'ഇലക്ഷൻ അർജൻറ്' ബോർഡ് വെച്ച് പണം തട്ടൽ: മുഖ്യപ്രതി അറസ്റ്റിൽ
text_fieldsതൃശൂർ: നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് 'ഇലക്ഷൻ അർജൻറ്' ബോർഡ് വെച്ച കാറിലെത്തി പച്ചക്കറി ലോറി തടഞ്ഞ് വ്യാപാരികളെ തട്ടിക്കൊണ്ടുപോയി 96 ലക്ഷം രൂപ കവർന്ന കേസിൽ മുഖ്യപ്രതി അറസ്റ്റിൽ. ഒല്ലൂർ കുട്ടനെല്ലൂരിൽ നടന്ന കവർച്ചക്ക് നേതൃത്വം നൽകിയ തിരുവനന്തപുരം കിളിമാനൂർ സ്വദേശി രാജ്കുമാർ (37) ആണ് തൃശൂർ സിറ്റി പൊലീസിെൻറ പിടിയിലായത്. രാജുഭായി, ഇൻസ്പെക്ടർ രാജ്കുമാർ എന്നീ പേരുകളിൽ അറിയപ്പെടുന്ന ഇയാൾ നിരവധി കവർച്ച കേസുകളിൽ പ്രതിയാണ്.
മാർച്ച് 22ന് പുലർച്ചയാണ് സംഭവം. മൂവാറ്റുപുഴയിലെ സ്ഥാപനത്തിലേക്ക് കോയമ്പത്തൂരിൽനിന്ന് പച്ചക്കറിയുമായി വരുകയായിരുന്ന ലോറി കുട്ടനെല്ലൂരിൽവെച്ചാണ് ഇന്നോവ കാറിെലത്തിയ സംഘം തടഞ്ഞത്. പൊലീസാണെന്നും ലോറിയിൽ കഞ്ചാവ് കടത്തുന്നതായി വിവരം ലഭിച്ചെന്നും പറഞ്ഞ് ഡ്രൈവറെയും സഹായിയെയും ചോദ്യം ചെയ്യാനെന്ന വ്യാജേന ബലം പ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോയി. കുറച്ചു ദൂരം പോയി തിരിച്ച് ലോറിക്കരികിൽ ഇറക്കിവിട്ടു.
ഡ്രൈവറും സഹായിയും ലോറി പരിശോധിച്ചപ്പോഴാണ് ചാക്കിലാക്കി സൂക്ഷിച്ച 96 ലക്ഷം രൂപ കവർന്നതായി അറിഞ്ഞത്. തുടർന്ന് ഒല്ലൂർ പൊലീസ് സ്േറ്റഷനിൽ പരാതി നൽകി. ബിസിനസ് ആവശ്യത്തിന് സ്വർണാഭരണങ്ങൾ വിറ്റ പണമാണെന്നാണ് പരാതിക്കാർ പൊലീസിൽ അറിയിച്ചത്. കോയമ്പത്തൂരിൽനിന്ന് വരുന്ന പച്ചക്കറി ലോറിയിൽ പണമുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് രാജ്കുമാറും കോഴിക്കോട് കൊടുവള്ളി സ്വദേശികളായ തട്ടിപ്പ് സംഘവും ചേർന്ന് കവർച്ചക്ക് പദ്ധതിയിടുകയായിരുന്നു. ലോറിയിലെ പണം കള്ളപ്പണമാണെന്ന നിഗമനത്തിലായിരുന്നു കവർച്ച. ലോറി ഡ്രൈവറെയും സഹായിയെയും തട്ടിക്കൊണ്ടുപോയ സമയത്ത് സംഘത്തിലെ ചിലർ മറ്റൊരു കാറിലെത്തി ലോറിയിൽനിന്ന് പണം എടുക്കുകയായിരുന്നു. കവർച്ച സംഘം സഞ്ചരിച്ച രണ്ടു കാറും തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച കാറും പൊലീസ് വിവിധ സ്ഥലങ്ങളിൽനിന്ന് കണ്ടെടുത്തു. ലോറി ഡ്രൈവറെയും സഹായിയെയും കസ്റ്റഡിയിലെടുത്തിരുന്നു.
കവർച്ച ചെയ്ത പണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. കേസിൽ ഇതുവരെ ആറുപേർ അറസ്റ്റിലായി. ഷാഡോ പൊലീസും ഒല്ലൂർ പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. എ.സി.പി ബിജോ അലക്സാണ്ടർ, ഒല്ലൂർ എ.സി.പി ദേവദാസ്, ഒല്ലൂർ സി.െഎ ദിനേഷ്കുമാർ, ഒല്ലൂർ എസ്.ഐമാരായ മണികണ്ഠൻ, അരുൺകുമാർ, സിറ്റി ഷാഡോ പൊലീസിലെ എസ്.ഐമാരായ ടി.ആർ. ഗ്ലാഡ്സ്റ്റൺ, എൻ.ജി. സുവ്രതകുമാർ, പി.എം. റാഫി, എ.എസ്.ഐമാരായ പി. രാഗേഷ്, ഗോപാലകൃഷ്ണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ടി.വി. ജീവൻ, പി.കെ. പഴനിസ്വാമി, ശ്രീകുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ എം.എസ്. ലിഗേഷ്, കെ.ബി. വിപിൻദാസ് എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.
പണം സി.പി.എം തെരഞ്ഞെടുപ്പ് ആവശ്യത്തിന് എത്തിച്ചതാണെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയിട്ടുണ്ട്.
'ഇൻസ്പെക്ടർ രാജ്കുമാർ' കുഴൽപണ തട്ടിപ്പ് വീരൻ
തമിഴ്നാട്ടിൽ വിഗ്രഹമോഷണ കേസുകളിലും പാലക്കാട്, മലപ്പുറം ജില്ലകളിൽ കുഴൽപ്പണ-കവർച്ച കേസുകളിലും പ്രതിയാണ് രാജ്കുമാർ. കുഴൽപണം കവർച്ച ചെയ്യുന്നതിൽ സമർഥനായ രാജ്കുമാർ 'ഇൻസ്പെക്ടർ രാജ്കുമാർ' എന്നാണറിയപ്പെടുന്നത്.
സംഭവശേഷം ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ കൊല്ലത്തെ ഒളിത്താവളത്തിൽനിന്നാണ് പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.