ഏങ്ങണ്ടിയൂരിൽ കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങൾ
text_fieldsവാടാനപ്പള്ളി: ഏങ്ങണ്ടിയൂരിൽ ജല അതോറിറ്റിയുടെ കുടിവെള്ള വിതരണം നിലച്ചിട്ട് മാസങ്ങൾ. ദേശീയപാത വീതി കൂട്ടലിന്റെ ഭാഗമായ റോഡരികിൽ കാന നിർമിക്കാൻ മണ്ണുമാന്തി ഉപയോഗിച്ച് കുഴിയെടുത്തപ്പോൾ കുടിവെള്ള പൈപ്പുകൾ തകർന്നതാണ് കാരണം. തീരദേശ മേഖലയായ ചേറ്റുവ പടന്ന, വി.എസ്. കേരളീയൻ റോഡ് പരിസരങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് കുടിവെള്ളം ലഭിക്കാതെ പ്രയാസപ്പെടുന്നത്.
ചുറ്റും ഉപ്പുവെള്ളം നിറഞ്ഞ പ്രദേശമായതിനാൽ പരിസരങ്ങളിൽ ശുദ്ധജലം ലഭ്യമല്ല. ഇവിടത്തെ ഭൂരിഭാഗം ആളുകളും കൂലിപ്പണിക്കാരും മത്സ്യത്തൊഴിലാളികളും തൊഴിലുറപ്പ് തൊഴിലാളികളുമാണ്. കിട്ടുന്ന വരുമാനത്തിൽ വലിയ പങ്ക് കുടിവെള്ളം വാങ്ങാൻ മുടക്കേണ്ട അവസ്ഥ ഇവർക്ക് പ്രയാസകരമാണ്. പൊതുപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ കലക്ടർക്ക് പലതവണ പരാതി നൽകിയിരുന്നു. കലക്ടർ ഉടൻ ജല അതോറിറ്റി സൂപ്രണ്ടിനോട് അടിയന്തരമായി പരിഹാരം കാണാൻ നിർദേശിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. ടാപ്പുകൾക്ക് സമീപം കുടങ്ങളും കലങ്ങളും വെച്ച് വെള്ളത്തിന് കാത്തിരിക്കുകയാണ് നാട്ടുകാർ.
തകരാറിലായ പൈപ്പുകൾ യഥാസമയം ശരിയാക്കാതെ സ്റ്റോപ്പർ ഇട്ട് അടച്ച് വെക്കുകയാണ്. കുടിവെള്ളം തടസ്സപ്പെടുത്തുന്നതിനെതിരെ അടുത്ത ദിവസം ജല അതോറിറ്റി ഓഫിസിന് മുന്നിൽ നിരാഹാര സമരം നടത്തുമെന്ന് ലത്തീഫ് കെട്ടുമ്മൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.