എം.ഒ റോഡ് വികസനം: പകരം തപാൽ ഓഫിസ് കെട്ടിടം എവിടെ?
text_fieldsതൃശൂർ: എം.ഒ റോഡ് വികസനത്തിനായി പൊളിച്ചുമാറ്റിയ തപാൽ ഓഫിസിന് പകരം കെട്ടിടം കൈമാറാതെ കോർപറേഷൻ. കരാർ പ്രകാരം പട്ടാളം റോഡിൽ തപാൽ വകുപ്പിന് നിർമിച്ചുനൽകേണ്ട പുതിയ തപാൽ ഓഫിസ് കെട്ടിടം പണി ഇഴയുകയാണ്. റോഡ് വികസനത്തിന് തടസ്സമായതോടെയാണ് പഴയ തപാൽ ഓഫിസ് കെട്ടിടം പൊളിച്ചത്. പതിറ്റാണ്ടുകളായുള്ള ശ്രമഫലമായിട്ടാണ് ഇത് നടന്നത്.
തൃശൂർ പട്ടാളം റോഡിൽ ബി.എസ്.എൻ.എൽ ഓഫിസിന് എതിർവശം ബസ് സ്റ്റോപ്പിന് സമീപം സ്ഥലവും പുതിയ ഓഫിസ് കെട്ടിടവും നിർമിച്ച് കൈമാറാമെന്നായിരുന്നു ധാരണ. 18 മാസം കൊണ്ട് പണി പൂർത്തിയാക്കി തപാൽ വകുപ്പിന് കൈമാറുമെന്നാന്ന് 2020ലെ കരാർ വ്യവസ്ഥ. അതേസമയം, പണി തുടങ്ങി മൂന്ന് വർഷമായിട്ടും കെട്ടിടം കൈമാറാൻ കോർപറേഷനായിട്ടില്ല.
പ്രധാന നിർമിതികളെല്ലാം പൂർത്തിയായി. ഇനി ചെറിയ പണികൾ മാത്രമാണ് പൂർത്തീകരിക്കാനുള്ളത്. വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയാണ് ഇത് നീണ്ടുപോകാൻ ഇടയാക്കുന്നതെന്നാണാരോപണം. പ്ലാൻ പ്രകാരമുള്ള പണികളല്ല ഇവിടെ നടന്നിരിക്കുന്നതെന്ന ആക്ഷേപവും ഇതിനിടയിൽ തപാൽ വകുപ്പിന്റ ഭാഗത്തുനിന്ന് ഉയർന്നിരുന്നു.
തപാൽ വകുപ്പിന്റെ നിരന്തരമായ സമ്മർദത്തെ തുടർന്നാണ് ഇവിടെ വൈദ്യുതിയും കുടിവെള്ളവും പോലും നൽകിയത്. എന്നാൽ, തപാൽ വകുപ്പിന് കെട്ടിടം ഔദ്യോഗികമായി കൈമാറുംമുമ്പ് തന്നെ വൈദ്യുതി ചാർജ് ഈടാക്കാനുള്ള കോർപറേഷന്റെ വിചിത്ര നടപടിയുമുണ്ടായി. കരാർ പ്രകാരമുള്ള പണികളെല്ലാം പൂർത്തീകരിച്ചതായി റിപ്പോർട്ട് നൽകിയാൽ മാത്രമേ തപാൽ വകുപ്പിന്റെ എറണാകുളം റീജനലിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തി കെട്ടിടം ഏറ്റെടുക്കൂ.
നിലവിൽ കോർപറേഷൻ കെട്ടിടത്തിലാണ് പോസ്റ്റ് ഓഫിസ് പ്രവർത്തിച്ചുവരുന്നത്. മേയർ അടിയന്തരമായി ഇടപെട്ട് ബാക്കിയുള്ള പണികൾ പൂർത്തിയാക്കി പുതിയ കെട്ടിടം ഉടൻ തുറന്ന് നൽകാനുള്ള നടപടികളുണ്ടാകണമെന്നാണ് തപാൽ വകുപ്പിന്റെ ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.