മുസിരിസ് ജലപാത: ബോട്ടുജെട്ടി നിർമാണം തുടങ്ങി
text_fieldsകൊടുങ്ങല്ലൂർ: മുസിരിസ് ജലപാതയിൽ അഴീക്കോട് മുനക്കൽ ബീച്ചിലും മതിലകം ബംഗ്ലാവ് കടവിലും രണ്ട് ബോട്ടുജെട്ടികളുടെ നിർമാണം തുടങ്ങി. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഓൺലൈനായി നിർമാണോദ്ഘാടനം നിർവഹിച്ചു.
പൈതൃകപദ്ധതികൾക്ക് സംസ്ഥാനസർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് അദ്ദേഹം പറഞ്ഞു. മുസിരിസ് പൈതൃകപദ്ധതിയെ പിന്തുടർന്ന് ആലപ്പുഴ പൈതൃകപദ്ധതിയും തുടർന്ന് തിരുവിതാംകൂർ പൈതൃകപദ്ധതിയും വിഭാവനം ചെയ്ത് വിപുലീകരിക്കാനുള്ള നടപടികൾ നടന്നുവരുകയാണ്.
മുസിരിസിലേക്കുള്ള പഠനയാത്രക്ക് സംസ്ഥാന ബജറ്റിൽ അഞ്ചുകോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതികൾ യാഥാർഥ്യമാകുന്നതോടെ തിരുവിതാംകൂറിലെയും തിരു-കൊച്ചിയുടെയും മുസിരിസിെൻറയും ആലപ്പുഴയുടെയും തലശ്ശേരിയുടെയും പൈതൃകപദ്ധതികൾ പുതുതലമുറക്ക് അനുഭവവേദ്യമാക്കാൻ സഹായിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മുസിരിസ് പൈതൃകപദ്ധതി പ്രദേശത്തേക്ക് ജലാശയം വഴി സഞ്ചാരികളെ ആകർഷിക്കാനായി ആരംഭിച്ച ഹോപ് ഓൺ ഹോപ് ഓഫ് ബോട്ട് സർവിസുകളുടെ ഭാഗമായാണ് ബോട്ടുജെട്ടികൾ നിർമിക്കുന്നത്. ഗോതുരുത്ത് വലിയ പള്ളി, പള്ളിപ്പുറം, അഴീക്കോട് മാർത്തോമ്മ, ഗോതുരുത്ത് ചെറിയ പള്ളി, കോട്ടയിൽ കോവിലകം, കോട്ടപ്പുറം കോട്ട, സഹോദരൻ അയ്യപ്പൻ സ്മാരകം, ചേന്ദമംഗലം, പറവൂർ മാർക്കറ്റ്, കോട്ടപ്പുറം ചന്ത എന്നിവയാണ് നിലവിലുള്ള ജെട്ടികൾ. മുനയ്ക്കൽ ബോട്ടുജെട്ടിക്ക് 73 ലക്ഷവും ബംഗ്ലാവ് കടവ് ജെട്ടിക്ക് 57 ലക്ഷവുമടക്കം 1.30 കോടി രൂപയാണ് നിർമാണച്ചെലവ്. ഇറിഗേഷൻ വകുപ്പിനാണ് നിർമാണച്ചുമതല.
ഇ.ടി. ടൈസൺ എം.എൽ.എ അധ്യക്ഷത വഹിച്ചു. എറിയാട്, മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ കെ.പി. രാജൻ, സീനത്ത് ബഷീർ, വൈസ് പ്രസിഡൻറുമാരായ വി.എസ്. രവീമൻ, പ്രസീന റാഫി, ജില്ല പഞ്ചായത്തംഗം കെ.എസ്. ജയ, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷായി അയ്യാരിൽ, മുസിരിസ് പൈതൃക പദ്ധതി മാനേജിങ് ഡയറക്ടർ പി.എം. നൗഷാദ്, ഇറിഗേഷൻ വകുപ്പ് എക്സിക്യൂട്ടിവ് എൻജിനീയർ ബി. അബ്ബാസ്, മുസിരിസ് മാർക്കറ്റിങ് മാനേജർ ഇബ്രാഹീം സബിൻ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.