ദേശീയപാതയിൽ; ലെയ്ൻ ട്രാഫിക് കർശനമാക്കുന്നു
text_fieldsതൃശൂർ: കേരളത്തിൽ ചേർത്തല മുതൽ വാളയാർ വരെയുള്ള ദേശീയപാതയിൽ ലെയ്ൻ ട്രാഫിക് നിബന്ധനകൾ കർശനമായി നടപ്പാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിൽ നടപടി സ്വീകരിക്കുന്നതായി സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
ദേശീയപാത നാലുവരിയായി കടന്നുപോകുന്ന സ്ഥലങ്ങളിൽ (ചേർത്തല മുതൽ വാളയാർ വരെ) വേഗത കുറഞ്ഞ രീതിയിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ, അതായത് വലിയ ചരക്കുവാഹനങ്ങൾ, ട്രെയിലറുകൾ തുടങ്ങിയവ റോഡിന്റെ ഇടതു ട്രാക്കിലൂടെ സഞ്ചരിക്കണം. വേഗത കൂടിയ രീതിയിൽ സഞ്ചരിക്കേണ്ട വാഹനങ്ങൾ ദേശീയപാതയുടെ വലതുവശത്തുകൂടെയുള്ള ട്രാക്കിലൂടെ വേണം സഞ്ചരിക്കാൻ.
കുറഞ്ഞ വേഗതയിലാണ് വാഹനം സഞ്ചരിക്കുന്നതെങ്കിൽ ഇടതുവശത്തെ ട്രാക്ക് തെരഞ്ഞെടുക്കാം. ഓവർടേക്ക് ചെയ്യേണ്ടി വരുകയാണെങ്കിൽ, സുരക്ഷിതമായ അകലം പാലിച്ച്, മുന്നിൽ പോകുന്ന വാഹനത്തിന്റെ വലതു വശത്തുകൂടി മാത്രം ഓവർടേക്ക് ചെയ്യുക. ദേശീയപാതകളിൽ ലെയ്ൻ ട്രാഫിക് കർശനമായി പാലിക്കുന്നതിന് പൊലീസിന്റെ ആഭിമുഖ്യത്തിൽ ചെക്ക്പോസ്റ്റുകളിലും ടോൾ ബൂത്തുകളിലും വാഹന ഡ്രൈവർമാർക്ക് ബോധവത്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
ദേശീയപാതകളിൽ പൊലീസ് നടത്തുന്ന പരിശോധനയിൽ ലൈൻ ട്രാഫിക് നിയമം ലംഘിക്കുന്ന വാഹനങ്ങൾ കണ്ടെത്തിയാൽ അവ തടഞ്ഞ് നിർത്തില്ല. എന്നാൽ, വിഡിയോ കാമറ, ഡാഷ് കാമറ, ശരീരത്തിൽ ധരിക്കുന്ന കാമറ എന്നിവ ഉപയോഗിച്ച് കുറ്റകൃത്യങ്ങൾ കണ്ടെത്തുകയും വാഹന ഉടമക്കും ഡ്രൈവർക്കുമെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. ദേശീയ പാതയിലും മറ്റ് റോഡുകളിലും പൊലീസ് സ്ഥാപിച്ച കാമറ ഉപയോഗിച്ച് നിയമ ലംഘനം നടത്തുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയാനാകും.
ട്രാഫിക് നിയമ ലംഘനം: ചിത്രങ്ങൾ അയക്കാം
ട്രാഫിക് നിയമലംഘനം സംബന്ധിച്ച ചിത്രങ്ങളും വീഡിയോകളും കേരള പൊലീസിന്‍റെ ശുഭയാത്ര ഹെൽപ് ലൈൻ നമ്പർ 9747001099ലേക്ക് വാട്സ്ആപ് ആയി അയക്കാം. നിയമലംഘകർക്കെതിരെ കർശനമായ നടപടി സ്വീകരിക്കുമെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.