പുറത്തുനിന്നുള്ളവർ സ്ഥാനാർഥിക്കുപ്പായം തയ്പിക്കേണ്ട -ഡി.സി.സി നേതൃയോഗം
text_fieldsതൃശൂർ: ലോക്സഭ തെരഞ്ഞെടുപ്പിൽ ജില്ലക്ക് പുറത്തുനിന്നുള്ളവരെ അനുവദിക്കില്ലെന്നും അതിനായി കുപ്പായം തയ്ച്ച് ആരും വരേണ്ടതില്ലെന്നും ഡി.സി.സി നേതൃയോഗത്തിൽ അഭിപ്രായം. ഡി.സി.സി ഭാരവാഹികളുടെയും ബ്ലോക്ക് പ്രസിഡന്റുമാരുടെയും യോഗത്തിലാണ് അഭിപ്രായമുയർന്നത്. പകുതി പ്രദേശം ജില്ലയിൽ ഉൾപ്പെട്ട ചാലക്കുടിയിലും ആലത്തൂരിലും ജില്ലക്ക് പുറത്തുനിന്നുള്ളവരാണ് സ്ഥാനാർഥിയാവുക.
പിന്നെയുള്ളത് തൃശൂർ മാത്രമാണ്. അവിടെയും ജില്ലക്ക് പുറത്തുനിന്നുള്ളവരെ മത്സരിപ്പിക്കുന്നത് അംഗീകരിക്കില്ല. ജില്ലയിൽ കഴിവുള്ളവരും ജനബന്ധമുള്ളവരും സജീവമായി പ്രവർത്തിക്കുന്നവരും ഏറെയുണ്ടെന്നും അവരുടെ അവസരം നിഷേധിക്കുന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും നേതാക്കൾ തുറന്നടിച്ചു.
എം.പിയെന്ന നിലയിൽ മികച്ച പ്രവർത്തനം ടി.എൻ. പ്രതാപൻ നടത്തിയിട്ടുണ്ട്. അത് ജനങ്ങളിലെത്തിക്കണം. അതിനുള്ള രേഖകൾ തയാറാക്കണം. ടി.എൻ. പ്രതാപൻ തന്നെ വീണ്ടും മത്സരിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു. പ്രതാപൻ മത്സരിക്കുന്നില്ലെങ്കിൽ ജില്ലയിൽനിന്നുള്ളവരെ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു.
വി.ടി. ബൽറാം മുതൽ ശശി തരൂർ വരെയുള്ളവരുടെ പേരുകൾ തൃശൂരുമായി ചേർത്ത് ഉയരുന്നത് പരാമർശിച്ചാണ് യോഗത്തിൽ ചർച്ച നടന്നത്. അഭിപ്രായം കെ.പി.സി.സി നേതൃത്വത്തെ അറിയിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ യോഗത്തിൽ അറിയിച്ചു. യു.ഡി.എഫ് ചെയർമാൻ എം.പി. വിൻസെന്റ്, പി.എ. മാധവൻ, ഒ. അബ്ദുറഹിമാൻകുട്ടി, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.