എച്ച്.എം.സിയിൽ മാധ്യമങ്ങളെ വിലക്കി നഗരസഭ ചെയർമാൻ
text_fieldsചാലക്കുടി: താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗത്തിൽനിന്ന് നഗരസഭ ചെയർമാൻ എബി ജോർജ് മാധ്യമപ്രവർത്തകരെ ഇറക്കിവിട്ടു. ചൊവ്വാഴ്ച നടന്ന യോഗം റിപ്പോർട്ട് ചെയ്യാനെത്തിയ ചാനലുകാർ അടക്കമുള്ളവരെയാണ് ഇറക്കിവിട്ടത്.
താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ ഉപദേശപ്രകാരമാണ് ചെയർമാന്റെ പുറത്താക്കൽ നടപടിയെന്നാണ് പറയപ്പെടുന്നത്. പത്രക്കാർ യോഗത്തിൽനിന്ന് പോകണമെന്ന് മൈക്കിലൂടെ അനൗൺസ് ചെയ്യുകയായിരുന്നു ചെയർമാൻ. ഇതുചോദ്യം ചെയ്ത എച്ച്.എം.സി അംഗത്തെ അവഗണിച്ചു. പത്രക്കാർ ഇറങ്ങിപ്പോയാലേ യോഗനടപടി ആരംഭിക്കൂ എന്ന നിലപാടെടുത്തതോടെ മാധ്യമപ്രവർത്തകർ ഇറങ്ങിപോയി.
ഒരുപതിറ്റാണ്ടിലേറെയായി മാധ്യമപ്രവർത്തകർ എച്ച്.എം.സി യോഗത്തിന് എത്താറുണ്ട്. ഇതുവരെയും വിലക്ക് ഉണ്ടായിട്ടില്ല.
പുതിയ നഗരസഭ ചെയർമാൻ എബി ജോർജ് വന്നശേഷമാണ് പത്രക്കാരെ പുറത്താക്കൽ ആരംഭിച്ചത്. യോഗത്തിൽ ഉണ്ടാകുന്ന വിമർശനങ്ങളും മറ്റും മാധ്യമങ്ങൾ പുറത്തറിയിച്ച് ആശുപത്രിയെ നശിപ്പിക്കുന്നുവെന്ന വിചിത്ര വാദമാണ് പറയുന്നത്. താലൂക്ക് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയിൽ ഡോക്ടർമാരും ഉദ്യോഗസ്ഥരും നഗരസഭ അംഗങ്ങളും രാഷ്ട്രീയ പ്രതിനിധികളും പൊതുജനങ്ങളും അംഗങ്ങളാണ്. ആശുപത്രി സൂപ്രണ്ടിന്റെ സ്വേച്ഛാധിപത്യവും സ്വജനപക്ഷപാതവും നഗരസഭയുടെ കാര്യക്ഷമതയില്ലായ്മയും ഉദ്യോഗസ്ഥരുടെ അനാസ്ഥയുമൊക്കെ ഇവിടെ ചൂടുപിടിച്ച ചർച്ചയാവാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.