വിവാദങ്ങളുണ്ടാക്കരുതെന്ന് നേതാക്കൾക്ക് മുല്ലപ്പള്ളിയുടെ മുന്നറിയിപ്പ്
text_fieldsതൃശൂർ: സീറ്റ് ചർച്ചകളും സ്ഥാനാർഥി നിർണയവും വിവാദത്തിനിട നൽകരുതെന്നും എല്ലാവർക്കും മാന്യമായ പരിഗണന നൽകണമെന്നും കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രെൻറ നിർദേശം. തദ്ദേശ െതരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ വിലയിരുത്തലായ നേതൃയോഗത്തിലാണ് മുല്ലപ്പള്ളി നിലപാട് ആവർത്തിച്ചത്. ആരും സ്വയം സ്ഥാനാർഥി ചമഞ്ഞ് പ്രചാരണം തുടങ്ങേണ്ട. പാർട്ടി തീരുമാനം എടുക്കുമെന്ന് മുല്ലപ്പള്ളി യോഗത്തിൽ അറിയിച്ചു. സർക്കാർ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിൽ വിമതരായി മത്സരിച്ച് ആ സാധ്യതയെ ഇല്ലാതാക്കാൻ ശ്രമിക്കരുത്. അത്തരക്കാർക്ക് സ്ഥാനം പിന്നെ പാർട്ടിക്ക് പുറത്തായിരിക്കും. മുഴുവൻ തദ്ദേശ സ്ഥാപനങ്ങളിലും ഭരണം നേടാൻ കഴിയും വിധത്തിലുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം നേതാക്കളോട് നിർദേശിച്ചു.
ജില്ലയിലെ പ്രവർത്തനങ്ങളിൽ മുല്ലപ്പള്ളി സംതൃപ്തി പ്രകടിപ്പിച്ചു. യോഗത്തിൽ അധ്യക്ഷത വഹിച്ച ഡി.സി.സി പ്രസിഡൻറ് എം.പി. വിൻസെൻറ് സ്ഥിരം മത്സരിക്കുന്നവർക്കെതിരെ രൂക്ഷ വിമർശനമുന്നയിച്ചു.
കെട്ടിക്കിടക്കുന്ന ജലമാകരുത് നേതാക്കളെന്നും ഒഴുക്കിനെ തുറന്നുവിട്ട് ജലാശയം ശുദ്ധീകരിക്കണമെന്നും അഭിപ്രായപ്പെട്ടു. പുതിയ ആളുകൾക്ക് കടന്നുവരാൻ ഇത് അവസരമാകുമെന്നും വിൻസെൻറ് വ്യക്തമാക്കി. നാഥനില്ലാതിരുന്ന ഡി.സി.സിക്ക് പ്രസിഡൻറായതിന് ശേഷം ലഭിച്ച കുറച്ച് നാളുകൾ കൊണ്ടുതന്നെ സംഘടനാതലത്തിൽ ഏകോപനമുണ്ടാക്കാനും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനായതും യോഗത്തിൽ വിലയിരുത്തി. കക്ഷികളുമായുള്ള ചർച്ച അവസാനത്തിലെത്തിയതായും മുല്ലപ്പള്ളി അറിയിച്ചു. ടി.എൻ. പ്രതാപൻ എം.പി, അനിൽ അക്കര എം.എൽ.എ, മുതിർന്ന നേതാവ് കെ.പി. വിശ്വനാഥൻ, കെ.പി.സി.സി വൈസ് പ്രസിഡൻറ് പത്മജ വേണുഗോപാൽ തുടങ്ങി കെ.പി.സി.സി, ഡി.സി.സി ഭാരവാഹികൾ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.