സ്വന്തം വീട്ടിൽ കഴിയാൻ നീതി തേടി അലഞ്ഞ് ഒരമ്മ
text_fieldsതൃശൂര്‍: സ്വന്തം മകനാല്‍ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ട് അഗതി മന്ദിരത്തില്‍ അഭയം തേടേണ്ടിവന്ന വയോധികയായ ഒരമ്മ.
കഴിഞ്ഞ അഞ്ചുവര്‍ഷമായി സ്വന്തം വീട്ടിലേക്ക് തിരിച്ചെത്താനുള്ള പ്രയത്നത്തിലാണ് ഇവര്‍. അതിനുവേണ്ടി ഇവര്‍ സമീപിക്കാത്ത നീതിന്യായ സംവിധാനങ്ങളില്ല. എന്നാല്‍, ഒരിടത്തുനിന്നും നീതി കിട്ടാതെവന്നതോടെ കേരളപ്പിറവി ദിനത്തില്‍ തൃശൂര്‍ കലക്ടറേറ്റിനു മുന്നില്‍ ഒറ്റയാള്‍ സമരത്തിന് എത്തിയിരിക്കുകയാണ് എല്‍സി ജോര്‍ജ് എന്ന ഈ 74കാരി.
ബാങ്ക് ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് ചിറ്റിലപ്പിള്ളി ജോര്‍ജ് 2016ല്‍ മരിച്ചതോടെയാണ് എല്‍സിയുടെ ദുരിതം തുടങ്ങിയത്. ബംഗളൂരുവിലായിരുന്ന മകനും കുടുംബവും ജോർജിന്റെ മരണത്തെ തുടര്‍ന്ന് എല്‍സി ഭര്‍ത്താവുമൊത്ത് താമസിച്ചിരുന്ന തൃശൂര്‍ കുരിയച്ചിറയിലെ വീട്ടില്‍ സ്ഥിരതാമസത്തിനെത്തി. ഇതിനു പിന്നാലെ മകനും ഭാര്യയും ചേര്‍ന്ന് തന്നെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാന്‍ തുടങ്ങിയെന്ന് എല്‍സി പറയുന്നു.
മകനും ഭാര്യയും ജോലിക്ക് പോയിരുന്നില്ല. ഭര്‍ത്താവ് ജോര്‍ജിന്റെ പെന്‍ഷനും എല്‍സിയുടെ പേരില്‍ ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപമായി ഉണ്ടായിരുന്ന ലക്ഷക്കണക്കിന് രൂപയും ഉപയോഗിച്ചായിരുന്നു വീട്ടുചെലവുകള് നടത്തിയിരുന്നത്.
ഒടുവില്‍ 2019 ഡിസംബര്‍ 31ന് മകന് ഭര്‍ത്താവിന്റെ സഹോദരിയെ കൂട്ടുപിടിച്ച് കുന്നത്തുംകാവിലുള്ള വൃദ്ധസദനത്തില്‍ കൊണ്ടാക്കുകയായിരുന്നുവെന്ന് എല്‍സി നിറകണ്ണുകളോടെ പറയുന്നു. ബംഗളൂരുവിലുള്ള മറ്റൊരു മകനെ അറിയിക്കാതെയാണ് ഇത് ചെയ്തത്.
വൃദ്ധസദനത്തില്‍ പ്രവേശനത്തിന് മൂന്നുലക്ഷം രൂപ ഡെപ്പോസിറ്റ് നല്‍കണം. എല്‍സിയുടെ 15 പവന് സ്വര്‍ണം വിറ്റാണ് ഇതിനുള്ള പണം കണ്ടെത്തിയത്. ഡെപ്പോസിറ്റിനു പുറമെ പ്രതിമാസം ഭക്ഷണ ചെലവ് ഇനത്തില്‍ കൊടുക്കേണ്ട 7500 രൂപയും നല്‍കിയാണ് എല്‍സി ഇപ്പോള്‍ വൃദ്ധസദനത്തില്‍ കഴിയുന്നത്.
2021ല്‍ നീതി തേടി ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയെയും കുടുംബ കോടതിയെയും സമീപിച്ചെങ്കിലും ഇപ്പോഴും നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണ്. ഇതേത്തുടര്‍ന്നാണ് തന്റെ ദുരവസ്ഥ പൊതുസമൂഹത്തെ അറിയിക്കാനും അധികൃതരുടെ കണ്ണുതുറപ്പിക്കാനുമായി എല്‍സി കലക്ടറേറ്റിനു മുന്നില്‍ ഒറ്റയാള്‍ സമരത്തിന് എത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.