ശക്തനെ മാർക്കറ്റിലേക്ക് മാറ്റിയെന്ന് എം.എൽ.എ; ഗാന്ധി ശിൽപം വരുമെന്ന് മേയർ
text_fieldsതൃശൂർ: ശക്തരിൽ ശക്തനായ സാക്ഷാൽ ശക്തൻ തമ്പുരാനെ മാർക്കറ്റിലാണ് സ്ഥാപിച്ചതെന്ന് പി. ബാലചന്ദ്രൻ എം.എൽ.എ. തൃശൂരിൽ ഗാന്ധി എവിടെയും ഇല്ലെന്നും ഗാന്ധി ശിൽപം സ്ഥാപിക്കുമെന്നും മേയർ എം.കെ. വർഗീസ്. വഞ്ചിക്കുളം വികസനത്തിെൻറ ഭാഗമായി ആർട്ടിസ്റ്റ് വി.കെ. രാജൻ നിർമിക്കുന്ന മൈത്രി ഭജതയുടെ നിർമാണ ഉദ്ഘാടനത്തിൽ സംസാരിക്കുകയായിരുന്നു മേയറും എം.എൽ.എയും. ബാലചന്ദ്രെൻറ അധ്യക്ഷതയിൽ മേയർ നിർമാണ ഉദ്ഘാടനം നിർവഹിച്ചു. തൃശൂരിെൻറ ഏറ്റവും സുപ്രധാനമായ സ്ഥാനത്താണ് മഹാത്മജിയുടെ ശിൽപം സ്ഥാപിക്കുകയെന്ന് മേയർ പറഞ്ഞു.
തൃശൂരിൽ പലവട്ടം വന്ന മഹാത്മജിക്ക് അനുയോജ്യമായ സ്മാരകം തൃശൂരിൽ ഇല്ല. നിലനിൽക്കാവുന്ന വികസനമാണ് ലക്ഷ്യമെങ്കിലും ചിലർ അതിനും തടസ്സം നിൽക്കുകയാണ്. പറഞ്ഞ കാര്യങ്ങൾ വളച്ചൊടിച്ച് വെറുതെ വിവാദം സൃഷ്ടിക്കുകയാണ് ചിലരെന്ന് എം.എൽ.എ പറഞ്ഞു. യഥാർഥത്തിൽ ഇത്തരമൊരു ശിൽപം കോർപറേഷെൻറ മുൻവശത്താണ് വേണ്ടതെന്ന് ബാലചന്ദ്രൻ ചൂണ്ടിക്കാട്ടി. വഞ്ചിക്കുളത്ത് സ്ഥാപിക്കുന്ന ശിൽപം മാനവ മൈത്രിയുടേതാണെന്ന് ശിൽപ നിർമാണത്തിന് നേതൃത്വം നൽകുന്ന സ്റ്റോൺ ഫൗണ്ടേഷൻ കേരള സെക്രട്ടറി എം.പി. സുരേന്ദ്രൻ പറഞ്ഞു.
ഭാരതരത്നം എം.എസ്. സുബ്ബുലക്ഷ്മി യു.എൻ. സമ്മേളനത്തിൽ ആലപിച്ച മൈത്രം ഭജത ഐശ്വര്യ പ്രദീപ് ആലപിച്ചു. ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ. ഷാജൻ, ശിൽപ നിർമാണത്തിനു മേൽനോട്ടം വഹിക്കുന്ന സൂപ്രണ്ടിങ് എൻജിനിയർ ഷൈബി ജോർജ്, കൗൺസിലർ സാറാമ്മ റോബ്സൺ, ഷോഗൺ രാജു, തൃശൂർ ഡെവലപ്മെൻറ് ഫോറം സെക്രട്ടറി സി. വേണുഗോപാൽ, എ. രാമകൃഷ്ണൻ, ജനാർദനൻ മൊണാലിസ, അഡ്വ. പി. സതീശ് കുമാർ, ആർക്കിടെക്റ്റ് എം.എം. വിനോദ് കുമാർ, എൻജിനിയർമാരായ സീബ, പൂർണിമ എന്നിവർ ദീപം തെളിയിച്ചു. ശിൽപി വി.കെ. രാജൻ ശിലയിൽ ആദ്യത്തെ കൊത്തുപണി നടത്തി സൃഷ്ടിക്ക് തുടക്കം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.