വിരമിച്ചവർക്ക് ആനുകൂല്യങ്ങളില്ല; കാർഷിക സർവകലാശാലക്കെതിരെ സമരം തുടങ്ങുന്നു
text_fieldsതൃശൂർ: ആവശ്യത്തിന് ഫണ്ടുണ്ടായിട്ടും വിരമിച്ചവർക്ക് നാല് വര്‍ഷമായി വിരമിക്കൽ ആനുകൂല്യങ്ങളും സര്‍ക്കാര്‍ അനുവദിച്ച ഡി.ആര്/പെന്ഷന് പരിഷ്കരണ കുടിശികയും യു.ജി.സി പെന്ഷന് കുടിശികയും നല്‍കാത്ത കേരള കാർഷിക സര്‍വകലാശാലയുടെ നിലപാടില്‍ പ്രതിഷേധിച്ച് സമരം തുടങ്ങുമെന്ന് ‘യൂനിവേഴ്സിറ്റി പെന്‍ഷനേഴ്സ് ഫോറം കെ.എ.യു’ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു. 2018-19 മുതല്‍ സര്‍ക്കാര്‍ നല്കിയ തുക പെന്ഷന് ആനുകൂല്യങ്ങള്‍ നല്‍കാതെ വിവിധ ഫണ്ടുകളില്‍ സ്ഥിര നിക്ഷേപം നടത്തുകയാണ് ചെയ്തത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി നിരവധി നിവേദനം നല്‍കിയിട്ടും പ്രതികരിക്കാന്‍ ഇപ്പോഴത്തെ വൈസ് ചാന്‍സലറും ബന്ധപ്പെട്ട അധികാരികളും തയാറാവുന്നില്ല. ഇതിനിടെ വന്‍തോതില്‍ പദ്ധതിയേതര ഫണ്ട് ധൂര്‍ത്തടിച്ച് ബിരുദദാന ചടങ്ങ് ഉള്‍പ്പെടെ നടത്തിയത് പെന്‍ഷന്‍കാരെ അപമാനിക്കലാണ്.
ഇത്തരം വിഷയങ്ങൾ തിരുത്താനും ബന്ധപ്പെട്ടവരുടെ പരാതി കേള്‍ക്കാനും തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി സര്‍വകലാശാലയില്‍ ഇല്ലാതായിട്ട് അഞ്ച് വര്‍ഷത്തോളമായി. ഭരണസമിതി തെരഞ്ഞെടുപ്പ് നടത്താന്‍ സീനിയര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് കൂടിയായ ഇപ്പോഴത്തെ വൈസ് ചാന്‍സലര്‍ തയാറാകുന്നില്ല. സംസ്ഥാന മന്ത്രിസഭയിലെ പ്രമുഖനായ ഒരു മന്ത്രി നിലവിലുള്ള ഭരണസമിതിയില്‍ അംഗമാണെങ്കിലും അദ്ദേഹത്തെയും അവഗണിക്കുന്ന സമീപനമാണ് വി.സി കൈക്കൊള്ളുന്നത്.
ഈ സാഹചര്യത്തില്‍ പെന്ഷന് കുടിശിക, വിരമിക്കൽ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായ ഫണ്ട് ഉപയോഗിച്ച് അടിയന്തിരമായി വിതരണം ചെയ്യുക, 2017-‘18 മുതല്‍ പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെ നല്കാന് സര്‍ക്കാര്‍ നല്കിയ ഫണ്ട് പെന്‍ഷന്‍കാര്‍ക്ക് നല്‍കാതെ വകമാറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, സര്‍വകലാശാല ഭരണം ജനാധിപത്യ രീതിയില്‍ നടത്താന്‍ സാധ്യമാകുന്ന രീതിയില്‍ ഭരണസമിതി രൂപവത്കരിക്കാന്‍ തയാറാവുക താഴെപ്പറയുന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം നടത്താന്‍ സംഘടനയുടെ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി പ്രസിഡന്റ് ഡോ. രഞ്ജന്‍ എസ്. കരിപ്പായി, സെക്രട്ടറി വി.എസ്. സത്യശീലന് എന്നിവര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.