സി.പി.എമ്മിൽ ആശയക്കുഴപ്പം; തിരുവില്വാമലയിലെ അവിശ്വാസം അവിണിശേരിയിൽ പരീക്ഷിച്ചേക്കില്ല
text_fieldsതൃശൂർ: ബി.ജെ.പി ഭരണം അട്ടിമറിക്കാൻ തിരുവില്വാമലയിൽ കോൺഗ്രസിനൊപ്പം ചേർന്നുള്ള നീക്കത്തിൽ പങ്കുചേർന്ന രീതി അവിണിശേരിയിൽ പ്രയോഗിക്കുന്നതിൽ സി.പി.എമ്മിൽ ആശയക്കുഴപ്പം. പിന്തുണക്കാമെന്ന് കോൺഗ്രസ് അറിയിച്ചിട്ടുണ്ടെങ്കിലും മുമ്പ് കോൺഗ്രസ് വോട്ടുകൊണ്ട് വിജയിച്ചതിന്റെ പേരിൽ രാജിവെച്ചത് ചോദ്യം ചെയ്യപ്പെടുമെന്നതാണ് തിരുവില്വാമല പരീക്ഷണ നീക്കം അവിണിശേരിയിൽ വേണ്ടെന്ന് ആലോചിക്കുന്നത്.
അവിണിശേരിയിൽ രണ്ട് തവണയായി നടന്ന വോട്ടെടുപ്പിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം വിജയിച്ചുവെങ്കിലും രണ്ട് തവണയും രാജിവെക്കുകയായിരുന്നു. ഒടുവിൽ ഭരണത്തിൽ അനിശ്ചിതത്വം ചൂണ്ടിക്കാണിച്ച് ബി.ജെ.പി ഹൈകോടതിയെ സമീപിച്ചതിനെ തുടർന്ന് ഒറ്റക്കക്ഷിയായ ബി.ജെ.പിയോട് ഭരണമേൽക്കാൻ നിർദേശിക്കുകയായിരുന്നു. ഹൈകോടതി വിധി അനുസരിച്ച് ബി.ജെ.പിയുടെ ഹരി സി. നരേന്ദ്രന് പ്രസിഡന്റായും ഗീത സുകുമാരന് വൈസ് പ്രസിഡന്റായും കഴിഞ്ഞ ഏപ്രിലിലാണ് ചുമതലയേറ്റത്.
പഞ്ചായത്തിലെ വലിയ ഒറ്റക്കക്ഷിയാണെങ്കിലും ഭരിക്കാനുള്ള കേവല ഭൂരിപക്ഷം ബി.ജെ.പിക്കില്ല. ബി.ജെ.പി- ആറ്, എല്.ഡി.എഫ് -അഞ്ച്, യു.ഡി.എഫ് -മൂന്ന് എന്നിങ്ങനെയാണ് കക്ഷി നില. ഇവിടെ നിർബന്ധമായും കോൺഗ്രസ് വോട്ടില്ലാതെ ജയിക്കാനാവില്ലെന്നതാണ് ഇടതുമുന്നണിക്ക് തിരിച്ചടിയാവുന്നത്. തിരുവില്വാമലയിൽ ബി.ജെ.പിക്കും കോൺഗ്രസിനും ആറ് വീതം സീറ്റുകളും എൽ.ഡി.എഫിന് അഞ്ച് സീറ്റുമുണ്ട്. അവിണിശേരിയിൽ നറുക്കെടുപ്പ് സാഹചര്യമില്ലാത്തതിനാൽ വോട്ടെടുപ്പും പിന്തുണയുമില്ലാതെ ഇടതുമുന്നണിക്ക് വിജയിക്കാനാവില്ല. ഇതാകട്ടെ വലിയ രാഷ്ട്രീയ ആയുധമായി കോൺഗ്രസും ബി.ജെ.പിയും ഉയർത്തുമെന്നതാണ് സി.പി.എമ്മിനെ പിൻവലിപ്പിക്കുന്നത്.
തിരുവില്വാമലക്ക് പിന്നാലെ അവിണിശേരിയിലും അവിശ്വാസം കൊണ്ടുവരുമെന്നായിരുന്നു സമീപനാള് വരെ കോൺഗ്രസ്, ഇടത് നേതൃത്വങ്ങൾ പറഞ്ഞിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.