രാജ്യത്തിനായി വീരമൃത്യു വരിച്ച മകന്റെ പെൻഷനായി അമ്മയുടെ അലച്ചിൽ
text_fieldsതൃശൂര്‍: രാഷ്ട്രം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ രാജ്യത്തിനായി ജീവന് ബലിയര്‍പ്പിച്ച ധീരജവാന്റെ പേരിലുള്ള പെന്ഷന് കിട്ടാന്‍ 21 വർഷമായി അമ്മ മുട്ടാത്ത വാതിലുകളില്ല. ഇരിങ്ങാലക്കുട കീഴുത്താണി മച്ചാട്ട് പുത്തൂര്‍ വീട്ടില്‍ ഇന്ദിര മേനോനാണ് മകന്റെ വീരചരമത്തെ തുടര്‍ന്ന് അനുവദിച്ച പെന്ഷന് കാത്തിരിക്കുന്നത്.
1996 സെപ്റ്റംബര്‍ 30ന് 28ാം വയസ്സിലാണ് ബി.എസ്.എഫ് ജവാന് വിനയകുമാർ ജമ്മു-കശ്മീരിലെ പൂഞ്ചില്‍ രക്തസാക്ഷിയായത്. തുടർന്ന് വിനയകുമാറിന്റെ ഭാര്യക്ക് പെന്ഷന് ലഭിച്ചിരുന്നു. എന്നാൽ, 2000 ജൂണില്‍ പുനർവിവാഹ ശേഷം പെന്‍ഷനോ മറ്റ് ആനുകൂല്യങ്ങളോ കൈപ്പറ്റാത്ത അവർ അമ്മ ഇന്ദിരക്ക് പെന്ഷന് അനുവദിക്കുന്നതിനുള്ള സമ്മതപത്രം അധികാരികള്‍ക്ക് നല്കി. ബി.എസ്.എഫ് അധികൃതര്‍ ആവശ്യപ്പെടുമ്പോഴെല്ലാം രേഖകൾ നല്‍കിയെങ്കിലും പെന്ഷന് മാത്രം വന്നില്ല.
ഇതിനിടയില്‍ 2011 ഡിസംബറില്‍ ഇന്ദിരയുടെ ഭര്‍ത്താവ് നാരായണന്‍കുട്ടി മരിച്ചു. 2016ലും 2021ലും പ്രധാനമന്ത്രിയുടെ പെന്ഷന് പരാതി പരിഹാര സെല്ലിലേക്ക് പരാതി നല്കി. അവിടെനിന്ന് തുടർ നടപടികള്‍ക്കായി ബി.എസ്.എഫിലേക്ക് നല്‍കിയെങ്കിലും നടപടിയായില്ല. ഇക്കഴിഞ്ഞ നവംബറില്‍ വാര്‍ത്തമാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ബി.എസ്.എഫ് ഡി.ഐ.ജി ഇന്ദിരയെ സന്ദര്‍ശിച്ച് ആശ്വസിപ്പിച്ച് പെന്ഷന് ശരിയാക്കുമെന്ന് ഉറപ്പുനല്‍കി. രേഖകള്‍ പിന്നീടും അയച്ചു. കനറ ബാങ്ക് ഇരിങ്ങാലക്കുട ബ്രാഞ്ചിലൂടെയാണ് നേരത്തേ പെന്ഷന് ലഭിച്ചിരുന്നത്. ഇവിടെ അതുമായി ബന്ധപ്പെട്ട രേഖകള്‍ ഒന്നുമില്ല എന്നാണ് ഏറ്റവും പുതിയ വിവരം. ബി.എസ്.എഫ് ബംഗളൂരുവിലെ കനറ ബാങ്കിന്റെ സെന്‍ട്രല്‍ പെന്ഷന് സ്കീം പ്രോസസിങ് സെന്ററുമായി ബന്ധപ്പെട്ടെങ്കിലും അവിടെനിന്നും രേഖകള്‍ ലഭിച്ചില്ല.
1997 മുതല്‍ 2000 വരെ പെന്ഷന് വിതരണം ചെയ്ത വിവരം പാസ്ബുക്കില്‍ രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഇന്ദിര മേനോന് വാർത്തസമ്മേളനത്തില്‍ പറഞ്ഞു. ഒരമ്മക്ക് എന്തുകൊണ്ട് അര്‍ഹമായ പെന്ഷന് നിഷേധിക്കപ്പെടുന്നു എന്ന അവരുടെ ചോദ്യത്തിന് അധികാരികള്‍ക്ക് ഉത്തരമില്ല.
75 വയസ്സ് പൂര്‍ത്തിയായ ഇന്ദിര മകന്റെ പെന്ഷന് ലഭിച്ച് ഉപജീവനം നടത്താന്‍ കാത്തിരിക്കുകയല്ല. പകരം മകന്റെ വീരമൃത്യു അപമാനിക്കപ്പെടുകയാണെന്നും തന്റെ മരണത്തിനു മുമ്പ് മകന് നീതി ലഭിക്കണമെന്നുമാണ് ഈ അമ്മയുടെ ആവശ്യം. മകള്‍ പി. ബിന്ദു, ജയ്ഹിന്ദ് രാജന്, അഡ്വ. കെ.ജി. സതീശന് എന്നിവരും വാർത്തസമ്മേളനത്തില്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.