പത്രവിതരണം, ട്യൂഷൻ ടീച്ചർ, പിന്നെ പഠനം; അഭിവന്ദനയുടെ വിജയത്തിന് പത്തരമാറ്റ് തിളക്കം
text_fieldsവാടാനപ്പള്ളി: വാടാനപ്പള്ളി ഭഗവതി ക്ഷേത്രത്തിന് വടക്ക് ആലത്തി വീട്ടിൽ ശശികുമാർ-ലിജി ദമ്പതിയുടെ മകൾ അഭിവന്ദനയുടെ പ്ലസ് വിജയത്തിന് ഇരട്ടി മധുരം. പഠനത്തിനും അത്യാവശ്യം സ്വന്തം െചലവിനുമുള്ള പണത്തിന് അഭിവന്ദനക്ക് വീട്ടുകാരെ ആശ്രയിക്കേണ്ട ആവശ്യമില്ല. അതിരാവിലെ പത്രവിതരണം, പിന്നെ പഠനം, അത് കഴിഞ്ഞ് ട്യൂഷൻ ടീച്ചർ... ഇങ്ങനെയെല്ലാം വരുമാനമുണ്ടാക്കുന്ന മിടുക്കിയാണ് കണ്ടശ്ശാംകടവ് പ്രഫ. ജോസഫ് മുണ്ടശ്ശേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ അഭിവന്ദന.
അതിരാവിലെ എഴുന്നേൽക്കുന്ന അഭിവന്ദന പത്രം വിതരണം ചെയ്യുന്നത് സ്വന്തം സൈക്കിളിൽ. ആറോടെ വാടാനപ്പള്ളി സെൻററിൽ എത്തി വിവിധ പത്രകെട്ടുകൾ എടുത്ത ശേഷം മഴയും മഞ്ഞും വകവെക്കാതെ വീടുകൾ കയറി വിതരണം. വിതരണം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം കുളിയും ചായ കുടിയും. പിന്നെ പഠിപ്പിൽ മുഴുകും. അത് കഴിഞ്ഞാണ് ട്യൂഷനെടുക്കുന്നത്. കുട്ടികളുടെ വീട്ടിൽ പോയും വീട്ടിലും പിന്നെ ഓൺലൈൻ വഴിയുമാണ് അഭിവന്ദന പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർഥികൾക്കായി ട്യൂഷൻ എടുക്കുന്നത്.
പ്ലസ് ടുവിൽ ഹ്യുമാനിറ്റിസ് വിഷയമായിരുന്നു അഭിനന്ദനയുടേത്. എല്ലാ വിഷയങ്ങളിലും എ പ്ലസാണ് ലഭിച്ചത്. 97 ശതമാനം മാർക്കോടെയായിരുന്നു ഉപരിപഠനത്തിന് യോഗ്യത നേടിയത്. പഠനത്തോടൊപ്പം സഹോദരി അഭിഷേകയെ പോലെ ചിത്രരചനയിലും കഴിവ് തെളിയിച്ചിട്ടുണ്ട്. ഡിഗ്രിക്ക് പോകുമെന്ന് അറിയിച്ച അഭിവന്ദന ഡിവിൽ സർവിസ് പരീക്ഷ എഴുതാനുള്ള ശ്രമത്തിലാണ്. പഠനത്തോടൊപ്പം പത്രവിതരണവും തുടരുമെന്ന് പറഞ്ഞു. പിതാവ് ഖത്തറിൽ ഡ്രൈവറാണ്. അമ്മ ലിജി വീട്ടിൽ തയ്യൽ പണി ചെയ്യുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.