ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകളുടെ കനിവ് തേടി നൗഷാദ്
text_fieldsമാള: ജീവിതം തിരിച്ചുപിടിക്കാൻ സുമനസ്സുകളുടെ കനിവ് തേടി ഒരാൾ. അന്നമനട മതിലകത്ത് വീട്ടിൽ ഹംസയുടെ മകൻ നൗഷാദാണ് അർബുദബാധിതനായി ദുരിതപർവം പേറുന്നത്. ദുരന്തം ഈ കുടുംബത്തെ പതിറ്റാണ്ടായി പിന്തുടരുകയാണ്. ആദ്യം നൗഷാദിന്റെ മാതാവ് അർബുദബാധിതയായി മരിച്ചു.
താമസിയാതെ ഏഴ് വയസ്സുകാരനായ ഏക മകനെയും അർബുദം പിടികൂടി ജീവനെടുത്തു. ഇപ്പോൾ ഒരു പനിയോടെയാണ് നൗഷാദിന് ബുദ്ധിമുട്ടുകൾ വന്നു തുടങ്ങിയത്. ആശുപത്രികൾ കയറിയിറങ്ങി. ശരീരം നീര് വെച്ച് വയറു വീർത്ത് ബുദ്ധിമുട്ട് നേരിട്ടു. നൗഷാദിനെയും അർബുദം പിടികൂടിയത് പരിശോധന ഫലം വന്നപ്പോഴാണ് അറിഞ്ഞത്. വീട്ടിലിരുന്ന് പപ്പടം ഉണ്ടാക്കി കടകളിൽ വിതരണം ചെയ്യുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹത്തിന് താങ്ങാവുന്നതിൽ അപ്പുറമായിരുന്നു അത്.
മാതാവിന്റെയും മകന്റെയും വിയോഗം തീർത്ത സങ്കടത്തിൽ കഴിയുമ്പോഴും വിധിയെ പഴിക്കാതെ അതിജീവിക്കാൻ തീരുമാനിക്കുകയായിരുന്നു ഈ യുവാവ്. വാടകവീട്ടിൽ വയോധികനായ പിതാവും ഭാര്യയും മാത്രമാണുള്ളത്. ഇ.ടി. ടൈസൺ എം.എൽ.എ ഇടപെട്ട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സക്ക് തുടക്കമായി. പിന്നീട് തിരുവനന്തപുരം ആർ.സി.സിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് കീമോ ആരംഭിച്ചു.
ഇതിനിടയിൽ തൃശൂർ മെഡിക്കൽ കോളജിൽ മൂന്ന് ശസ്ത്രക്രിയകളും കഴിഞ്ഞു. ഇപ്പോൾ സ്വന്തം കാര്യങ്ങൾ ചെയ്യാനും നടക്കാനും കഴിയുന്നുണ്ട്. മാസംതോറും വലിയ വില മരുന്നിന് വേണ്ടി വരുന്നുണ്ട്. ഇതിനിടയിൽ പി.എം. നൗഷാദ് ചെന്ത്രാപ്പിന്നി ഫ്രണ്ട്സ് ഫോറെവർ ചാരിറ്റബിൾ ട്രസ്റ്റ് ഒരു വീടിനു വേണ്ടിയുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. നൗഷാദിന്റെ ചികിത്സ ആവശ്യാർഥം പൊതുപ്രവർത്തകനായ വാളൂർ നൗഷാദ്, നൗഷാദിന്റെ ഭാര്യ സബീത, നൗഷാദ് എന്നിവരുടെ പേരിൽ ഫെഡറൽ ബാങ്ക് അന്നമനട ശാഖയിൽ ഒരു ജോയന്റ് അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 17030100081882. കസ്റ്റമർ ഐ.ഡി: 134143785. IFSC: FDRL0001703. നൗഷാദിന്റെ മൊബൈൽ നമ്പർ, ഗൂഗിൾ പേ: 9539019929.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.