കെട്ടുചിറയില്‍ പുതിയ സ്ലൂയിസ് കം ബ്രിഡ്ജ്; പടിയൂരില്‍ കാത്തിരിപ്പ് നീളുന്നു
text_fieldsപടിയൂര്‍: കെട്ടുചിറയില്‍ നിലവിലെ ചോര്‍ച്ചയുള്ള സ്ലൂയിസ് പൊളിച്ചുനീക്കി കൂടുതല്‍ വീതിയില്‍ പുതിയ പാലവും കൂടുതല്‍ ഷട്ടറുകളുള്ള സ്ലൂയിസും നിര്‍മിക്കാനുള്ള പദ്ധതി വൈകുന്നു. പദ്ധതിയുടെ മതിപ്പുചെലവ് ചീഫ് എന്‍ജിനീയര്‍ക്ക് സമര്‍പ്പിച്ചിട്ടുണ്ടെങ്കിലും സാങ്കേതികാനുമതി ലഭിക്കാന്‍ വൈകുന്നതാണ് കാരണം.
മതിലകം പുഴയില്‍നിന്ന് ഉപ്പുവെള്ളം കയറാതിരിക്കാനും പടിയൂര്‍, പൂമംഗലം, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലെ പാടശേഖരങ്ങളിലെ കൃഷിക്കും കുടിവെള്ളത്തിനും ആവശ്യമായ ജലം ശേഖരിക്കുന്നതിനുമായിട്ടാണ് കെട്ടുചിറ പാലത്തിനോട് ചേര്‍ന്ന് മൂന്ന് ഷട്ടറുകളുള്ള സ്ലൂയിസ് നിര്‍മിച്ചത്.
എന്നാല്‍, ഇവയുടെ ചോര്‍ച്ചമൂലം എല്ലാവര്‍ഷവും ഉപ്പുവെള്ളം കയറാതിരിക്കാന്‍ മണ്ണിട്ട് അടക്കേണ്ട അവസ്ഥയിലാണ്. 2002ല്‍ വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് 15 ലക്ഷം രൂപ ചെലവഴിച്ച് കെട്ടുചിറ പാലത്തില്‍ മൂന്ന് ഷട്ടറുകള്‍ സ്ഥാപിച്ചു.
കോസ്റ്റ് ഫോര്‍ഡ് ആയിരുന്നു നിര്‍മാണം. എന്നാല്‍, വേഗത്തില്‍ പണി തീര്‍ക്കാന്‍ പാലത്തിന്റെ അരികിലുണ്ടായിരുന്ന സ്ലോട്ടുകളില്‍ ഷട്ടറുകള്‍ സ്ഥാപിച്ചതാണ് ചോര്‍ച്ച വരാന്‍ കാരണമെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഷട്ടറുകള്‍ക്ക് അടിയിലൂടേയും അരികിലൂടേയും ഉപ്പുവെള്ളം കയറാന്‍ തുടങ്ങിയതോടെ പ്രശ്നപരിഹാരത്തിന് വര്‍ഷം തോറും മണ്ണിട്ട് അടക്കേണ്ട അവസ്ഥയിലായി.
ഓരോ വര്‍ഷവും ഒക്ടോബര്‍ അവസാനത്തോടേയോ നവംബര്‍ ആദ്യവാരത്തിലോ കെട്ടുചിറ കെട്ടിയാല്‍ മാത്രമേ ഈ പഞ്ചായത്തുകളിലെ കൃഷി ആരംഭിക്കാന്‍ സാധിക്കൂ.
ഇപ്പോള്‍ പടിയൂര്‍ പഞ്ചായത്താണ് കെട്ടുചിറ മണ്ണിട്ട് ഉപ്പുവെള്ള ഭീഷണി ഒഴിവാക്കുന്നത്. മാത്രമല്ല, വെള്ളം കൂടുന്ന സമയത്ത് മണ്ണ് നീക്കി ഷട്ടര്‍ ഉയര്‍ത്തി വേണം വെള്ളം ഒഴുക്കിക്കളയാന്‍. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത്, പടിയൂര്‍, പൂമംഗലം പഞ്ചായത്തുകള്‍ എന്നിവ സംയുക്തമായി 5.19 കോടി രൂപ ചെലവഴിച്ച് പുതിയ സ്ലൂയിസ് കം ബ്രിഡ്ജ് നിര്‍മിക്കാന്‍ തീരുമാനിച്ചു.
ഒമ്പത് ഷട്ടറുകളും ഏഴര മീറ്റര്‍ വീതിയിലുള്ള റോഡുമാണ് ഇതിനായി രൂപകൽപന ചെയ്തിരിക്കുന്നത്. ഈ പദ്ധതിക്ക് അനുമതി ലഭിച്ചാല്‍ ടെൻഡര്‍ അടക്കമുള്ള തുടര്‍ നടപടികളിലേക്ക് കടക്കാമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.