ആശ്വാസ തുരുത്തില്ല; ആശങ്കയില്ലാതില്ല
text_fieldsതൃശൂർ: യു.ഡി.എഫിനും എൽ.ഡി.എഫിനും അവരോട് ബലപരീക്ഷണത്തിന് ഇറങ്ങിയ എൻ.ഡി.എക്കും വോട്ടെടുപ്പ് കഴിഞ്ഞ ശേഷമുള്ള കണക്കുകൾ അത്ര ‘ദഹിക്കുന്നില്ല’. പോളിങ് സമയം ഏറെ വൈകിയതുകൊണ്ട് ബൂത്തുകൾ തിരിച്ചു കണക്ക് കിട്ടാൻ പ്രതീക്ഷിച്ചതിലും വൈകി.
അതുകൊണ്ട് ഇഴകീറിയുള്ള പാർട്ടി, മുന്നണിതല അവലോകനത്തിനും സമയമെടുക്കും. ജയിക്കുമെന്ന് മൂന്ന് കൂട്ടരും അവകാശപ്പെടുമ്പോഴും 2019നെ അപേക്ഷിച്ച് വോട്ടർമാർ ബൂത്തിൽ കുറഞ്ഞത് എങ്ങനെ നിർവചിക്കണമെന്ന് മൂന്ന് കൂട്ടർക്കും എളുപ്പത്തിൽ പറയാനാകുന്നില്ല. എങ്കിലും മൂവരും ഉറപ്പിച്ച് പറയുന്ന കാര്യമുണ്ട്; പാർട്ടികളുടെ, മുന്നണികളുടെ ഉറച്ച വോട്ടുകളെല്ലാം ചെയ്യിച്ചിട്ടുണ്ടെന്ന്.
2019ൽ 77.94 ശതമാനമായിരുന്നു തൃശൂർ ലോക്സഭ മണ്ഡലത്തിലെ പോളിങ്. ഇത്തവണ അത് 72.9. ശതമാനമായി കുറഞ്ഞു. പരിധിയിലുള്ള ഏഴ് നിയമസഭ മണ്ഡലത്തിലും ആനുപാതിക കുറവുണ്ട്. യു.ഡി.എഫിന് മുൻതൂക്കമുള്ള ഗുരുവായൂർ നിയമസഭ മണ്ഡലത്തിൽ 70.41 ശതമാനമാണ് പോളിങ്. 2019ൽ 74.36 ശതമാനം ഉണ്ടായിരുന്നു. യു.ഡി.എഫിനും പുതിയ സാഹചര്യത്തിൽ ബി.ജെ.പിക്കും പ്രതീക്ഷയുള്ള തൃശൂർ നിയമസഭ മണ്ഡലത്തിലും വോട്ട് കുറഞ്ഞു.
2019ൽ 74.52 ശതമാനം ഉണ്ടായിരുന്നത് ഇപ്പോൾ 69.67 ആയാണ് ഇടിഞ്ഞത്. ഈ പ്രശ്നം എൽ.ഡി.എഫും നേരിടുന്നുണ്ട്. പുതുക്കാട്ടെ പോളിങ് ശതമാനം 81.71ൽനിന്ന് 76.74ലേക്ക് കുറഞ്ഞിരിക്കുന്നത്. ബി.ജെ.പി ക്രമേണ ശക്തിയാർജിക്കുന്ന മണ്ഡലമാണിത്. എൽ.ഡി.എഫിന് ശക്തിയുള്ള, ബി.ജെ.പി അടിത്തറയുണ്ടാക്കാൻ ശ്രമിക്കുന്ന നാട്ടികയിലും ഇതേ പ്രശ്നമുണ്ട്. 2019ലെ 77.56ൽനിന്ന് 72.97ലേക്ക് പോളിങ് ശതമാനം കുറഞ്ഞു.
എൽ.ഡി.എഫ് പരിപാലിച്ചു വരുന്ന ഒല്ലൂരിൽ 73.43 ശതമാനമാണ് ഇത്തവണത്തെ പോളിങ്. 2019ൽ ഇത് 79.76 ആയിരുന്നത്. മണലൂരും എൽ.ഡി.എഫിന് മേൽക്കോയ്മയുള്ളതാണ്. അവിടെയും ഇത്തവണ വോട്ടർമാർ കുറവാണ് എത്തിയത്. 77.96ൽനിന്ന് 73.04 ആയി.
ഇരിങ്ങാലക്കുട മണ്ഡലം യു.ഡി.എഫിനും എൽ.ഡി.എഫിനും ഒരുപോലെ ശക്തിയുള്ളതാണ്. കരുവന്നൂർ ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തിൽ ബി.ജെ.പി സ്വാധീനമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. അവിടെ 73.9 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 78.82 ശതമാനം ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.