പുഴയിൽ 'മുങ്ങിത്താഴ്ന്ന്' യുവാവ്; രക്ഷകരായി ഫയർഫോഴ്സ്
text_fieldsതൃപ്രയാർ: ബുധനാഴ്ച രാവിലെ 10ന് തൃപ്രയാർ ശ്രീരാമക്ഷേത്രത്തിെൻറ മുന്നിലെ പുഴയിൽ കുളിക്കാനിറങ്ങിയ നാട്ടുകാരൻ നിലയില്ലാത്ത സ്ഥലത്ത് കൈകാലുകൾ കുഴഞ്ഞ് മുങ്ങി തുടിച്ചുകൊണ്ടിരുന്നു.
സമീപത്തെ പാലത്തിലൂടെ പോയിരുന്നവരും ഇരുകരകളിലുണ്ടായിരുന്നവരും ഒന്നും ചെയ്യാനാവാതെ ബഹളംവെച്ച് നിൽക്കുന്നതിനിടെ നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ ടീം കുതിച്ചെത്തി രക്ഷാപ്രവർത്തനത്തിലേർപ്പെട്ടു. മുങ്ങിക്കൊണ്ടിരുന്ന ആളെ കരക്കുകയറ്റി.
സ്ട്രച്ചറിൽ കിടത്തിയ ആളെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനുള്ള തയാറെടുപ്പൊന്നും കാണാതായപ്പോൾ നാട്ടുകാർക്ക് സംശയമായി.
അപകടത്തിൽപെട്ട ആൾ ചാടി എഴുന്നേറ്റ് സഹപ്രവർത്തകർക്കൊപ്പം ചേർന്നപ്പോഴാണ് നാട്ടുകാരുടെ ഉത്കണ്ഠ മാറിയത്. നാട്ടിക ഫയർ ആൻഡ് റെസ്ക്യൂ നടത്തിയ ജലാശയ രക്ഷാപ്രവർത്തനത്തിെൻറ മോക്ഡ്രിൽ ആയിരുന്നുവെന്ന് മനസ്സിലായതും.
സ്റ്റേഷൻ ഓഫിസർ ഗോപാലകൃഷ്ണൻ മാവിലയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫിസർ അനിൽകുമാർ, സീനിയർ ഫയർ ഓഫിസർമാരായ, ബ്രിജിലാൽ, സജീവ്, ചന്ദ്രൻ, ഫയർ ഓഫിസർമാരായ മനു, അബ്ദുൽ മജീദ്, ഷാജി സിവിൽ ഡിഫൻസ് അംഗങ്ങളായ ഷിഹാബ്, നിയാസ്, രഞ്ജിത്ത് എന്നിവരും മോക് ഡ്രില്ലിൽ പങ്കെടുത്തു.
പൊതുജനങ്ങൾക്ക് വേണ്ടിയുള്ള ബോധവത്കരണവും ശരിയായ ജലാശയ രക്ഷാപ്രവർത്തനത്തിെൻറ പരിശീലനവുമാണ് ഇത്തരത്തിലുള്ള ഡ്രില്ലുകൾ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നും സ്റ്റേഷൻ ഒാഫിസർ ഗോപാലകൃഷ്ണൻ മാവില പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.