റോഡരികിലെ കാനയിൽ വീണ കുട്ടിയാനക്ക് രക്ഷകയായി അമ്മ
text_fieldsആമ്പല്ലൂർ: റോഡരികിലെ കാനയിൽ വീണ കുട്ടിയാനക്ക് അമ്മയാന രക്ഷകയായി. പാലപ്പിള്ളി കുണ്ടായി ചക്കിപ്പറമ്പ് കോളനി റോഡിൽ തോട്ടം തൊഴിലാളികൾ താമസിക്കുന്ന പാഡികൾക്ക് തൊട്ടടുത്ത ചെറിയ കാനയിലാണ് ആനക്കുട്ടി വീണത്. തിങ്കളാഴ്ച പുലർച്ച നാലിനായിരുന്നു സംഭവം. റബർ തോട്ടത്തിൽ ഇറങ്ങിയ ആനക്കൂട്ടത്തിലെ ദിവസങ്ങൾ മാത്രം പ്രായമുള്ള കുട്ടിയാനയാണ് അമ്മയോടൊപ്പം നടക്കുന്നതിനിടെ കാനയിൽ അകപ്പെട്ടത്. ആനക്കൂട്ടത്തിന്റെ ചിന്നം വിളി കേട്ടാണ് സമീപത്തെ തോട്ടം തൊഴിലാളികൾ സംഭവം അറിഞ്ഞത്. തൊഴിലാളികൾ എത്തിയപ്പോൾ തോട്ടത്തിന്റെ പല ഭാഗങ്ങളിലായി ആനകൾ നിലയുറപ്പിച്ചിരിക്കുകയായിരുന്നു. കുട്ടിയാനയും കാനക്ക് കുറുകെ മറ്റൊരു ആനയും നിൽക്കുന്നത് കണ്ടതോടെ നാട്ടുകാർ കരുതി ആന പ്രസവിക്കുകയാണെന്ന്. ഉടൻ വനപാലകരെയും തോട്ടം മാനേജ്മെന്റ് ഉദ്യോഗസ്ഥരെയും അറിയിക്കുകയായിരുന്നു.
പാലപ്പിള്ളി റേഞ്ച് ഓഫിസർ പ്രേം ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി നാട്ടുകാരെ അവിടെ നിന്ന് മാറ്റിയ ശേഷം നടത്തിയ പരിശോധനയിലാണ് കാനയിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്താനുള്ള അമ്മയാനയുടെ ശ്രമമാണെന്ന് മനസ്സിലായത്. തുടർന്ന് അതുവഴി വന്ന യാത്രക്കാരെ വനപാലകർ തടഞ്ഞുനിർത്തി. വീണുകിടന്ന ആനക്കുട്ടിയെ രക്ഷപ്പെടുത്താനുള്ള അമ്മയാനയുടെ തത്രപാടുകളായിരുന്നു പിന്നീടുള്ള മണിക്കൂറുകൾ. കാനക്ക് ചുറ്റിലും ഓടിനടന്ന ആന, കുട്ടിയാനക്കരികിൽ കിടന്നും ഇരുന്നും തുമ്പികൊണ്ട് വലിച്ചും ഉന്തിയും ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. നേരം വെളുത്തുതുടങ്ങിയിട്ടും കുട്ടിയാന കാനയിൽനിന്ന് കയറാതായതോടെ വനപാലകർ ജെ.സി.ബി എത്തിക്കാനുള്ള ശ്രമം തുടങ്ങി. ഇതിനിടെ തോട്ടത്തിൽ കിടന്നിരുന്ന റബർ തടിക്കഷണങ്ങൾ കൊണ്ടുവന്ന് അമ്മയാന കാനക്ക് കുറുകെ ഇട്ടതോടെ കുട്ടിയാനക്ക് കയറാൻ സാധിച്ചു. മണിക്കൂറുകൾ നീണ്ട അമ്മയാനയുടെ പരിശ്രമം വിജയിച്ചതോടെ കുട്ടിയാന ആനക്കൂട്ടത്തോടൊപ്പം കാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.