ഉദ്ഘാടനം കഴിഞ്ഞ പദ്ധതികൾ തുറന്നു കൊടുത്തില്ലെങ്കിൽ കേന്ദ്ര സഹായമില്ല -കേന്ദ്ര മന്ത്രി
text_fieldsഗുരുവായൂർ: കേന്ദ്ര പദ്ധതിയിൽ നിർമിച്ച് ഉദ്ഘാടനം കഴിഞ്ഞ ശേഷം അടച്ചിട്ടിരിക്കുന്ന സ്ഥാപനങ്ങൾ തുറന്നില്ലെങ്കിൽ ഭാവിയിൽ നഗര വികസനത്തിനുള്ള കേന്ദ്ര ഫണ്ട് ഗുരുവായൂരിന് നൽകാതിരിക്കുന്ന കാര്യം പരിഗണിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി അശ്വിനി കുമാർ ചൗബേ. തീർഥാടക നഗര വികസനത്തിനുള്ള കേന്ദ്ര പദ്ധതിയായ പ്രസാദിൽ നിർമിച്ച് പൂട്ടിയിട്ടിരിക്കുന്ന ഫെസിലിറ്റി സെന്ററും അമിനിറ്റി സെന്ററും തുറന്നുകൊടുക്കാത്തതിനെതിരെയാണ് മന്ത്രി വാർത്തസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകിയത്. ഫെസിലിറ്റേഷൻ സെന്റർ 2020 നവംബർ നാലിനും അമിനിറ്റി സെന്റർ 2021 ഫെബ്രുവരി 21നും ഉദ്ഘാടനം ചെയ്തതാണ്.
രണ്ടും ഇതുവരെ തുറന്നു നൽകിയിട്ടില്ല. നഗരസഭ സെക്രട്ടറി ബീന എസ്. കുമാറിനെ വിളിച്ച് താൻ വിശദീകരണം ചോദിച്ചുവെന്ന് മന്ത്രി പറഞ്ഞു. രണ്ടു മാസത്തിനകം എല്ലാം തുറക്കാമെന്നാണ് പറഞ്ഞത്.
അത് ചെയ്തില്ലെങ്കിൽ ഗുരുവായൂരിന് ഇനി കേന്ദ്ര ഫണ്ട് അനുവദിക്കുന്ന കാര്യം പുനഃപരിശോധിക്കും. ഫെസിലിറ്റേഷൻ സെന്റർ പൂട്ടിയിട്ടതു കാരണം സന്ദർശിക്കാനെത്തിയ തനിക്ക് ഏറെനേരം കാത്തുനിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു. കേന്ദ്ര സർക്കാർ കോടികൾ നൽകിയ സ്ഥാപനത്തിലേക്ക് കടക്കാൻ പോലും കഴിയാതെ മാലിന്യം കൂടിക്കിടക്കുന്ന അവസ്ഥയാണ്. കെട്ടിടം കൈമാറിക്കിട്ടാൻ വൈകിയെന്ന വാദത്തിനൊന്നും അടിസ്ഥാനമില്ല. ഉദ്ഘാടനം നടത്തുമ്പോൾ ഇതൊന്നും അറിയുമായിരുന്നില്ലേയെന്ന് മന്ത്രി ചോദിച്ചു.
ഗുരുവായൂർ നഗരസഭയുടെ നടപടികൾ അത്യന്തം ഖേദകരമാണ്. ഗുരുവായൂരിന് 100 കോടിയുടെ പ്രസാദ് പദ്ധതികളാണ് കേന്ദ്രം പരിഗണിച്ചത്.
ഇതിൽ 49 കോടിയുടെത് പൂർത്തിയായി. 51 കോടിയുടെ പദ്ധതികൾക്ക് വിശദമായ പദ്ധതി രേഖ ലഭിച്ചില്ല. അമൃത് പദ്ധതി 216 കോടിയുടേതാണ്. അമൃതിന്റെ രണ്ടാം ഘട്ടത്തിലും ഗുരുവായൂരിന് വിഹിതമുണ്ട്. കേന്ദ്ര സർക്കാർ സഹായത്തിൽ പണിതീർത്ത പദ്ധതികളിൽ കേന്ദ്ര സർക്കാറിന്റെ സഹായത്തെക്കുറിച്ച് എഴുതിവെക്കാനോ, പ്രധാനമന്ത്രിയുടെ ചിത്രം വെക്കാനോ നഗരസഭ തയാറായിട്ടില്ല. ബഫർസോൺ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ നിലപാട് ഇരട്ടത്താപ്പാണ്.
കോൺഗ്രസ് സർക്കാറിന്റെ കാലത്ത് കൊണ്ടുവന്ന നിയമങ്ങൾതന്നെയാണ് ഇക്കാര്യത്തിൽ നിലവിലുള്ളത്. ആദിവാസികൾക്കനുകൂലമായ നിലപാടാണ് ഈ വിഷയത്തിൽ കേന്ദ്രസർക്കാറിനുള്ളത്. കോടതി വിധിയെ ബഹുമാനിക്കുന്നു, അത് അംഗീകരിക്കുകയും ചെയ്യുന്നു. ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ സംസ്ഥാന സർക്കാറുകളുമായി ചർച്ച ചെയ്ത് കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ്, വൈസ് പ്രസിഡന്റ് അഡ്വ. ബി. ഗോപാലകൃഷ്ണൻ, ബി.ജെ.പി സംസ്ഥാന വക്താവ് അഡ്വ. നാരായണൻ നമ്പൂതിരി, കൗൺസിലർ ശോഭ ഹരിനാരായണൻ, കെ.കെ. അനീഷ്കുമാർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.