ക്ലിയോപാട്രയോടൊപ്പം കടൽയാത്രയുടെ ആസ്വാദനം തീർത്ത് മുസിരിസ്
text_fieldsകൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ കടൽയാത്രയുടെ പുതിയ ലോകം തീർത്ത് ക്ലിയോപാട്രയും മുസ്രിസ് പൈതൃക പദ്ധതിയും. കോട്ടപ്പുറത്തുനിന്ന് കടലിലേക്കുള്ള ആദ്യ സഞ്ചാര സംവിധാനമാണ് ക്ലിയോപാട്ര എന്ന ആഡംബര യാത്രാ ബോട്ടിലൂടെ യാഥാർഥ‍്യമായിരിക്കുന്നത്. മുസ്രിസ് പൈതൃക പദ്ധതിയും കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനും സംയുക്തമായാണ് കടൽയാത്ര പദ്ധതിക്ക് രൂപംനൽകിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം കോട്ടപ്പുറം ആംഫി തിയറ്റർ പരിസരത്ത് അഡ്വ. വി.ആർ. സുനിൽകുമാർ എം.എൽ.എ നിർവഹിച്ചു. ക്ലിയോപാട്രയുടെ കന്നിയാത്ര വൈപ്പിൻ എം.എൽ.എ ഉണ്ണികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
മുസ്രിസിന്‍റെ വിനോദസഞ്ചാര മേഖലയിലെ സാധ്യതകൾ കൂടുതൽ വികസിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് കോട്ടപ്പുറത്തുനിന്ന് ഈ കടൽയാത്ര പദ്ധതി ആരംഭിക്കുന്നതെന്ന് മുസ്രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു. കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽനിന്ന് ആരംഭിച്ച് കടലിലേക്ക് രണ്ട് മണിക്കൂർ യാത്രയണ് ക്ലിയോപാട്രയിലൂടെ വിഭാവനം ചെയ്യുന്നത്. സഹോദരൻ അയ്യപ്പൻ മ്യൂസിയം, പള്ളിപ്പുറം മഞ്ഞുമാത ബസിലിക്ക, അഴീക്കോട് പുലിമുട്ട്, മുനയ്ക്കൽ എന്നീ പ്രദേശങ്ങളിലൂടെ കടന്ന് കടലിലേക്ക് സഞ്ചരിച്ച് കോട്ടപ്പുറം ഫോർട്ട് ജെട്ടിയിൽ തിരിച്ചെത്തുന്നതാണ് പാക്കേജ്. എ.സി, നോൺ എ.സി ഇരിപ്പിട സംവിധാനം, യാത്രാവേളയിൽ ഗൈഡ്, ഗായകർ, വിനോദ പരിപാടികൾ എന്നിവ യാനത്തിൽ ഉണ്ടാകും. ഇതിനൊപ്പം ലഘുഭക്ഷണവും യാത്രക്കാർക്ക് നൽകും. എല്ലാ സുരക്ഷ സംവിധാനങ്ങളും യാനത്തിലുണ്ടാകും. നൂറ് പേർക്ക് യാത്ര ചെയ്യാവുന്ന ബോട്ടിൽ ടിക്കറ്റ് നിരക്ക് 400 രൂപയാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് യാത്ര സൗജന്യമാണ്. രാവിലെ ഒമ്പത് മുതൽ വൈകീട്ട് 6.30 വരെയുള്ള സമയങ്ങളിൽ യാത്ര സൗകര്യം ലഭ്യമാണ്.
സാധാരണ ടിക്കറ്റ് പ്രകാരമുള്ള യാത്രക്ക് പുറമെ രണ്ട് പാക്കേജ് യാത്രകളും ക്ലിയോപാട്ര മുസ്രിസ് ക്രൂയിസിന്‍റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. കോളജ്, സ്കൂൾ വിദ്യാർഥികൾക്കായി സ്റ്റുഡന്‍റ് ക്രൂയിസ് പാക്കേജ് പ്രത്യേകമായിട്ടുണ്ട്. ഇതിൽ 50 വിദ്യാർഥികൾക്കും അധ്യാപകർക്കും കൂടി വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ 19,999 രൂപ മാത്രമാണ് ഈടാക്കുക. ഇതിന് പുറമെ അധികമായി വരുന്ന ഓരോ ആൾക്കും 250 രൂപ മാത്രമാണ് അധികമായി ഈടാക്കുക.
എക്‌സ്ക്ലൂസിവ് പാക്കേജിൽ 50 വെജിറ്റേറിയൻ ഭക്ഷണം ഉൾപ്പെടെ യാത്ര പാക്കേജിന് 24,999 രൂപയാണ് ഈടാക്കുന്നത്. ഈ പാക്കേജിൽ 50 പേരിൽ കൂടുതലായി യാത്ര ചെയ്യുന്ന ഓരോ ആൾക്കും 300 രൂപ വീതം അധികം നൽകിയാൽ മതി. ഈ രണ്ട് പാക്കേജിനും ഉച്ചഭക്ഷണം ഉൾപ്പെടും. മുസ്രിസ് പദ്ധതിക്ക് ലഭ്യമായിട്ടുള്ള അടിസ്ഥാന സൗകര്യങ്ങളായിരിക്കും കോട്ടപ്പുറത്ത് ക്ലിയോപാട്രയുടെ സഞ്ചാര സംവിധാനങ്ങൾക്കും ഉപയോഗിക്കുക. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9778413160, 9846211143.
ഉദ്ഘാടന ചടങ്ങിൽ കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൻ എം.യു. ഷിനിജ അധ്യക്ഷത വഹിച്ചു. മുസ്രിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ് മുഖ്യാതിഥിയായി. നഗരസഭ കൗൺസിലർമാരായ എൽസി പോൾ, വി.എം. ജോണി, ജി.എസ്. സജീവൻ, കെ.എസ്.ഐ.എൻ.സി എ.ഇ ജയകൃഷ്ണൻ കെ, കമേഴ്‌സ്യൽ മാനേജർ സിറിൽ മാത്യു, മുസ്രിസ് പൈതൃക പദ്ധതി മാർക്കറ്റിങ് മാനേജർ ഇബ്രാഹിം സബിൻ, മ്യൂസിയം മാനേജർമാരായ സജ്‌ന വസന്തരാജ്, എം.ബി. നിമ്മി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.