മുനമ്പം; സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടത്തിന് സംഘ്പരിവാർ ശ്രമം -മന്ത്രി രാജന്
text_fieldsതൃശൂർ: മുനമ്പം വിഷയത്തിന്റെ മറവിൽ സാമുദായിക ധ്രുവീകരണം നടത്തി രാഷ്ട്രീയ നേട്ടം കൊയ്യാനാണ് സംഘ്പരിവാർ ശ്രമിക്കുന്നതെന്ന് മന്ത്രി കെ. രാജന് പറഞ്ഞു. എ.ഐ.വൈ.എഫ് നേതാവ് അന്‍സിലിന്റെ പത്താം രക്തസാക്ഷിത്വദിന അനുസ്മരണ സമ്മേളനം വാടാനപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹൈകോടതിയുടെ പരിഗണനയിലുള്ള വിഷയം സമവായത്തിലൂടെയും സൗഹാർദാന്തരീക്ഷത്തിലൂടെയും പരിഹരിക്കാനുള്ള ശ്രമത്തിനിടയിൽ ന്യൂനപക്ഷ സമുദായങ്ങളെ പരസ്പരം ഭിന്നിപ്പിച്ച് ഒരു വിഭാഗത്തിനകത്ത് ഭയം സൃഷ്ടിക്കുകയും അത് വഴി അവരിൽ ഉടലെടുക്കുന്ന ഭീതിദമായ സാഹചര്യത്തെ മുതലെടുക്കുകയും ചെയ്യുകയാണ് സംഘ്പരിവാർ ചെയ്യുന്നത്.
മുനമ്പത്തെയും വൈപ്പിനിലെയും ജനങ്ങളുടെ വീടുകളും സ്വത്തുക്കളും സംരക്ഷിക്കാൻ ഇച്ഛാശക്തിയുള്ള സർക്കാറാണ് കേരളം ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.വൈ.എഫ് ജില്ല പ്രസിഡന്റ് ബിനോയ് ഷബീര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.എന്‍. ജയദേവന്, രക്തസാക്ഷി അന്‍സിലിന്റെ പിതാവ് ഹംസ, സംസ്ഥാന കൗണ്‍സില്‍ അംഗം രാഗേഷ് കണിയാംപറമ്പില്‍, എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി, സംസ്ഥാന കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
രാവിലെ വാടാനപ്പള്ളി സെന്ററിൽ എ.ഐ.വൈ.എഫ് ജില്ല സെക്രട്ടറി പ്രസാദ് പറേരി പതാക ഉയർത്തി പുഷ്പാർച്ചന നടത്തിയാണ് രക്തസാക്ഷിത്വ ദിനാചരണത്തിന് തുടക്കം കുറിച്ചത്.
മണ്ഡലം വൈസ് പ്രസിഡന്റ് സജിഷ് വാല പറമ്പിൽ അധ്യക്ഷത വഹിച്ചു. സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം രാഗേഷ് കണിയാംപറമ്പിൽ, ജില്ല പ്രസിഡന്റ് ബിനോയ് ഷബീർ, സി.പി.ഐ മണ്ഡലം സെക്രട്ടറി വി. ആര് മനോജ്, സംസ്ഥാന കമ്മിറ്റി അംഗം കനിഷ്കൻ വല്ലൂർ, മണ്ഡലം സെക്രട്ടറി സാജൻ മുടവങ്ങാട്ടിൽ, പ്രസിഡന്റ്, സി. കെ രമേഷ്, ജില്ല കമ്മിറ്റി അംഗം സി. വി സന്ദീപ് ബിജിത, സി.പി.ഐ വാടാനപ്പിള്ളി ലോക്കൽ സെക്രട്ടറി സി.ബി. സുനിൽകുമാർ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.