനിന്ന് കണ്ണൊന്ന് തെറ്റിയപ്പോൾ പറിച്ചെടുത്തുപോയത് തന്റെ ഒന്നര വയസ്സുകാരി മകളെയായിരുന്നു. പൊലീസിന്റെ അന്വേഷണത്തിൽ 10 മാസത്തിനു ശേഷം തമിഴ്നാട്ടിലെ തൂത്തുക്കുടിയിൽ നിന്നാണ് കുട്ടിയെ കണ്ടെത്തിയത്. ക്രിസ്മസ് നാളിൽ വീണ് പരിക്കേറ്റതിനെത്തുടര്‍ന്ന് ചികിത്സക്ക് സുജ കൈക്കുഞ്ഞുമായാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിയത്. കൂടെ ദിവസങ്ങള്‍ക്ക് മുമ്പ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍വച്ച് പരിചയപ്പെട്ട മുത്തു -സരസു ദമ്പതികളും.
ഭക്ഷണം വാങ്ങാൻ കുഞ്ഞുമായി പോയ ദമ്പതികളെ പിന്നീട് കാണാതായി. നിശ്ചിത സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് അന്വേഷണം ആരംഭിച്ചു. പൊലീസിനും വിവരം നൽകി. മുഴുവൻ പ്രദേശത്തേക്കും പൊലീസ് വിവരം അറിയിച്ചെങ്കിലും പാലക്കാടൻ അതിർത്തി കടന്ന് സംഘം തമിഴ്നാട്ടിലെത്തിയിരുന്നു. ഇവർ തൂത്തുക്കുടിയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്നാണ് പൊലീസ് അവിടെയെത്തി. ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ജീവിക്കുന്ന നാടോടികളായ മുത്തുവിനും സരസുവിനുമായി തിരച്ചിൽ തുടർന്നു. പലയിടത്തും ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
തിരുച്ചെന്തൂർ ക്ഷേത്രത്തിൽ നിന്ന് കുഞ്ഞിനെ പൊലീസ് കണ്ടെത്തുമ്പോൾ ദമ്പതികൾ കുഞ്ഞിനെ ഉപദ്രവിച്ചിട്ടില്ലായിരുന്നു. എന്നാൽ, ഒമ്പതു മാസംകൊണ്ട് കുട്ടി യഥാർഥ അമ്മയെ മറന്നു. സരസുവും മുത്തുവും അമ്മയും അപ്പയുമായി. അഭിരാമി എന്ന പേര് മാറ്റി കാർത്തികയാക്കി. കുട്ടിയെ കണ്ടുപിടിച്ചു കൊടുക്കുമ്പോൾ കുട്ടി സുജയുടെ അടുത്ത് പോകാൻ കൂട്ടാക്കിയില്ല. പകരം സരസുവിനെ നോക്കി അമ്മാ എന്ന് കരഞ്ഞ കുട്ടിയെ സുജ കണ്ണു പൊത്തി ചേർത്തുപിടിക്കുകയായിരുന്നു. അമ്മയെ മറന്ന കുഞ്ഞ് സരസുവിനെ കാണാന്‍ വാശിപിടിച്ച് കരഞ്ഞു. ആശുപത്രിയിൽനിന്ന് തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ മാതാ പിതാക്കൾക്ക് തിരിച്ചുകിട്ടിയപ്പോൾ കോടതിയിലും നാടകീയവും വികാര നിർഭരവുമായ രംഗങ്ങൾ ഇന്നും ആളുകളുടെ മനസ്സുകളിലുണ്ട്.
പണത്തിനായി തട്ടിക്കൊണ്ടുപോയത് ഏഴു വയസ്സുകാരനെ
വീട്ടുകാരിൽനിന്ന് പണം തട്ടാൻ അയല്‍വാസികളായ ഒരു സംഘം ഏഴു വയസ്സുകാരനെ തട്ടിക്കൊണ്ടുപോയത് അരിമ്പൂരിൽനിന്നാണ്. 2015 ജനുവരി 20ന്. അന്നത്തെ അരിമ്പൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ആന്റണിയുടെ പേരക്കുട്ടി നെസ്വിനെയാണ് ഒരു സംഘം തട്ടിക്കൊണ്ടുപോയത്. ഒന്നാം ക്ലാസ് വിദ്യാർഥിയെയാണ് അയൽവാസികളായ അഞ്ചുപേർ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ വിട്ടുകിട്ടാന്‍ ഇവര്‍ 30 ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വടക്കാഞ്ചേരിക്ക് സമീപം അത്താണിയില്‍നിന്നാണ് സംഘത്തെ പൊലീസ് പിടികൂടിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ ശേഷം ഒരുപാടു തവണ സംഘം ബന്ധുക്കളെ ഫോണില്‍ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടിരുന്നു. വീട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചതോടെ പിന്നീട് പൊലീസ് ഫോണ്‍ കേന്ദ്രീകരിച്ച് സൈബര്‍ അന്വേഷണത്തിലായി. ഓരോ തവണയും ഇവരോട് പ്രകോപിപ്പിക്കാതെ സംസാരിക്കാനും പൊലീസ് നിർദേശിച്ചു. ഇതിനിടയിൽ കുട്ടിയെ ഒളിപ്പിച്ച സ്ഥലം നിരീക്ഷിച്ചുള്ള പൊലീസിന്റെ നീക്കം വിജയകരമായി. സംഭവം പൊലീസില്‍ അറിയിച്ചെന്ന് സൂചന ലഭിച്ച സംഘം പാലക്കാട്ടേക്ക് താവളം മാറ്റുന്നതിനിടയിലാണ് പൊലീസ് ഇവരെ പിടികൂടുന്നത്.
ബാലികയെ തട്ടിയെടുത്ത മദ്യപൻ
തൃശൂരില്‍ അന്തർ സംസ്ഥാന തൊഴിലാളികളുടെ നാലു വയസ്സുകാരി മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാട്ടുകാർക്ക് തോന്നിയ സംശയമാണ് കുട്ടിയെ തിരിച്ചുകിട്ടിയത്. 2017 ഡിസംബർ ഏഴിന് തൃശൂര്‍ ജിമ്മീസ് കോളനിയില്‍ താമസിച്ചിരുന്ന ഉത്തര്‍പ്രദേശുകാരായ ദമ്പതികളുടെ മകളെയാണ് കാണാതായത്. വീട്ടിൽ കളിച്ചിരുന്ന കുട്ടിയെ കാണാതാവുകയായിരുന്നു. തൃശൂര്‍ വെസ്റ്റ് പൊലീസില്‍ ബന്ധുക്കള്‍ പരാതി നല്കി. അന്വേഷണം തുടരുന്നതിനിടെ മണിക്കൂറുകൾക്കകം കുന്നംകുളത്തുവെച്ച് മദ്യപിച്ച് ലക്കുകെട്ട ഒരാളോടൊപ്പം നാട്ടുകാര്‍ ഒരു കുട്ടിയെ കണ്ടു. സംശയത്തെത്തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ച് കുന്നംകുളം പൊലീസില്‍ വിവരം അറിയിച്ചു. ചോദ്യം ചെയ്തപ്പോഴാണ് കുട്ടിയെ കടത്തിക്കൊണ്ടു വന്നതാണെന്ന് ബോധ്യമായത്. കൊല്ലം സ്വദേശിയായ വിജയനാണ് പിടിയിലായത്. വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സൗഹൃദം നടിച്ച് കൊണ്ടുവന്ന് വളയും മാലയും വാങ്ങി നല്കി കടത്താനായിരുന്നു ശ്രമം. കുട്ടിയെ പൊലീസ് ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഐ.സി.യുവിൽനിന്ന് നവജാത ശിശുവിനെ തട്ടിയെടുത്ത നാൾ
ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയി പിന്നീട് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത് ഈ വർഷം ഏപ്രിൽ 16നാണ്. ചാലക്കുടി നായരങ്ങാടി സ്വദേശി സന്തോഷിന്റെയും വിദ്യയുടെയും ഏഴുദിവസം പ്രായമായ നവജാത ശിശുവിനെയാണ് കാണാതായി പിന്നീട് ഒന്നാം വാര്‍ഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ നവജാത ശിശുക്കളുടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്ന കുഞ്ഞിനെ കാണാനായി മാതാപിതാക്കള്‍ എത്തിയപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരം അറിയുന്നത്.
ഐ.സി.യുവിനുള്ളില്‍ പുറത്തുനിന്നുള്ളവര്‍ക്ക് അധികൃതരുടെ അനുവാദമില്ലാതെ പ്രവേശിക്കാനാവില്ല. ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സ് പുറത്തുപോയ സമയത്ത് കുട്ടിയെ മോഷ്ടിച്ച് കടക്കുകയായിരുന്നു. കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കളും ആശുപത്രി അധികൃതരും പൊലീസിന് വിവരം നൽകി. അന്വേഷണം നടക്കുന്നുണ്ടെന്നറിഞ്ഞ മോഷ്ടാവ് കുട്ടിയെ ഒന്നാം വാര്‍ഡില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
പണത്തിനായി കുട്ടിയെ തട്ടിയെടുത്തു
ചാലക്കുടിയിൽ നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെട്ടത് ഏപ്രിൽ 23നാണ്. കാടുകുറ്റി ആംഗ്ലോ ഇന്ത്യന്‍ സ്കൂളിലെ എല്‍.കെ.ജി വിദ്യാര്‍ഥിനിയെ ആണ് സ്കൂളിന് മുന്നിൽനിന്ന് മാരുതി കാറിലെത്തിയ ഒരാള്‍ തട്ടിക്കൊണ്ടുപോയതെന്ന് സഹപാഠികൾ സ്കൂളധികൃതരെ അറിയിച്ചത്.
അന്വേഷണത്തിനിടയിൽ കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് 15 ലക്ഷം രൂപ തന്നാല്‍ കുട്ടിയെ മോചിപ്പിക്കാമെന്നു പറഞ്ഞതോടെ പൊലീസിന് കണ്ണിയായി. കുറച്ചുകഴിഞ്ഞ് തുക ഏഴുലക്ഷമായി കുറച്ചു.
ഇതിനിടെ പൊലീസ് അതിവേഗം പ്രതികൾക്കരികിലേക്ക് നീങ്ങിയിരുന്നു. വിവരം മനസ്സിലാക്കിയ സംഘം കുട്ടിയെ സെന്റ് ജോര്‍ജ് സ്കൂളിനു സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.