നവകേരള സദസ്സിന് തൃശൂർ ജില്ലയിൽ ഇന്ന് തുടക്കം
text_fieldsതൃശൂർ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് ജില്ലയിൽ തിങ്കളാഴ്ച തുടക്കം. നാലുനാളിനിടയിൽ മന്ത്രിസഭ യോഗത്തിന് വരെ വേദിയാവുന്നതാണ് ജില്ലയിലെ പരിപാടി. പാലക്കാട് പരിപാടി കഴിഞ്ഞ് രാത്രി വൈകി ജില്ലയിലേക്ക് പ്രവേശിച്ച മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അതിർത്തിയിൽ വരവേറ്റു.
രാമനിലയത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും തങ്ങുന്നത്. വ്യാഴാഴ്ച വരെയാണ് ജില്ലയിൽ നവകേരള സദസ്സ്. തിങ്കളാഴ്ച മുതൽ ബുധനാഴ്ച വരെ നാല് മണ്ഡലങ്ങളിലും വ്യാഴാഴ്ച ചാലക്കുടി മണ്ഡലത്തിലുമാണ് പര്യടനം. രണ്ട് പ്രഭാത സദസ്സുകള്‍ ഉള്‍പ്പെടെ 15 പരിപാടികളിലാണ് മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും ജനങ്ങളുമായി സംവദിക്കുക.
നവകേരള സദസ്സിന്റെ അവസാന ഒരുക്കങ്ങൾ കലക്ടർ വി.ആർ. കൃഷ്ണതേജയും എം.എൽ.എമാരും ഉദ്യോഗസ്ഥരും വിലയിരുത്തി. ജില്ല പൊലീസ് മേധാവിമാർ പങ്കെടുത്ത് സുരക്ഷ ക്രമീകരണങ്ങളും അവലകോനം ചെയ്തു. കരിങ്കൊടി പ്രതിഷേധമടക്കം മുന്നറിയിപ്പ് ഇൻറലിജൻസ് വിഭാഗം നൽകിയിട്ടുണ്ട്. അതുകൊണ്ട് കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
തിങ്കളാഴ്ച രാവിലെ കിലയിലെ പൗരപ്രമുഖരും സമൂഹത്തിലെ വിവിധ മേഖലയിലുള്ളവരുമടക്കം പങ്കെടുക്കുന്ന പ്രഭാത യോഗത്തോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് രാവിലെ 11ന് ചെറുത്തുരുത്തി ജി.എച്ച്.എസ്.എസ് മൈതാനിയില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും.
വൈകീട്ട് മൂന്നിന് വടക്കാഞ്ചേരി മണ്ഡലം സദസ്സ് മുളങ്കുന്നത്തുകാവ് ആരോഗ്യ സർവകലാശാല ഒ.പി ഗ്രൗണ്ടിലും വൈകീട്ട് 4.30ന് കുന്നംകുളം മണ്ഡലം സദസ്സ് ചെറുവത്തൂര്‍ ഗ്രൗണ്ടിലും വൈകീട്ട് ആറിന് ഗുരുവായൂര്‍ മണ്ഡലം ജനസദസ്സ് ചാവക്കാട് ബസ് സ്റ്റാന്‍ഡിലെ കൂട്ടുങ്ങല്‍ ചത്വരത്തിലും നടക്കും.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നല്കിയ അവധി പിന്‍വലിച്ചു; ഇന്ന് സ്കൂളുകൾ പ്രവർത്തിക്കും
കുന്നംകുളം: നവകേരള സദസ്സിനോടനുബന്ധിച്ച് ജില്ലയിലെ വിവിധ മണ്ഡലങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അനുവദിച്ച അവധി സ്റ്റേറ്റ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ റദ്ദാക്കി കലക്ടര്‍ ഉത്തരവിറക്കി. നവകേരള സദസ്സിന്റെ വേദിയായ ചെറുതുരുത്തി ജി.എച്ച്.എസ്.എസ് സ്കൂളിലെ കുട്ടികള്‍ക്ക് പരിപാടി പൂര്‍ത്തിയായ ശേഷം സ്റ്റേറ്റ് സ്കൂള്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനാവശ്യമായ സൗകര്യം ഒരുക്കണമെന്നും ഉത്തരവില്‍ നിർദേശിക്കുന്നു.
നവകേരള സദസ്സ്: ഇന്ന് ഗതാഗത നിയന്ത്രണം; വിപുലമായ പാർക്കിങ് സൗകര്യം ഏർപ്പെടുത്തി
കുന്നംകുളം: നവകേരള സദസ്സിന്റെ ഭാഗമായി തിങ്കളാഴ്ച കുന്നംകുളത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കോഴിക്കോട് പട്ടാമ്പി ഭാഗത്ത് നിന്നും പെരുമ്പിലാവ് വഴി തൃശൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ അക്കിക്കാവ് സിഗ്നലില്‍ നിന്നും ബൈപ്പാസ് വഴി തിരിഞ്ഞ് പന്നിത്തടം വഴിയും തൃശൂര്‍ ഭാഗത്ത് നിന്നുള്ളവ തിരിച്ചും ഇതേ വഴിയും പോകണം.
തൃശൂര്‍ ഭാഗത്ത് നിന്ന് ഗുരുവായൂര്‍, ചാവക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ ചൂണ്ടല്‍ ജങ്ഷനില്‍നിന്ന് ഇടത്തോട്ട് തിരിഞ്ഞ് കൂനമുച്ചി, ഗുരുവായൂര്‍ റോഡ് വഴി തിരിഞ്ഞ് യാത്ര തുടരണം. കുന്നംകുളത്ത് അനധികൃത പാർക്കിങ് അനുവദിക്കുന്നതല്ലെന്ന് പൊലീസ് വ്യക്തമാക്കി.
സദസ്സിനായി എത്തുന്ന വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് കുന്നംകുളം മണ്ഡലത്തിൽ വിപുലമായ സൗകര്യം ഏർപ്പെടുത്തി. വി.ഐ.പികൾ, മറ്റ് ജില്ലതല ഉന്നത ഉദ്യോഗസ്ഥർ എന്നിവരുടെ വാഹനങ്ങൾ പരിപാടി നടക്കുന്ന ചെറുവത്തൂർ ഗ്രൗണ്ടിന് എതിർവശത്തുള്ള ഗ്രൗണ്ടിൽ പാർക്ക് ചെയ്യാം.
കുന്നംകുളം നഗരസഭയിൽനിന്ന് എത്തുന്ന വാഹനങ്ങൾ ബഥനി സ്കൂൾ ഗ്രൗണ്ട്, പുതിയ ബസ് സ്റ്റാൻഡ് പരിസരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്യാം. എരുമപ്പെട്ടി, വേലൂർ, കടങ്ങോട് പഞ്ചായത്തുകളിൽനിന്ന് വരുന്ന വാഹനങ്ങൾ സീനിയർ ഗ്രൗണ്ട്, ഗുഡ് ഷെപ്പേഡ് ഗ്രൗണ്ട്, സിന്തറ്റിക് സ്റ്റേഡിയത്തിന് മുൻവശമുള്ള ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണം. കാട്ടകാമ്പാൽ, കടവല്ലൂർ, പോർക്കുളം എന്നീ പഞ്ചായത്തുകളിൽ നിന്നും വരുന്ന വാഹനങ്ങൾ വിക്ടറി ഇന്നിനു സമീപത്തുള്ള ഗ്രൗണ്ടിലും പാർക്ക് ചെയ്യാം.
ചെറുതുരുത്തി: നവകേരള സദസ്സ് നടക്കുന്ന തിങ്കളാഴ്ച ചെറുതുരുത്തിയില്‍ ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. വരവൂര്‍, ദേശമംഗലം ഭാഗത്തുനിന്നും വലിയ വാഹനത്തില്‍ വരുന്നവര്‍ ചെറുതുരുത്തി ഗവ. സ്കൂളിന് മുന്നിലുള്ള മെയിന്‍ റോഡില്‍ പ്രവര്‍ത്തകരെ ഇറക്കി കേരള കലാമണ്ഡലം മൈതാനം, വെട്ടിക്കാട്ടിരി മാര്‍ക്കറ്റ് ഗ്രൗണ്ട്, വെട്ടിക്കാട്ടിരി കെ.ജെ.എം. ഓഡിറ്റോറിയം ഗ്രൗണ്ട്, ജ്യോതി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ചേലക്കര, പഴയന്നൂര്‍ എന്നിവിടങ്ങളില്‍നിന്ന് വരുന്നവര്‍ പ്രധാനറോഡില്‍ ആളുകളെ ഇറക്കി വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് മാര്‍ക്കറ്റ് ഗ്രൗണ്ട്, കാച്ചിന്പാലത്തിന് സമീപത്തുള്ള പൊതുശ്മശാന പരിസരപ്രദേശം എന്നിവിടങ്ങളില്‍ പാർക്ക് ചെയ്യണം. യാതൊരു കാരണവശാലും റോഡരികില്‍ പാര്‍ക്ക് ചെയ്യാന്‍ അനുവദിക്കില്ല.
ടൂവീലര്‍, ത്രീവീലര്‍, ഫോര്‍വീലര്‍ മുതലായ ചെറുവാഹനങ്ങള്‍ കോഴിമാംപറമ്പ് ക്ഷേത്ര മൈതാനം, ചെറുതുരുത്തി ജി.എല്‍.പി സ്കൂള്‍ മൈതാനം, വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് മാര്‍ക്കറ്റ് ഗ്രൗണ്ട്, വെട്ടിക്കാട്ടിരി മാര്‍ക്കറ്റ് ഗ്രൗണ്ട്, വെട്ടിക്കാട്ടിരി കെ.ജെ.എം. ഓഡിറ്റോറിയം ഗ്രൗണ്ട് എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം. ചെറുതുരുത്തി സ്കൂളിനുമുന്നിലുള്ള പി.ഡബ്ല്യു.ഡി റോഡില്‍ ഗതാഗതം പൂര്‍ണമായി നിരോധിച്ചു.
കോഴിമാംപറമ്പ് ക്ഷേത്ര മൈതാനിയില്‍ പാര്‍ക്ക് ചെയ്യുന്നതിനായി വാഹനങ്ങള്‍ ചുങ്കം പുതുശേരി റോഡില്‍നിന്ന് സുപ്പുട്ടി മേനോന് റോഡിലൂടെ വേണം എത്തിച്ചേരാന്‍. നവകേരള സദസ്സ് നടക്കുന്ന മൈതാനത്തേക്ക് ഒരു വാഹനങ്ങള്‍ക്കും പ്രവേശനം ഉണ്ടായിരിക്കില്ല. കോഴിമാംപറമ്പ് ക്ഷേത്ര മൈതാനം, ചെറുതുരുത്തി ജി.എൽ.പി സ്കൂള്‍ ഗ്രൗണ്ട് എന്നിവിടങ്ങളിലാണ് ഉദ്യോഗസ്ഥരുടെയും വി.ഐ.പികളുടെയും വാഹനങ്ങളുടെ പാര്‍ക്കിങ് സ്ഥലം.
പാവറട്ടി: മണലൂർ മണ്ഡലത്തിലെ നവകേരള സദസ്സിനോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി എസ്.എച്ച്.ഒ എം.കെ. രമേഷ് അറിയിച്ചു. രാവിലെ ഏഴ് മുതൽ ഉച്ചക്ക് മൂന്ന് വരെയാണ് നിയന്ത്രണം. ചാവക്കാട്, ഗുരുവായൂർ ഭാഗത്ത്നിന്ന് വരുന്ന വാഹനങ്ങൾ പരമാവധി വാടാനപ്പിള്ളി ഹൈവേ വഴിയും അല്ലെങ്കിൽ ചക്കംകണ്ടം, മരുതയൂർ കവല, കോന്നൻ ബസാർ ചുക്കുബസാർ, ഇടിയഞ്ചിറവഴി മുല്ലശേരിയിലേക്കും പ്രവേശിക്കണം.
കാഞ്ഞാണി മുല്ലശേരി ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങൾ കൂമ്പുള്ളി കനാൽ ബണ്ട് റോഡ് വഴിയോ പുവ്വത്തൂരിൽ നിന്നോ പറപ്പൂർ റോഡിലേക്ക് പ്രവേശിച്ച് താമരപ്പിള്ളി വഴി തൃശൂരിലേക്കും താമരപ്പിള്ളിയിൽ നിന്ന് ചിറ്റാട്ടുകര ചൊവ്വല്ലൂർപടി വഴി ഗുരുവായൂരിലേക്കും ചാവക്കാട്ടേക്കും പോകണം.
പുതുമ നശേരി, കശ്മീർ റോഡ്, ചക്കംകണ്ടം പ്രദേശത്തുള്ളവർ തൃശൂരിലേക്ക് ഗുരുവായൂർ മേൽപാലം വഴി പോകണം. രാവിലെ ഏഴ് മുതൽ ടാക്സി, ഓട്ടോ, ഗുഡ്സ് വാഹനങ്ങൾ, ട്രാവലറുകൾ സ്റ്റാൻഡുകളിൽ പാർക്ക് ചെയ്യരുത്. സദസ്സിൽ പങ്കെടുക്കുന്ന വാഹനങ്ങൾ നിർദേശിച്ചിട്ടുള്ള സ്ഥലങ്ങളിൽ മാത്രമേ പാർക്ക് ചെയ്യാവൂ. റോഡരികിലും മറ്റ് സ്ഥലങ്ങളിലും പാർക്ക് ചെയ്യരുത്.
മണലൂർ മണ്ഡലത്തിൽ നാളെ
പാവറട്ടി: ചൊവ്വാഴ്ച മണലൂർ മണ്ഡലം നവകേരള സദസ്സ് നടത്തുന്ന പാവറട്ടി സെന്റ് ജോസഫ് സ്കൂളിൽ ഒരുക്കം അവസാനഘട്ടത്തിൽ. ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. അത്യാവശ്യ ഘട്ടത്തിൽ ആംബുലൻസുകൾക്കും അപകടമുണ്ടായാൽ ഫയർ എൻജിൻ വാഹനങ്ങൾക്കും കടന്നു പോകാവുന്ന വീതിയിലാണ് പൊളിച്ചുമാറ്റിയത്. പ്രവേശിക്കുന്നിടത്തുള്ള ഉപയോഗശൂന്യമായ ടെലഫോൺ കാലും എടുത്തുമാറ്റിയിട്ടുണ്ട്. ഗ്രൗണ്ടിൽ മുഴുവൻ പന്തലൊരുക്കിയിട്ടുണ്ട്. കുറഞ്ഞത് പതിനായിരം പേരെങ്കിലും പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.