ബൈക്കിൽ കറങ്ങി മൊബൈൽ ഫോൺ മോഷണം: രണ്ടുപേർ പിടിയിൽ
text_fieldsചാലക്കുടി: കൊരട്ടിയിലും പരിസരങ്ങളിലും ബൈക്കിൽ കറങ്ങി മൊബൈൽ ഫോൺ മോഷ്ടിക്കുന്ന രണ്ടുപേരെ പൊലീസ് പിടികൂടി. പുളിയനം വലിയവീട്ടിൽ എബി (34), ചിറങ്ങര വെള്ളംകെട്ടി വീട്ടിൽ ലിജേഷ് (34) എന്നിവരെയാണ് കൊരട്ടി ഇൻസ്പെക്ടർ എസ്.എച്ച്.ഒ ബി.കെ. അരുൺ അറസ്റ്റ് ചെയ്തത്.
തിങ്കളാഴ്ച ഉച്ചക്ക് 3.30ന് ഗുഡ്സ് ഓട്ടോയിൽ പൈനാപ്പിൾ കച്ചവടം നടത്തിയ പാറക്കടവ് സ്വദേശി പുതുശ്ശേരി വീട്ടിൽ ജോയിയുടെ 25,000 രൂപയോളം വിലവരുന്ന മൊബൈൽ ഫോണാണ് ഇവർ മോഷ്ടിച്ചത്.
കൊരട്ടിയിലും സമീപ പ്രദേശങ്ങളിലെ കടകളിൽനിന്നും അടുത്ത കാലത്തായി മൊബൈൽ ഫോൺ മോഷണം പതിവായിരുന്നു. ഇതേ തുടർന്ന് ചാലക്കുടി ഡിവൈ.എസ്.പി സി.ആർ. സന്തോഷിെൻറ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.
കേസിലെ ഒന്നാം പ്രതി എബിയെ പുളിയനത്തെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്ത സമയം ലഹരിയിലായിരുന്ന പ്രതി പൊലീസിനു നേരെ കത്തിവീശി ആക്രമണത്തിന് ശ്രമിക്കുകയും പൊലീസ് സാഹസികമായി കീഴ്പെടുത്തുകയുമായിരുന്നു.
രണ്ടാം പ്രതി ലിജേഷ് ചിറങ്ങരയിലെ ഇലട്രോണിക്സ് മെക്കാനിക്കായി ജോലി ചെയ്യുന്ന ആളാണ്. ആഡംബര ബൈക്കും മോഷ്ടിച്ച ഫോണും പ്രതികളുടെ വീട്ടിൽനിന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം മുരിങ്ങൂരിലെ ഷോപ്പിങ്ങ് കോപ്ലക്സിൽനിന്ന് ഇലക്ട്രിക്ക് സാധനങ്ങൾ മോഷണം നടത്തിയ ആലപ്പുഴ സ്വദേശി അഫ്സൽ എന്നയാളെയും കൊരട്ടി പൊലീസ് പിടികൂടിയിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. പ്രത്യേക അന്വേഷണ സംഘത്തിൽ എസ്.ഐമാരായ സി.കെ. സുരേഷ്, സി.ഒ ജോഷി, എ.എസ്.ഐ എം.എസ്. പ്രദീപ്, പൊലീസുകാരായ പി.ആർ. ഷഫീക്ക്, പി.എം. ദിനേശൻ, അനീഷ്, ഹോം ഗാഡുമാരായ ജയൻ, ജോസഫ് എന്നിവരും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.