കറുത്ത തിങ്കൾ
text_fieldsതൃശൂർ: വടക്കേക്കാട് വയോധിക ദമ്പതികളെ ചെറുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി. നാട് നടുങ്ങിയ വാർത്തയുമായാണ് തിങ്കളാഴ്ച പുലർന്നത്. പിന്നാലെയെത്തിയത് കണിമംഗലം പാടത്ത് വഞ്ചിമറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ വാർത്തയാണ്.
ഉച്ചകഴിഞ്ഞതോടെയാണ് നെഞ്ചുതകർക്കുന്ന മറ്റൊന്ന് കൂടിയെത്തുന്നത്, അമ്മയോടൊപ്പം സ്കൂട്ടറിൽ പോയിരുന്ന ഏഴര വയസ്സുകാരി കണ്ടെയ്നർ ലോറിയിടിച്ച് അടിയിൽപെട്ട് മരിച്ചു. ഒരു പകലിൽ നാല് ദാരുണമരണങ്ങളറിഞ്ഞ മരവിപ്പിലാണ് ജില്ല.
2004ലാണ് ജില്ല ഇരട്ടക്കൊലപാതകത്തിൽ ഞെട്ടിയത്. കവർച്ചക്കായിട്ടായിരുന്നു കൊലപാതകം. ഒക്ടോബറിൽ മതിലകം പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരിഞ്ഞനത്ത് കളപ്പുരയ്ക്കൽ സഹദേവനെയും (58) ഭാര്യ നിർമലയെയും കൊലപ്പെടുത്തി 11.25 പവൻ സ്വർണം മോഷ്ടിക്കുകയായിരുന്നു. റിപ്പർ ജയാനന്ദനായിരുന്നു കൊലപാതകം നടത്തിയത്. അതിനുശേഷം കഴിഞ്ഞ പത്തുവർഷത്തിനിടയിൽ ഏഴ് ഇരട്ടക്കൊലപാതകങ്ങൾ ജില്ലയിലുണ്ടായി.
ഒറ്റക്കുള്ള കൊലപാതകങ്ങൾ കൂടാതെയാണിത്. ഇതെല്ലാം അടുത്ത ബന്ധുക്കളും ഏറ്റവും അടുപ്പമുള്ളവരാണ് ഏറെയുമെന്നതാണ് ശ്രദ്ധേയം. മാത്രവുമല്ല, ഇതിലെല്ലാം ലഹരി പ്രധാന ഘടകവുമായിരുന്നു. വടക്കേക്കാട് കൊലപാതകത്തിലും മാനസിക പ്രശ്നങ്ങൾക്കൊപ്പം യുവാവ് ലഹരിക്ക് അടിമയായിരുന്നുവെന്നും പറയുന്നു.
2012 ജൂൺ ആറ് -പുതുക്കാട്
പുതുക്കാട് വടക്കെ തൊറവിൽ കേളംപ്ലാക്കല്‍ ജംഷീര്‍ (23), തുമ്പരപ്പിള്ളി ഗോപി (45) എന്നിവരെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ജംഷീറുമായുള്ള പ്രദേശവാസി ഇന്ദ്രൻകുട്ടിയുടെ മുൻവൈരാഗ്യമാണ് ഇരട്ടക്കൊലപാതകത്തിലെത്തിയത്. കേസില്‍ അതിവേഗത്തിൽ പ്രതികളെ പിടികൂടുകയും വിചാരണ പൂർത്തിയാക്കി വിധി പറയുകയും ചെയ്തു. ഒമ്പത് പ്രതികളില്‍ അഞ്ചുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു.
2014 ഏപ്രിൽ 25 -കോടന്നൂർ
ചേർപ്പ് കോടന്നൂർ താണിക്കമുനയം റോഡിൽ പൊലീസിന്റെ ഗുണ്ടാപട്ടികയിലുള്ള കോടന്നൂർ തോപ്പിൽ ഉണ്ട രാജേഷ് (രാജേഷ്), കാരക്കാട്ട് മാരാത്ത് അയ്യപ്പദാസ് എന്നിവരെയാണ് സംഘം ചേർന്നെത്തിയവർ വെട്ടിക്കൊലപ്പെടുത്തിയത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമായത്. കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവുശിക്ഷയാണ് വിചാരണകോടതി വിധിച്ചത്.
2015 ഏപ്രിൽ ഏഴ് -വെങ്കിടങ്ങ്
2015 ഏപ്രിൽ ഏഴിന് വെങ്കിടങ്ങ് കോഴിപ്പറമ്പ് ദേശത്തിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞിപ്പാത്തു, മകൾ സീന എന്നിവരെയാണ് പെട്രോൾ ഒഴിച്ച് തീയിട്ടു കൊന്നത്. അയൽപക്കത്ത് വീട് പണിക്കുവന്ന ബംഗാൾ സ്വദേശി റോബി എന്ന സോജിബുൾ അലിയാണ് പ്രതി. അലിക്ക് സീനയെ വിവാഹം ചെയ്ത് കൊടുക്കണമെന്ന ആവശ്യം നിരസിച്ചതിലെ വൈരാഗ്യം മൂലമായിരുന്നു കൊലപാതകം.
2019 ഏപ്രിൽ 24 -മുണ്ടൂർ
കഞ്ചാവ് കുടിപ്പകയെ തുടര്‍ന്ന് മുണ്ടൂരില്‍ ക്രിസ്റ്റോ, ശ്യാം എന്നിവരെ എതിർസംഘം വെട്ടിക്കൊലപ്പെടുത്തി. വരടിയം പാറപ്പുറത്ത് ബൈക്കിൽ വരുകയായിരുന്ന ഇരുവരെയും പിക്അപ് വാന്‍ കൊണ്ടിടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഇതിന് മുമ്പ് എതിർസംഘത്തിലുള്ളവരെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമായിരുന്നു കൊലപാതകം.
2021 സെപ്റ്റംബർ എട്ട് -അവിണിശ്ശേരി
ചേർപ്പ് അവിണിശ്ശേരിയിൽ കുടുംബ തർക്കത്തെ തുടർന്ന് മകന്റെ അടിയേറ്റ് അച്ഛനും അമ്മയും മരിച്ചു. ചേര്‍പ്പ് അവണിശ്ശേരിയില്‍ രാമകൃഷ്ണൻ, തങ്കമണി എന്നിവരാണ് മരിച്ചത്. രാത്രിയിൽ മദ്യപിച്ചെത്തി ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചായിരുന്നു പ്രദീപ് മാതാപിതാക്കളെ ക്രൂരമായി ആക്രമിച്ചത്. കഴുത്തിനും തലക്കും ഗുരുതരമായി പരുക്കേറ്റ ഇരുവരെയും നാട്ടുകാർ ആശുപത്രിയിലെത്തിച്ചുവെങ്കിലും ആദ്യം രാമകൃഷ്ണനും പിന്നാലെ തങ്കമണിയും മരിച്ചു.
2022 ഏപ്രിൽ 10 -ഇഞ്ചക്കുണ്ട്
കുടുംബ തർക്കത്തെ തുടർന്ന് പുതുക്കാട് ഇഞ്ചകുണ്ടിൽ കുണ്ടിൽ കുട്ടൻ, ഭാര്യ ചന്ദ്രിക എന്നിവരെയാണ് മകൻ അനീഷ് കൊലപ്പെടുത്തിയത്. തലേ ദിവസത്തെ വഴക്കിന്റെ തുടർച്ചയായി രാവിലെയും തുടർന്ന വഴക്കിൽ വീട്ടുമുറ്റത്തെയും റോഡിനോട് ചേർന്ന ഭാഗത്തെയും പുല്ല് പറിച്ച് നീക്കുകയായിരുന്ന കുട്ടനെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നു.
ഇത് കണ്ട് തടയാനെത്തിയ ചന്ദ്രികയെയും ആക്രമിച്ചു. റോഡിലേക്കോടിയ ഇരുവരെയും റോഡിലിട്ട് തുരുതുരെ വെട്ടി. ഇവിടെനിന്ന് രക്ഷപ്പെട്ട അനീഷ് പിറ്റേന്ന് പുലർച്ച തൃശൂരിൽ കമീഷണർ ഓഫിസിലെത്തി കീഴടങ്ങുകയായിരുന്നു.
2022 നവംബർ 28 -പല്ലിശ്ശേരി
ചേർപ്പ് പല്ലിശ്ശേരിയിൽ അച്ഛനെയും മകനെയും അയൽവാസി കുത്തിക്കൊലപ്പെടുത്തി. പല്ലിശ്ശേരി പനങ്ങാടൻ വീട്ടിൽ ചന്ദ്രൻ, മകൻ ജിതിൻ എന്നിവരെയാണ് അയൽവാസി വേലപ്പൻ കുത്തിക്കൊലപ്പെടുത്തിയത്. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്ന ജിതിനോട് മദ്യപിച്ചെത്തിയ വേലപ്പൻ തർക്കമുണ്ടാക്കുകയായിരുന്നു.
ബഹളം കേട്ടെത്തിയ ചന്ദ്രനുനേരെയും വേലപ്പൻ കൈയേറ്റത്തിന് ശ്രമിച്ചു. വീട്ടിൽനിന്ന് കത്തിയെടുത്ത് വന്ന വേലപ്പൻ ഇരുവരെയും കുത്തുകയായിരുന്നു. സ്ഥലത്തുവെച്ചുതന്നെ ഇരുവരും മരിച്ചു. വേലപ്പനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.