അവഗണനയുടെ ചങ്ങലയിൽ ചങ്ങലച്ചിറ
text_fieldsആളൂർ: പഞ്ചായത്തിലെ ജലസ്രോതസ്സുകളിലൊന്നായ ചങ്ങലച്ചിറ സംരക്ഷണമില്ലാതെ നശിക്കുന്നു. വര്‍ഷങ്ങളായി നവീകരണ പ്രവൃത്തി നടക്കാത്ത ചിറയും പരിസരവും പായലും പാഴ്ച്ചെടികളും നിറഞ്ഞ് അവഗണനയുടെ പ്രതീകമായിരിക്കുകയാണ്.
ആളൂര്‍ പഞ്ചായത്തിലെ വിസ്തൃതമായ കുളങ്ങളിലൊന്നായ ചങ്ങലച്ചിറ നാശോന്മുഖമായി കിടക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. വേനലിലും വര്‍ഷത്തിലും ഒരു പോലെ ജലസമൃദ്ധമായ ചിറ പായലും ചണ്ടിയും നീക്കി നവീകരിച്ചാല്‍ മേഖലയില്‍ ജലസേചന സൗകര്യവും കുടിവെള്ള ലഭ്യതയും വര്‍ധിപ്പിക്കാനാവുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
ഒരുകാലത്ത് ഈ ചിറയിലെ വെള്ളം ഉപയോഗപ്പെടുത്തി സമീപത്തെ പാടങ്ങളില്‍ നൂറുമേനി നെല്ല് വിളയിച്ചിരുന്നു. പാടങ്ങള്‍ നാമാവശേഷമായതോടെ ചിറയും അവഗണിക്കപ്പെട്ടു. കുളിക്കാനും വസ്ത്രങ്ങള്‍ കഴുകാനും ആശ്രയിച്ചിരുന്ന ചങ്ങലച്ചിറ കാടുമൂടിയതോടെ ആരും തന്നെ ചിറയിലിറങ്ങാതായി.
ജലസ്രോതസ്സുകളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ ആവിഷ്കരിക്കപ്പെടുമ്പോഴും പൈതൃകസമ്പത്തായ ചങ്ങലച്ചിറയോടുള്ള അവഗണന മാറ്റമില്ലാതെ തുടരുകയാണ്. ചിറയോടു ചേര്‍ന്ന് കടന്നുപോകുന്ന റോഡരികില്‍ സുരക്ഷ സംവിധാനങ്ങളില്ലാത്തത് അപകടത്തിനു വഴിവെക്കുന്നതായി മനുഷ്യാവകാശപ്രവര്‍ത്തകനും പൊതുകുളങ്ങളുടെ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്നയാളുമായ കെ.ജി. രവീന്ദ്രനാഥ് പറഞ്ഞു. രണ്ട് സംസ്ഥാന പാതകളെ ബന്ധിപ്പിക്കുന്ന ചങ്ങലച്ചിറ റോഡിന്റെ അരികില്‍ സുരക്ഷ ഭിത്തി നിര്മിക്കണമൈന്ന് ആവശ്യമുയരുന്നു. പോട്ട മൂന്നുപീടിക സംസ്ഥാന പാതയേയും കൊടകര കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന ലിങ്ക് റോഡ് കടന്നുപോകുന്നത് ചങ്ങലച്ചിറ കുളത്തിനോടു ചേര്‍ന്നാണ്.
ഈ ഭാഗത്ത് റോഡരികില്‍ സുരക്ഷ സംവിധാനമില്ലാത്തിനാല്‍ വാഹനങ്ങള്‍ കുളത്തിലേക്ക് മറിഞ്ഞ് അപകടം സംഭവിക്കുമെന്നാണ് ജനങ്ങളുടെ ആശങ്ക. ആളൂര്‍ ബി.എല്‍.എം സെന്ററില്‍നിന്ന് ആരംഭിക്കുന്ന റോഡ് ചങ്ങലഗേറ്റ് കടന്ന് മാള റോഡിലെ റെയില്‍വേ മേല്‍പ്പാലത്തിനടുത്താണ് അവസാനിക്കുന്നത്. മാനാട്ടുകുന്ന്, താഴേക്കാട് ഭാഗത്തേക്കുള്ള യാത്രക്കാരും എളുപ്പവഴിയായി ഈ റോഡിനെ തെരഞ്ഞെടുക്കാറുണ്ട്.
ഒട്ടേറെ വാഹനങ്ങള്‍ ദിനംപ്രതി കടന്നുപോകുന്ന റോഡിന്റെ ഓരത്താണ് സംരക്ഷഭിത്തിയില്ലാത്ത ചങ്ങലച്ചിറ പായല്മൂടി കിടക്കുന്നത്. റോഡിനേയും കുളത്തിനേയും വേര്‍തിരിച്ച് കുറ്റിച്ചെടികള്‍ മാത്രമാണ് ഇവിടെ ഉള്ളത്. എതിരെ വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാനായി ചിറയുടെ ഭാഗത്തേക്ക് വാഹനങ്ങള്‍ ഒതുക്കിയാല്‍ അരിക് ഇടിഞ്ഞ് ചിറയിലേക്ക് മറിയാനുള്ള സാധ്യത ഇവിടെ നിലനില്ക്കുന്നു. ചങ്ങലച്ചിറ നവീകരിക്കണമെന്നും റോഡരുകില്‍ സംരക്ഷണഭിത്തി നിര്‍മിക്കണമെന്നും ആവശ്യപ്പെട്ട് അധികൃതര്‍ക്ക് നിവേദനം നല്‍കിയതായി കെ.ജി. രവീന്ദ്രനാഥ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.