'ന്യൂജൻ ലഹരിക്കുടുക്കി'ൽ പുതുതലമുറ
text_fieldsതൃശൂർ: ന്യൂജൻ ലഹരിയുടെ പിടിയിൽ അമരുകയാണ് പുതുതലമുറ. ഗ്രാമ-നഗര വ്യത്യാസമില്ലാതെ ജില്ലയിലേക്ക് നിരോധിത മയക്കുമരുന്നായ എം.ഡി.എം.എ അടക്കമാണ് പുതിയ ശീലങ്ങൾ.
എക്സ്, മോളി, എക്സ്റ്റസി എന്നീ പേരുകളിലും അറിയപ്പെടുന്ന എം.ഡി.എം.എ നാട്ടിൻപുറങ്ങളിലും ലഭ്യമാണ്. വീര്യം കൂടിയതിനും കുറഞ്ഞതിനും വിലയിലും ഏറ്റക്കുറച്ചിലുണ്ട്. കാപ്സ്യൂൾ, ക്രിസ്റ്റൽ, പൊടി രൂപങ്ങളിൽ കിട്ടുന്ന സാധനം കുറഞ്ഞ അളവിൽ തന്നെ ലഹരി അടിമയാക്കും. മയക്കുമരുന്നിന്റെ ലഹരി അറിഞ്ഞ് പിന്നീട് കാരിയർമാരായി മാറുകയാണ് കൗമാരം. ഒരേസമയം പണവും ലഹരിയും ലഭിക്കുന്നതാണ് കൗമാരക്കാർക്കുള്ള ആകർഷണം.
വിതരണ ശൃംഖലയിൽ ചേർന്ന് കാരിയറായി പിടിയിലായവർ കൂടുകയാണ്. പെൺകുട്ടികൾ വരെ കാരിയർമാരായുണ്ട്. എന്നാൽ, ഇത്തരം സിന്തറ്റിക് ഡ്രഗുകളുടെ വരവോടെ കഞ്ചാവിന്റെ ഉപയോഗം കുറയുകയാണെന്ന ധാരണ വേണ്ട.
ഒഴുക്ക് ഭീകരം
കോയമ്പത്തൂർ-പാലക്കാട് വഴി ജില്ലയിലേക്ക് വൻതോതിലാണ് ലഹരി പദാർഥങ്ങൾ ഒഴുകുന്നത്. സാധാരണ ഉപയോഗിക്കുന്ന ബാഗുകളിൽ മറ്റാർക്കും സംശയം തോന്നാത്ത വിധം പൊതികളാക്കി ഒളിപ്പിക്കും. നാട്ടിലെത്തിയാൽ ചില്ലറ വിൽപനക്കാരിലേക്കെത്തിക്കാൻ കമീഷൻ പറഞ്ഞുറപ്പിച്ച് യുവാക്കളെയാണ് നിയോഗിക്കുക. കേരളത്തിൽ നിന്നുള്ള ഇടനിലക്കാർ ബംഗളൂരുവിലെത്തി ആവശ്യമുള്ള മയക്കുമരുന്ന് സുരക്ഷിതമായി നാട്ടിലെത്തിക്കുന്നുമുണ്ട്.
അന്തർസംസ്ഥാന വോൾവോ ബസുകൾ, സ്വകാര്യബസുകൾ, ലോറികൾ അടക്കം മയക്കുമരുന്ന് കടത്തിന് വിവിധ മാർഗങ്ങളാണുള്ളത്. കഴിഞ്ഞ ദിവസം കലാലയങ്ങളിൽനിന്ന് വിദ്യാർഥികളെ അടക്കം പിടികൂടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ ജില്ലയിലെ പ്രഫഷനൽ കോളജുകൾ കേന്ദ്രീകരിച്ചും വ്യാപക ഉപയോഗമാണ് നടക്കുന്നതെന്ന ഞെട്ടിക്കുന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. പരിശോധനയും കൗൺസലിങ്ങും ബോധവത്കരണവും വ്യാപകമാക്കുകയാണ് പൊലീസ്.
138 ലഹരി കേസുകളിൽ 124 പേർ അറസ്റ്റിൽ
ഈ വർഷം ഇതുവരെ 138 കേസുകളിലായി 124 പേരെ എക്സൈസ് അറസ്റ്റ് ചെയ്തു. 97 അബ്കാരി കേസുകളും 41 മയക്കുമരുന്നു കേസുകളുമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 540 ഗ്രാം എം.ഡി.എം.എ കഴിഞ്ഞ 27 ദിവസങ്ങളിലായി പിടിച്ചു. 198.800 ലിറ്റർ വിദേശമദ്യം, 1905 ലിറ്റർ വാഷ്, 69.200 ലിറ്റർ ചാരായം, 6.800 ലിറ്റർ വ്യാജമദ്യം, 5.150 കിലോ കഞ്ചാവ്, 65 ലിറ്റർ ബിയർ, 16.200 ലിറ്റർ അരിഷ്ടം എന്നിങ്ങനെ പോകുന്നു എക്സൈസ് ഡെപ്യൂട്ടി കമീഷണറുടെ കാര്യാലയത്തിൽ പടികൂടിയ ലഹരി വസ്തുക്കൾ.
വിളിച്ചുവരുത്തുന്നത് മാരകരോഗത്തെയും മരണത്തെയും
ഒരു ഗ്രാമിന് 3000 മുതൽ 6000 വരെ രൂപയാണ് വില വരുന്നത്. ഇത് വാങ്ങാൻ പണത്തിനായി കുറ്റകൃത്യങ്ങളിലേക്ക് വീഴുകയും ചെയ്യും. വിഷാദ രോഗം, ഓർമക്കുറവ്, കാഴ്ച ശക്തി നഷ്ടമാകൽ, ഹൃദ്രോഗം, നാഡികളുടെ തളർച്ച എന്നിവക്ക് ഇവ കാരണമാകും. തുടർച്ചയായ ഉപയോഗം വളരെ പെട്ടെന്ന് മറ്റ് മാരകരോഗങ്ങളിലേക്കും മരണത്തിലേക്കും വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.