'എന്‍റെ തൊഴിൽ എന്‍റെ അഭിമാനം': സർവേ പൂർത്തിയാക്കിയ ആദ്യ ജില്ലയായി തൃശൂർ
text_fieldsതൃശൂർ: 'എന്‍റെ തൊഴിൽ എന്‍റെ അഭിമാനം' കാമ്പയിന്‍റെ ഭാഗമായുള്ള സർവേ സംസ്ഥാനത്ത് ആദ്യമായി പൂർത്തിയാക്കിയ ജില്ലയായി തൃശൂർ. സർവേ പൂർത്തീകരണത്തിന്‍റെ ഔദ്യോഗിക പ്രഖ്യാപനം ജില്ല ആസൂത്രണ സമിതി ചെയർമാനും ജില്ല പഞ്ചായത്ത് പ്രസിഡന്‍റുമായ പി.കെ. ഡേവിസും കലക്ടർ ഹരിത വി. കുമാറും ചേർന്ന് നടത്തി.
നാല് ദിവസംകൊണ്ട് 10,980 കുടുംബശ്രീ എന്യൂമറേറ്റർമാർ 9,95,158 സ്ഥലങ്ങളിൽ സർവേക്ക് കയറി. ഇതിൽ 8,30,859 വീടുകളിൽനിന്ന് 4,84,984 തൊഴിൽ അന്വേഷകരെ കണ്ടെത്തി. പ്ലസ് ടു വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് തൊഴിൽ അന്വേഷകരിൽ ഏറെയും. ഡിഗ്രി, ബിരുദാനന്തര ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ എന്നീ യോഗ്യതയുള്ളവരുടെയും വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്.
ഗ്രാമ, വാർഡ് തലങ്ങളിൽ വിപുലമായ സംഘാടക സമിതികൾ രൂപവത്കരിച്ചാണ് സർവേ തുടങ്ങിയത്. കുടുംബശ്രീക്കായിരുന്നു ചുമതല. 'ജാലകം' മൊബൈൽ ആപ്ലിക്കേഷനിലൂടെ നടത്തിയ ഡിജിറ്റൽ സർവേയിലൂടെ അഭ്യസ്തവിദ്യരുടെ കൃത്യമായ വിവരങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങളിൽ ലഭ്യമായിട്ടുണ്ട്.
2026നകം ചുരുങ്ങിയത് 20 ലക്ഷം പേർക്ക് തൊഴിലവസരം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ രൂപവത്കരിച്ച 'കേരള ഡവലപ്മെന്‍റ് ആൻഡ് ഇന്നവേഷൻ സ്ട്രാറ്റജി കൗൺസിൽ' (കെ-ഡിസ്ക്) മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് 'കേരള നോളജ് എക്കണോമി മിഷൻ.
കുടുംബശ്രീ എന്യൂമറേറ്റർമാരെ ഡി.പി.സി ചെയർമാനും കൺവീനറും അഭിനന്ദിച്ചു. പ്രഖ്യാപന ചടങ്ങിൽ ജില്ല പ്ലാനിങ് ഓഫിസർ എൻ.കെ. ശ്രീലത, ജനകീയാസൂത്രണം ജില്ല ഫെസിലിറ്റേറ്ററും സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ് മെമ്പറുമായ അനൂപ് കിഷോർ, ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പഞ്ചായത്ത് ഓഫിസ് സീനിയർ സൂപ്രണ്ട് വിനോദ് കുമാർ, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ. രാധാകൃഷ്ണൻ, കുടുംബശ്രീ ജില്ല പ്രോഗ്രാം മാനേജർ എ.കെ. വിനീത എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.