'മൈ റേഡിയോ 90 എഫ്.എം' ഒന്നിന് തുടങ്ങും
text_fieldsതൃശൂർ: 'മൈ റേഡിയോ 90 എഫ്.എം' പേരിൽ തൃശൂരിൽനിന്ന് കേരളപ്പിറവി ദിനത്തിൽ കമ്യൂണിറ്റി റേഡിയോ പ്രവർത്തനം തുടങ്ങും. ടി.എൻ. പ്രതാപൻ എം.പിയുടെ നേതൃത്വത്തിലെ 'സ്നേഹപൂർവം' എജുക്കേഷനൽ ചാരിറ്റബിൾ ട്രസ്റ്റിന് കേന്ദ്ര സർക്കാർ അനുവദിച്ച കമ്യൂണിറ്റി റേഡിയോ, വിദ്യാഭ്യാസ-വിനോദ പരിപാടികളിൽ ഊന്നിയാണ് പ്രവർത്തിക്കുക.
ഇതിനായി അധ്യാപകരുടെയും വിദ്യാഭ്യാസ വിദഗ്ധരുടെയും വിദ്യാർഥികളടെയും പ്രത്യേക ടീം രൂപവത്കരിച്ചതായും സ്കൂൾ, കോളജ് കാമ്പസ് റേഡിയോ ക്ലബുകൾ രൂപവത്കരിക്കുമെന്നും എം.പിയും ഡയറക്ടർ എം.പി. സുരേന്ദ്രനും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
തൃശൂർ എം.ജി റേഡിലെ സെന്‍റർ പോയിന്‍റിൽനിന്നാണ് പ്രവർത്തനം തുടങ്ങുന്നത്. വിലങ്ങൻകുന്നിൽ റേഡിയോ നിലയത്തിനായി സ്ഥലം വാങ്ങി. ഇതിന്‍റെ ശിലാസ്ഥാപനവും ഒന്നിന് നടക്കും. നവംബർ ഒന്നിന് വൈകീട്ട് അഞ്ചിന് പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്‍ററിൽ നടൻ ജയസൂര്യയാണ് 'മൈ റേഡിയോ' ഉദ്ഘാടനം ചെയ്യുന്നത്. മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും.
കാമ്പസ് റേഡിയോ മന്ത്രി കെ. രാധാകൃഷ്ണനും സ്കൂൾ റേഡിയോ മേയർ എം.കെ. വർഗീസും ഉദ്ഘാടനം ചെയ്യും. റേഡിയോ സ്റ്റേഷൻ തറക്കല്ലിടൽ എം.എ. യൂസഫലിയും യൂട്യൂബ് ചാനൽ ഉദ്ഘാടനം സി.പി. സാലിഹും നിർവഹിക്കും.
തപാൽ വകുപ്പ് പുറത്തിറക്കുന്ന പ്രത്യേക കവർ പ്രകാശനം സംവിധായകൻ സത്യൻ അന്തിക്കാടും തീം സോങ് സമർപ്പണം സംവിധായകൻ കമലും ടാഗ് ലൈൻ പ്രഖ്യാപനം കലക്ടർ ഹരിത വി. കുമാറും നിർവഹിക്കും.
പി. ബാലചന്ദ്രൻ എം.എൽ.എ, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് തുടങ്ങിയവരും പങ്കെടുക്കും. പരിപാടിക്കുശേഷം സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലെ സോൾ ബാൻഡിന്‍റെ സംഗീത സായാഹ്നവും ഗാനവിരുന്ന്, നൃത്ത-സംഗീത ശിൽപം തുടങ്ങിയ പരിപാടികളുമുണ്ട്.
20 കിലോമീറ്ററാണ് റേഡിയോക്ക് പരിധി നിശ്ചയിച്ചിരിക്കുന്നതെങ്കിലും ഓൺലൈൻ സ്ട്രീമിങ്, ആപ് എന്നിവയിലൂടെ ലോകമെങ്ങുമുള്ള മലയാളികൾക്ക് ഇതിലെ പരിപാടികൾ ശ്രവിക്കാനാകും. സമൂഹ മാധ്യമങ്ങളെയും പ്രയോജനപ്പെടുത്തും. വിദ്യാർഥികളിൽനിന്ന് റേഡിയോ ജോക്കികളെ കണ്ടെത്താൻ ടാലന്‍റ് ഹണ്ട് സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ജലീൽ വലിയകത്തും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.