പൂർത്തിയാക്കാതെ മുരിങ്ങൂർ-ഏഴാറ്റുമുഖം റോഡ് നിർമാണം
text_fieldsചാലക്കുടി: മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ് നിർമാണം പ്രദേശവാസികളുടെ ക്ഷമ പരിശോധിച്ച് അനന്തമായി നീളുന്നു.
കരാറുകാരായ ആൽടെക് കമ്പനി റോഡ് പകുതിയോളം പൊളിച്ചിട്ടതിന് ശേഷം നിർമാണം നടത്താതെ ഒളിച്ചോടിയിരിക്കുകയാണ്.
മഴക്കാലമായാൽ ചെളിക്കെട്ട് നിറഞ്ഞും വേനലിൽ പൊടിശല്യവുമായി നാടിന് നരകം തീർക്കുകയാണ് ഇപ്പോൾ ഈ റോഡ്.
ഗതാഗതം ദുസ്സഹമായതിനാൽ മേലൂർ പഞ്ചായത്തിൽ കഴിഞ്ഞ രണ്ടു വർഷമായി യാത്രാദുരിതം തുടരുകയാണ്.
കിഫ്ബി ഫണ്ടിൽനിന്ന് 32 കോടിയിൽ പരം രൂപ ചെലവഴിച്ച് മുരിങ്ങൂർ - ഏഴാറ്റുമുഖം റോഡ് നവീകരണത്തിന് കരാറാവുന്നത് 2020ൽ ആണ്.
2021ൽ നിർമാണം പി.ഡബ്ല്യൂ.ഡിയാണ് തുടങ്ങി വെച്ചത്. തുടർന്ന് നിർമാണം കെ.ആർ.എഫ്.ബിക്ക് കൈമാറുകയായിരുന്നു. സംസ്ഥാനത്ത് ആദ്യമായി കെ.ആർ.എഫ്.ബി ഏറ്റെടുത്ത റോഡ് നിർമാണം കൂടിയാണിതെന്ന പ്രത്യേകതയും ഉണ്ട്.
14 കിലോ മീറ്ററാണ് മേലൂർ പഞ്ചായത്തിൽ ഉൾപ്പെടുന്നത്. കല്ലുത്തി മുതൽ പൂലാനിവരെ യാതൊരു സർവേയും നടത്താതെ പണി ആരംഭിച്ചതുമുതൽ ജനങ്ങളുടെ പ്രതിഷേധത്തിന് കാരണമായി. 10 മീറ്റർ വീതിയിൽ നിർമിക്കേണ്ട റോഡ് പലയിടത്തും എട്ട് മീറ്ററിലും താഴെയാണ്. ആദ്യഘട്ടം കല്ലുത്തി മുതൽ പൂലാനിവരെ റോഡ് വെട്ടിപ്പൊളിച്ച് ഒരു വർഷത്തോളം ചെളിക്കുണ്ടായി കിടന്നു.
കനത്ത പ്രതിഷേധത്തെ തുടർന്ന് പൂലാനിവരെ നാമമാത്രമായി ടാറിങ് നടത്തി. തുടർന്ന് ജനകീയ പ്രക്ഷോഭത്തെ തുടർന്ന് വീണ്ടും റോഡ് കുന്നപ്പിള്ളി വായനശാല വരെ ടാറിങ് നടത്താതെ കുത്തിപ്പൊളിച്ചിട്ടിരിക്കുകയാണ്. അടിച്ചിലി വരെയുള്ള ദൂരം ഒരു പണിയും നടന്നിട്ടില്ല.
മഴക്കാലം വന്നാൽ യാത്ര അത്യന്തം ദുരിതമാകും. പൊളിച്ചിട്ട ഭാഗങ്ങൾ അടിയന്തിര പ്രാധാന്യത്തോടെ ഉടൻ നിർമാണം നടത്തണമെന്നതാണ് ജനം ആവശ്യപ്പെടുന്നത്. എന്നാൽ അധികാരികൾ ഇതിനെതിരെ മുഖം തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.