വിശ്വാസവും വൈകാരികതയും ഉന്നമിട്ട് മോദിയുടെ പ്രസംഗം
text_fieldsതൃശൂർ: ‘സ്ത്രീശക്തി മോദിക്കൊപ്പം’ എന്ന പേരിൽ സ്ത്രീ സമ്മേളനമായിരുന്നെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രചാരണത്തുടക്കം തന്നെയായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തൃശൂർ സന്ദർശനം. തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് പ്രധാന പ്രഖ്യാപനങ്ങൾ ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചവരെ നിരാശരാക്കി, വിശ്വാസവും വൈകാരികതയുമാണ് ആയുധമാക്കിയത്. ഹിന്ദുത്വ വികാരത്തിന് വീണ്ടും തിരികൊളുത്താനുള്ള ശ്രമവും നടത്തി.
ക്ഷേത്രങ്ങളെ സർക്കാർ കൊള്ളയടിക്കുന്നു എന്ന ആരോപണത്തിനൊപ്പം തൃശൂർ പൂരം വിഷയത്തിൽ രാഷ്ട്രീയ കളിയാണെന്നും മോദി ആരോപിച്ചു. അവര്‍ വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നു. ക്ഷേത്രങ്ങള്‍, ഉത്സവങ്ങള്‍ എന്നിവയെ കൊള്ളയുടെ മാര്‍ഗമായാണ് കാണുന്നത്. ശബരിമലയിലെ കുത്തഴിഞ്ഞ സ്ഥിതി വിശ്വാസികള്‍ക്ക് വിഷമം ഉണ്ടാക്കുന്നതാണ്. എല്ലാവരുടെയും വിശ്വാസങ്ങളെ ആദരിക്കുന്ന സര്‍ക്കാരാണ് കേന്ദ്രത്തിലുള്ളതെന്നും പറഞ്ഞു.
2019ൽ ശബരിമലയിലെ യുവതീ പ്രവേശന വിവാദം ആളിക്കത്തുന്ന സമയത്തായിരുന്നു യുവമോർച്ച സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ മോദിയെത്തിയത്. അന്നും ശബരിമല വിഷയത്തിലൂന്നിയായിരുന്നു പ്രസംഗം. എന്നിട്ടും ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, കനത്ത തിരിച്ചടിയും നേരിട്ടു.
ലോക്സഭ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപിക്ക് സ്ത്രീ വോട്ടുകൾ ഉറപ്പിക്കാനുള്ള പരിപാടിയായിരുന്നു തൃശൂരിലെ മഹിളാ സമ്മേളനം. അതേസമയം തൃശൂർ പൂരത്തിന് ഇടക്കിടെ ഉണ്ടാവുന്ന എഴുന്നെള്ളിപ്പ്, വെടിക്കെട്ട് തുടങ്ങി പ്രതിസന്ധികൾ, സാമ്പത്തിക സഹായം, തേക്കിൻകാട് മൈതാനം, വടക്കുന്നാഥൻ നവീകരണം എന്നിവയിൽ കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ചിരുന്നുവെങ്കിലും തൃശൂരിനെയും ദേവസ്വങ്ങളെയും പ്രധാനമന്ത്രി നിരാശരാക്കി. സന്ദർശനത്തിൽ സുപ്രധാന പ്രഖ്യാപനമുണ്ടായേക്കുമെന്ന് കരുതി ഒരു മുഴം മുമ്പേ തന്നെ പൂരത്തിന് അഞ്ച് കോടി കേന്ദ്രം ഗ്രാൻഡായി അനുവദിക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കത്ത് നൽകിയിരുന്നു.
വനിത സംവരണ ബില്ലിനെ അഭിനന്ദിച്ചും മോദിയെ സ്വാഗതം ചെയ്തും ശോഭന
തൃശൂര്‍: വനിത സംവരണ ബില്ലിനെ അഭിനന്ദിച്ചും മോദിയെ സ്വാഗതം ചെയ്തും നടിയും നർത്തകിയുമായ ശോഭന. കേരളത്തിന്റെ സ്ത്രീ സമൂഹത്തിന്റെ പ്രതിനിധിയായ താനും പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്നു. വരും തലമുറക്ക്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് മുന്നേറാന്‍ അങ്ങേയറ്റം പ്രചോദനം നല്കുന്ന വനിത സംവരണ ബിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ പാസായിരിക്കുകയാണ്. അങ്ങേയറ്റം അഭിമാനത്തോടെ തന്നെ പോലെ ഓരോ സ്ത്രീകളും ബില്ലിനെ നോക്കിക്കാണും എന്ന് ആത്മാർഥമായി കരുതുന്നുവെന്ന് ശോഭന പറഞ്ഞു. വേദി പങ്കിടാന്‍ അവസരം നല്‍കിയതിന് നന്ദിയും അറിയിച്ചു.
വിജയലക്ഷ്മിയെ കേട്ടു, മിന്നുമണിയെ തലോടി, മറിയക്കുട്ടിയെ ചേർത്തുപിടിച്ചു
തൃശൂർ: പ്രസംഗം കഴിഞ്ഞ് വേദി വിടുന്നതിന് മുമ്പ് ഗായിക വൈക്കം വിജയലക്ഷ്മിക്കൊപ്പം അൽപനേരം പ്രധാനമന്ത്രി ചെലവഴിച്ചു. അവർ പറയുന്നത് കേട്ട് കൈകൾ ചേർത്തുപിടിച്ചു. വേദിയിൽ തൊട്ടടുത്ത കസേരയിലിരുന്ന വനിത ക്രിക്കറ്റർ മിന്നുമണിയെ കണ്ടപ്പോൾ തലയിൽ തൊട്ടുതലോടി. പോകുന്നതിനുമുമ്പ് മറിയക്കുട്ടിയെ ചേർത്തുപിടിച്ച് മുത്തം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.