കാലവർഷക്കെടുതി: 81 ദിവസത്തിനുള്ളിൽ 32.25 കോടിയുടെ കൃഷിനാശം
text_fieldsതൃശൂർ: 81 ദിവസത്തിനുള്ളിൽ 32.25 കോടിയുടെ കൃഷിനാശം. ജില്ലയിൽ കാലവർഷം തകർത്താടിയത് കുറഞ്ഞ ദിവസങ്ങളിലാണെങ്കിലും ജൂൺ ഒന്നുമുതൽ ആഗസ്റ്റ് 20 വരെയുള്ള കൃഷിനാശ കണക്ക് ഭീകരമാണ്. ഈമാസം ആദ്യത്തിലുണ്ടായ ചക്രവാത ചുഴിയിൽ മഴ തിമിർത്തപ്പോൾ പൊലിഞ്ഞത് കർഷകസ്വപ്നങ്ങളാണ്.
നെല്ല്, പച്ചക്കറി, ജാതി, വാഴ, തെങ്ങ്, റബർ എന്നിവയാണ് കൂടുതലായി നശിച്ചത്. ഇതിൽ തന്നെ ജാതി മരങ്ങൾ ഉണങ്ങുന്ന പ്രതിഭാസവുമുണ്ട്. ഒരു കോടിയിലേറെ രൂപയുടെ ജാതിയാണ് കാലവർഷക്കെടുതിയിൽ നശിച്ചത്. 4754 ജാതിയാണ് നശിച്ചത്. ഈ കാലയളവിൽ ഒടിഞ്ഞുവീണത് 2,74,932 കുലച്ച വാഴകളാണ്. 1,31,052 കുലക്കാത്ത വാഴയും നശിച്ചു. 240 ഏക്കറോളം വാഴകൃഷിയാണ് ജില്ലയിലാകെ നശിച്ചത്. ഓണക്കാല വിളവെടുപ്പിനുള്ളവയാണ് മഴയിൽ നശിച്ചത്.
1468 വലിയ തെങ്ങുകളും ഒരു വർഷം പ്രായമായ 284 തെങ്ങിൻ തൈകളും കടപുഴകി. ഞാർ നട്ടു വെള്ളത്തിനായി കാത്തുനിന്ന നെൽകർഷകർക്ക് ഒടുവിൽ തകർത്താടിയ അതിതീവ്രമഴയിൽ നഷ്ടമായത് 465 ഹെക്ടറിലധികം നെൽകൃഷിയാണ്. 447.27 ഹെക്ടറിൽ വിളഞ്ഞ നെല്ല് നശിച്ചതിന്‍റെ നഷ്ടം 6.71 കോടിയാണ്. നെൽചെടികൾ 17.5 ഹെക്ടറിൽ നശിച്ചപ്പോൾ നഷ്ടം 26.25 ലക്ഷമാണ്.
123.19 ഹെക്ടറിൽ പച്ചക്കറിയും വെള്ളത്തിലായി. ഓണത്തിന് വിപണി കണ്ട പച്ചക്കറി നശിച്ചതോടെ 53.41 ലക്ഷം നഷ്ടമാണ് ജില്ലയിലെ കർഷകർക്കുണ്ടായത്. കുരുമുളക്, ഇഞ്ചി, പ്ലാവ്, കശുവണ്ടി, കിഴങ്ങ് വർഗങ്ങൾ, എള്ള്, മാവ് എന്നിവയും വ്യാപകമായി നശിച്ചു.
മഴ കൂടാതെ അന്നമനട, ഒല്ലൂർ, പുത്തൂർ, ചേർപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ ഉണ്ടായ മിന്നൽ ചുഴലിയിലും നാശം ഏറെയുണ്ടായി. 2018ലെ പ്രളയം മുതൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി എല്ലാ വർഷവും കോടിക്കണക്കിന് രൂപയുടെ കൃഷിനാശമാണ് ജില്ലയിൽ ഉണ്ടാവുന്നത്.
കൃഷിനാശം സംഭവിച്ച കൃഷിക്കാർക്കുള്ള ധനസഹായ വിതരണവും മാസങ്ങൾക്ക് ശേഷമാണ് ലഭിക്കുന്നതെന്ന ആക്ഷേപവും പരക്കെയുണ്ട്. കഴിഞ്ഞ വർഷം കൃഷിനാശം സംഭവിച്ചവർക്കുള്ള സഹായം ഇപ്പോഴും വിതരണം ചെയ്തു കഴിഞ്ഞിട്ടില്ല. അതേസമയം, മഴ മാറിനിൽക്കുന്നതിനാൽ ബാക്കിയായ കൃഷി വരൾച്ച നേരിടുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.